TRENDING:

‘കണ്ണൂര്‍ സ്ക്വാഡിനു നന്ദി; അച്ഛന്റെ കണ്ണുകളിൽ നഷ്ടപെട്ട ആ തെളിച്ചം ഒന്നൂടി കാണാൻ പറ്റിയതിന്'; ഹൃദയഹാരിയായ കുറിപ്പ്

Last Updated:

അമ്മ മരിച്ചതിന് ശേഷം എന്തും നേരിടാനുള്ള ചങ്കൂറ്റം ഉണ്ടായിരുന്ന തന്റെ അച്ഛനെ നഷ്ടപ്പെടുകയായിരുന്നുവെന്നും സൗമ്യ പറ‍ഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
‘കണ്ണൂർ സ്ക്വാഡിൻ’ നന്ദി പറഞ്ഞുള്ള ഹൃദയഹാരിയായ കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ഡോക്ടർ സൗമ്യ സരിനാണ് ഫേസ്ബുക്കിൽ ചിത്രത്തിനു നന്ദിയറിയിച്ച് പോസ്റ്റ് പങ്കുവച്ചത്. മുൻ പൊലീസുകാരൻ കൂടിയായ അച്ഛനൊപ്പം തിയേറ്ററിൽ പോയി സിനിമ കണ്ട അനുഭവവും അതിനു ശേഷം അച്ഛനും വന്ന മാറ്റങ്ങളുമാണ് സൗമ്യ പോസ്റ്റിലൂടെ പറയാൻ ശ്രമിക്കുന്നത്. തന്‍റെ അച്ഛന്റെ മുഖത്തു കുറച്ചു നേരത്തേക്കെങ്കിലും ആ പഴയ ചിരിയും ആത്മവിശ്വാസവും ഒരു പൊടിക്ക് അഹങ്കാരവും കൊണ്ട് വരാൻ ചിത്രത്തിനു സാധിച്ചുവെന്ന് സൗമ്യ പറഞ്ഞു. തന്റെ അച്ഛൻ സാധ കോൺസ്റ്റബിൾ ആയിരുന്നുവെന്നും ക്രൈം ബ്രാഞ്ചിൽ നിന്ന് എസ് ഐ ആയാണ് വിരമിച്ചതെന്നും സൗമ്യ പറയുന്നു. എന്നാൽ അമ്മ മരിച്ചതിന് ശേഷം എന്തും നേരിടാനുള്ള ചങ്കൂറ്റം ഉണ്ടായിരുന്ന തന്റെ അച്ഛനെ നഷ്ടപ്പെടുകയായിരുന്നുവെന്നും സൗമ്യ പറ‍ഞ്ഞു.
advertisement

Also read-Mammootty | മമ്മൂട്ടിയുടെ പുതിയ ലുക്ക് കണ്ടോ; ഏതാ പുതിയ പടമെന്ന് തിരക്കി ആരാധകര്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

നന്ദി. കണ്ണൂർ സ്‌ക്വാഡിന്…

അറിയപ്പെടാതെ പോകുന്ന, വാഴ്ത്തപ്പെടാതെ പോകുന്ന, നൂറു കണക്കിന് സാധാ പോലീസുകാരുടെ കഥ പറഞ്ഞതിന്…അവരുടെ ദുരിതങ്ങൾ പറഞ്ഞതിന്…അതിലൊക്കെ ഉപരി എന്റെ അച്ഛന്റെ മുഖത്തു കുറച്ചു നേരത്തേക്കെങ്കിലും ആ പഴയ ചിരിയും ആത്മവിശ്വാസവും ഒരു പൊടിക്ക് അഹങ്കാരവും കൊണ്ട് വന്നതിന്…കാരണം ആ നൂറു കണക്കിന് പോലീസുകാരിൽ ഒരാൾ എന്റെ അച്ഛനായിരുന്നു.

advertisement

എന്റെ അച്ഛൻ ഒരു സാധാരണ പോലീസ് കോൺസ്റ്റബിൾ ആയിരുന്നു. 2013 ഇൽ ക്രൈം ബ്രാഞ്ചിൽ നിന്ന് എസ് ഐ ആയാണ് വിരമിച്ചത്. അച്ഛനെ ഒരിക്കലും ജീവിതത്തിൽ പതറി ഞാൻ കണ്ടിട്ടില്ല. എന്തും നേരിടാനുള്ള ഒരു ചങ്കൂറ്റം എന്നും അച്ഛൻ മനസ്സിൽ സൂക്ഷിച്ചിരുന്നു. 2021 ഇൽ അമ്മ പോകുന്ന വരെ. അമ്മ പോയ ശേഷം മനസ്സ് തുറന്നു ചിരിച്ചു അച്ഛനെ ഞാൻ കണ്ടിട്ടില്ല. പണ്ട് കണ്ണുകളിൽ ഉണ്ടായിരുന്ന ധൈര്യവും ആത്മവിശ്വാസവും ഒക്കെ ചോർന്ന പോലെ.

advertisement

എന്റെ അച്ഛന്റെ കണ്ണുകളിൽ നഷ്ടപെട്ട ആ തെളിച്ചം ഇന്നലെ ഞാൻ ഒന്നൂടി കണ്ടു. കണ്ണൂർ സ്‌ക്വാഡ് കണ്ടിറങ്ങിയപ്പോൾ.

“നിങ്ങളെക്കാളൊക്കെ എനിക്ക് അവരെ മനസ്സിലാക്കാൻ പറ്റും.” അതൊരു സാധാ പോലീസുകാരന്റെ മനസ്സിൽ നിന്ന് വന്ന വാക്കുകൾ ആയിരുന്നു.

വെറും 21 വയസ്സിൽ തുടങ്ങിയതാണ് എന്റെ അച്ഛന്റെ പോലീസ് ജീവിതം. മണ്ണാർക്കാട്ടെ ഒരു സാധാരണ കർഷക കുടുംബത്തിൽ ആണ് അച്ഛൻ ജനിച്ചത്. ഒരു ഗവണ്മെന്റ് ജോലി എന്ന ലക്ഷ്യത്തിൽ ആണ് പോലീസിൽ ചേരാൻ പോയതത്രെ. ആദ്യത്തെ ഫിസിക്കൽ ടെസ്റ്റിൽ അച്ഛൻ പരാജയപെട്ടു. സഹായിക്കാനോ എന്ത് ചെയ്യണമെന്ന് ഉപദേശിക്കാനോ കഴിവുള്ള ആരും ഉണ്ടായിരുന്നില്ല വീട്ടിൽ. തൊടിയിലുള്ള മാവിന്റെ കൊമ്പിൽ കയർ കെട്ടി ദിവസവും റോപ്പ് ക്ലൈംബിങ് ഒക്കെ സ്വന്തമായി ചെയ്ത് ചെയ്ത് സ്വയം പാകപ്പെടുത്തിയാണ് അച്ഛൻ രണ്ടാമത്തെ ടെസ്റ്റ് പാസായത്.

advertisement

പോലീസിൽ സെലെക്ഷൻ കിട്ടി ചേരാൻ പോകാൻ കയ്യിൽ പണം ഇല്ലായിരുന്നു. ബന്ധത്തിലുള്ള ഒരു അമ്മായിയുടെ കയ്യിൽ നിന്ന് പണം കടം വാങ്ങിയാണ് അച്ഛൻ പൊലീസിൽ ചേർന്നത്. ജീവിതത്തിൽ ഞാനും അനിയനുമൊക്കെ മടി കാണിക്കുമ്പോൾ ഒരു നൂറു തവണ എങ്കിലും അച്ഛൻ ഈ കഥ പറഞ്ഞിട്ടുണ്ട്.

ചെറുപ്പത്തിൽ അച്ഛൻ എന്റെ ഹീറോ ആയിരുന്നു. പോലീസിൽ ആയിരുന്നത് കൊണ്ട് തന്നെ അച്ഛനോട് എല്ലാർക്കും ചെറിയൊരു പേടി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് ലേശം അഹങ്കാരവും! അച്ഛന് ആരെയും ഭയമുണ്ടായിരുന്നില്ല. മുൻശുണ്ഠിയും ലേശം അധികം ആയിരുന്നു. മേലുദ്യോഗസ്ഥന്മാരായാലും പറയാനുള്ളത് അച്ഛൻ മുഖത്തു നോക്കി പറയുമായിരുന്നു. അതുകൊണ്ട് തന്നെ അത് അച്ഛന്റെ ജോലിയിലും ആവശ്യത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. ” ആരെടാ എന്ന്‌ ചോദിച്ചാൽ ഞാനെടാ എന്ന്‌ പറയണം ” എന്നാണ് ചെറുപ്പം മുതൽ അച്ഛൻ ഞങ്ങളെ രണ്ടു പേരെയും പഠിപ്പിച്ചത്.

advertisement

പക്ഷെ ചെറുപ്പത്തിൽ തോന്നിയ ആരാധനയൊക്കെ ഏതൊരു മക്കളെയും പോലെ വലുതായപ്പോ മാഞ്ഞുപോയി. അച്ഛൻ പറയാറുള്ള വീരസാഹസിക കഥകളൊക്കെ ഞങ്ങൾ കളിയാക്കാൻ തുടങ്ങി. അച്ഛൻ അതൊക്കെ പറയാതെയും ആയി. പോലീസ് ഹീറോകളായി ഭരത് ചന്ദ്രൻ ഐ പി എസ്സി നെയും ഇൻസ്‌പെക്ടർ ബൽറാമിനെയുമൊക്കെ പ്രതിഷ്ഠിച്ച ഞങ്ങളുടെ മനസ്സിൽ അച്ഛൻ പറഞ്ഞ ഈ സാഹസിക കഥകൾ ഒന്നും അല്ലായിരുന്നു. “ഇതൊക്കെ എന്ത്” എന്ന ചിന്ത!

ഒരു ഇരട്ടകൊലപാതകത്തിലെ ആറു പ്രതികളെ ഷാഡോ പോലീസ് ആയി പിടിച്ചതും മറ്റൊരു കൊലപാതക കേസിലെ പിടികിട്ടാപുള്ളിയെ വർഷങ്ങൾക്ക് ശേഷം അയാൾ വേഷം മാറി ചായക്കട നടത്തിയിരുന്ന ഷോളയൂരിൽ വെച്ച് ഒറ്റക്ക് പോയി പിടിച്ചതും ആ പ്രതിയെ കൊണ്ട് തനിച്ചു 8 കിലോമീറ്ററോളം നടന്നു അടിവാരത്തു എത്തിയതും ഒക്കെ അച്ഛൻ അഭിമാനത്തോടെ സ്ഥിരമായി ഞങ്ങളോട് പറഞ്ഞിരുന്ന കഥകൾ ആയിരുന്നു.

അച്ഛൻ പറയുമായിരുന്നു, ഈ കൊലക്കേസ് പ്രതികളെ ഒക്കെ പിടിക്കുമ്പോഴും അവരുമായി വരുമ്പോഴുമൊക്കെ വെറും ലാത്തി ആയിരുന്നു കയ്യിൽ ഉണ്ടായിരുന്നത് എന്ന്. പിന്നേ ഉണ്ടായിരുന്ന ആയുധം ധൈര്യം മാത്രമായിരുന്നു എന്ന്…

കാക്കി യൂണിഫോം ഹീറോകളുടെ തകർപ്പൻ ഡയലോഗുകളും അടിപൊളി തോക്കുകളും ആക്ഷനും ഒക്കെ കണ്ടു് ശീലിച്ച നമുക്കുണ്ടോ ഇതൊക്കെ മനസ്സിലാകുന്നു!

പക്ഷെ ‘ഉണ്ട’യും ‘കണ്ണൂർ സ്ക്വാഡു’മൊക്കെ നമ്മുടെ ചിന്തകൾ മാറ്റിയെഴുതുകയാണ്. യഥാർത്ഥ പോലീസ് ഹീറോകളെ കാണിച്ചു തരികയാണ്. അവരുടെ കഷ്ടപ്പാടുകളും നൊമ്പരങ്ങളും ആത്മവ്യഥകളും നമ്മുടെ കൂടിയാവുകയാണ്.

നന്ദി. ഒരിക്കൽ കൂടി.

സിനിമകൾ കാണാൻ വളരെ ഇഷ്ടപ്പെട്ടിരുന്ന എന്റെ അച്ഛൻ അമ്മ പോയ ശേഷം ആ പതിവ് നിർത്തി. നിർബന്ധിച്ചാണ് ഈ സിനിമക്ക് കൊണ്ട് പോയത്.

സിനിമ കഴിഞ്ഞപ്പോൾ ഞാൻ കണ്ടത് എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്ന അച്ഛനെയാണ്..

ഇന്ന് രാവിലെ വെറുതെ ഞാൻ അച്ഛനോട് ചോദിച്ചു.

” അച്ഛാ, ആ വിയ്യൂർ കൊലക്കേസ് പ്രതിയെ പിടിക്കുമ്പോ അച്ഛൻ ഏത് സ്റ്റേഷനിൽ ആയിരുന്നു? “

” എന്റെ മോളെ, അതൊന്നും പറയണ്ട. ഞാൻ അഗളി സ്റ്റേഷനിൽ ആയിരുന്നു. അന്ന് ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങിയപ്പോഴാണ് ഇൻഫൊർമേർ വിളിക്കുന്നത്. അവനൊരു സംശയം. ഷോളയൂർ ചായക്കട നടത്തുന്ന ഒരുത്തൻ ഈ പ്രതി ആണോയെന്ന്…പിന്നെ നോക്കാം എന്ന്‌ വെച്ചാൽ അവൻ ചിലപ്പോ രക്ഷപെടും. അച്ഛൻ രണ്ടും കല്പിച്ചു ഇറങ്ങി…”

പണ്ട് പറഞ്ഞിരുന്ന അതെ ആവേശത്തോടെ അച്ഛൻ കഥ തുടങ്ങി…

കേൾക്കാൻ ഞാനും!

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

(ആ ഗ്രൂപ്പ് ഫോട്ടോ യഥാർത്ഥ കണ്ണൂർ സ്‌ക്വാഡിന്റെതാണ്. സല്യൂട്ട്!)

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
‘കണ്ണൂര്‍ സ്ക്വാഡിനു നന്ദി; അച്ഛന്റെ കണ്ണുകളിൽ നഷ്ടപെട്ട ആ തെളിച്ചം ഒന്നൂടി കാണാൻ പറ്റിയതിന്'; ഹൃദയഹാരിയായ കുറിപ്പ്
Open in App
Home
Video
Impact Shorts
Web Stories