1980ല്‍ പുറത്തിറങ്ങിയ Friday the 13th എന്ന ചിത്രമാണ് ഈ അന്ധവിശ്വാസത്തിന് കരുത്തേകിയതെന്ന് ചിലര്‍ വാദിക്കുന്നു. ചിത്രത്തില്‍ ഒരു ക്യാമ്പ് പാചകക്കാരന്റെ കുട്ടി അമ്മയുടെ വിയോഗത്തിന് ശേഷം ഒരു കൊലപാതകിയായി മാറുന്നു. പിന്നീട് അയാള്‍ കുപ്രസിദ്ധനായ ഒരു കുറ്റവാളിയായി മാറുന്നതും മറ്റുമാണ് ചിത്രത്തിന്റെ പ്രമേയം. ഇപ്പോഴിതാ സെപ്റ്റംബറിലെ വെള്ളിയാഴ്ചയും 13-ാം തീയതിയും ഒന്നിച്ച് വന്നത് ഓര്‍മ്മിപ്പിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിടുകയാണ്.
'ഇന്നാണ് 13-ാം തീയതി വെള്ളിയാഴ്ച. ഞാന്‍ ഈ വേഷം ധരിച്ച് തെരുവിലിറങ്ങി ആളുകളെ പേടിപ്പിക്കട്ടേ?,' എന്നാണ് ഒരാള്‍ friday 13th ലെ നായകന്റെ വേഷത്തിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചത്. ക്രിസ്ത്യന്‍ വിശ്വാസ പ്രമാണങ്ങളിലും വെള്ളിയാഴ്ചയെ നിര്‍ഭാഗ്യകരമായ ദിവസമായാണ് കണക്കാക്കുന്നത്. ക്രിസ്തു കുരിശുമരണം വരിച്ചത് ഒരു വെള്ളിയാഴ്ചയായിരുന്നുവെന്നാണ് വിശ്വാസം.
കൂടാതെ തിരുവത്താഴത്തില്‍ പങ്കെടുത്ത 13-ാമത്തെ അംഗമായിരുന്നു ക്രിസ്തുവിനെ ഒറ്റികൊടുത്ത യൂദാസ് എന്നും പറയപ്പെടുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് വെള്ളിയാഴ്ചയെ നിര്‍ഭാഗ്യ ദിനമായി പലരും കണക്കാക്കുന്നു. അതേസമയം വെള്ളിയാഴ്ചയും 13 എന്ന സംഖ്യയും ലോകത്തെമ്പാടുമുള്ള വിവിധ സംസ്‌കാരങ്ങള്‍ നിര്‍ഭാഗ്യവുമായി ബന്ധപ്പെടുത്തി കണ്ടിട്ടുണ്ട് എന്നതാണ് യാഥാര്‍ഥ്യം. സ്‌കാന്‍ഡിനേവിയന്‍ പുരാണങ്ങളിലാണ് 13 എന്ന സംഖ്യയുമായി ബന്ധപ്പെട്ട അന്ധവിശ്വാസത്തിന്റെ ഉദ്ഭവമെന്ന് 'എക്‌സ്ട്രാ ഓര്‍ഡിനറി ഒറിജിന്‍ ഓഫ് എവരിഡേ തിങ്‌സ്' എന്ന പുസ്തകത്തില്‍ ചാള്‍സ് പനാറ്റി വിശദീകരിക്കുന്നു.
എന്നാല്‍, 13-ാം തീയതിയും വെള്ളിയാഴ്ചയും ചേര്‍ന്നു വരുന്ന ദിവസം നിര്‍ഭാഗ്യകരമായി കാണാന്‍ തുടങ്ങിയത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. വിക്‌റ്റോറിയന്‍ കാലഘട്ടത്തില്‍ സൃഷ്ടിക്കപ്പെട്ട ഒരു അന്ധവിശ്വാസമാണ് ഇതെന്ന് 'ദി പെന്‍ഗ്വിന്‍ ഗൈഡ് റ്റു ദി സൂപ്പര്‍സ്റ്റീഷ്യന്‍സ് ഓഫ് ബ്രിട്ടണ്‍ ആന്‍ഡ് അയര്‍ലന്‍ഡ്' എന്ന പുസ്തകത്തില്‍ സ്റ്റീവ് റൗഡ് വിശദീകരിക്കുന്നു.
