യുഎസിലെ മിഷിഗണിലുള്ള ഒരു റെസ്‌റ്ററന്റില്‍ എത്തിയ ആള്‍ 10000 ഡോളര്‍ (ഏകദേശം 8.2 ലക്ഷം രൂപ) ടിപ് ആയി നല്‍കിയിരിക്കുകയാണ്. ബെന്റണ്‍ ഹാര്‍ബറിലെ മേസണ്‍ ജാര്‍ കഫെയില്‍ ഫെബ്രുവരി അഞ്ചിന് ഡിന്നറിനെത്തിയ മാര്‍ക്ക് എന്ന ഉപഭോക്താവാണ് ഇത്രയും വലിയ തുക നല്‍കി ജീവനക്കാരെ ഞെട്ടിപ്പിച്ചിരിക്കുന്നതെന്ന് ഹില്‍ ഡോട്ട് കോം റിപ്പോര്‍ട്ടു ചെയ്തു. 2691 രൂപയുടെ മാത്രം ഭക്ഷണം കഴിച്ചിട്ടാണ് ഇയാള്‍ ഇത്രയും വലിയ തുക ടിപ്പായി നല്‍കിയത്.
അടുത്തിടെ മരിച്ചുപോയ തന്റെ ആത്മാര്‍ത്ഥ സുഹൃത്തിന്റെ ഓര്‍മയ്ക്കായാണ് ഇത്ര വലിയ തുക ടിപ് ആയി നല്‍കുന്നതെന്ന് മാര്‍ക്ക് ഹോട്ടല്‍ ജീവനക്കാരെ അറിയിച്ചു. സുഹൃത്തിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ നഗരത്തില്‍ എത്തിയതാണ് താന്‍ എന്ന് മാര്‍ക്ക് പറഞ്ഞു. ''അടുത്തിടെ മരിച്ചു പോയ തന്റെ സുഹൃത്തിന്റെ സ്മരണയ്ക്കായാണ് തുക ടിപ് ആയി നല്‍കിയത്. സുഹൃത്തിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം നഗരത്തില്‍ എത്തിയത്,'' റസ്റ്ററന്റിലെ വെയിറ്റര്‍മാരിലൊരാളായ പൈജ് മുള്ളിക് പറഞ്ഞു.
advertisement
ടിപ് ലഭിച്ച തുക ഹോട്ടലിലെ ഒന്‍പത് ജീവനക്കാര്‍ തുല്യമായി വീതിച്ചെടുത്തു. ഓരോരുത്തര്‍ക്കും 1,100 ഡോളര്‍ (91,297) വീതം ലഭിച്ചു. തങ്ങളുടെ റെസ്‌റ്ററന്റില്‍ എത്തുന്നവര്‍ 100 ഡോളര്‍ വരെ ടിപ് നല്‍കുന്നത് പതിവ് കാര്യമാണെന്നും എന്നാല്‍ ഇത് അത്ഭുതകരമായ കാര്യമാണെന്നും മേസണ്‍ ജാര്‍ കഫേ മാനേജര്‍ ടിം സ്വീനി പറഞ്ഞു. മാര്‍ക്കിന്റെ പ്രവര്‍ത്തിയില്‍ റസ്റ്ററന്റിലെ ജീവനക്കാര്‍ വികാരാധീനരായെന്നും അദ്ദേഹം വെളിപ്പെടുത്തി. നമുക്ക് എപ്പോള്‍ വേണമെങ്കിലും മറ്റുള്ളവർക്ക് സഹായം നല്‍കാനും അവരുടെ ജീവിതം മാറ്റിമറിക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.