ലോക്ക്ഡൗണ്‍ സമയത്ത് ഗ്രാമത്തിലെ കുട്ടികള്‍ കളിക്കാന്‍ ഒരുപാട് സമയം ചെലവഴിക്കുന്നത് കണ്ടപ്പോള്‍, സ്‌കൂളില്‍ പഠിപ്പിച്ച പാഠങ്ങള്‍ സ്വയം മറക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് മനസിലാക്കിയതോടെയാണ് ഖുന്തിയിലെ ചന്ദപ്പാറ ഗ്രാമത്തിലുള്ള ദീപിക മിന്‍സ് എന്ന ഏഴാം ക്ലാസുകാരി ചെറിയ കുട്ടികള്‍ക്ക് പാഠങ്ങള്‍ പഠിപ്പിച്ച് നല്‍കിയാലോ എന്ന് ആലോചിക്കുന്നത്. ചെറിയ കുട്ടികള്‍ തീര്‍ച്ചയായും അവര്‍ പഠിച്ചതെല്ലാം പെട്ടെന്ന് മറന്ന് പോകും. ഇതുണ്ടാകാതിരിക്കാനാണ് നേരത്തെ പഠിച്ചതെല്ലാം ഓര്‍മ്മിക്കുക എന്ന ഉദ്ദേശ്യത്തോടെ, ദീപിക തന്റെ വീട്ടു മുറ്റത്ത് അയല്‍വാസികളായ രണ്ട് കുട്ടികളെ പഠിപ്പിക്കാന്‍ തുടങ്ങിയത്.
advertisement
ഗ്രാമത്തിലെ കൂടുതല്‍ മാതാപിതാക്കള്‍ ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞതോടെ അവരുടെ മക്കളെയും ദീപികയുടെ ക്ലാസുകളിലേക്ക് അയയ്ക്കാന്‍ തുടങ്ങി. താമസിയാതെ ദീപികയ്ക്ക് 20 ലധികം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടി വന്നു. വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടാന്‍ തുടങ്ങിയപ്പോള്‍, ദീപികയുടെ സുഹൃത്തും അവളോടൊപ്പം ചേര്‍ന്നു. അവര്‍ ക്ലാസ് ഗ്രാമത്തിലെ ഒരു മരച്ചുവട്ടിലേയ്ക്ക് മാറ്റി.
ദീപികയുടെ ശ്രമങ്ങള്‍ കണ്ടതോടെ ഗ്രാമസഭ ഒരു മീറ്റിംഗ് വിളിക്കുകയും ദീപിക ഉള്‍പ്പെടെ ഉയര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്കായി സമാനമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മധു മിന്‍സും ഇംഗ്ലീഷ് ഹോണേഴ്‌സില്‍ ബിരുദം നേടിയ ലില്ലി സ്‌നേഹ ലക്രയും മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ സന്നദ്ധരായി.
മധു, ലില്ലി എന്നിവര്‍ക്ക് പഠന സാമഗ്രികള്‍ നല്‍കിയിട്ടുണ്ടെന്നും അവര്‍ വിദ്യാര്‍ത്ഥികളെ അവരുടെ സൗകര്യത്തിനനുസരിച്ച് സൗജന്യമായി പഠിപ്പിക്കുമെന്നും ഗ്രാമസഭാ സെക്രട്ടറി അമിത് കിസ്‌പോട്ട വ്യക്തമാക്കി. ഇപ്പോള്‍ ഒരു പഴയ സ്‌കൂള്‍ കെട്ടിടത്തില്‍ രാവിലെ ദീപിക കുട്ടികളെ പഠിപ്പിക്കുകയും പിന്നീട് സന്നദ്ധപ്രവര്‍ത്തകര്‍ നടത്തുന്ന ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്യും. നൂറിലധികം വിദ്യാര്‍ത്ഥികള്‍ നിലവില്‍ ഈ ക്രമീകരണത്തിലാണ് പഠിക്കുന്നത്.
അദ്ധ്യാപനത്തോട് താല്‍പര്യമുണ്ടെങ്കിലും ജനങ്ങള്‍ക്ക് വേണ്ടി നല്ല പ്രവര്‍ത്തനം നടത്താന്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥയാകാനാണ് തനിയ്ക്ക് താത്പര്യമെന്ന് ദീപിക പറയുന്നു. പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരും നിരാശരായപ്പോള്‍ മാതാപിതാക്കള്‍ക്കിടയില്‍ പ്രതീക്ഷ കിരണമാകാന്‍ തന്റെ മകള്‍ക്ക് കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായി ദീപികയുടെ പിതാവ് അലോക് മിന്‍സ് പറഞ്ഞു. തീര്‍ത്തും ഗ്രാമീണ മേഖല ആയതിനാല്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇവിടെ പ്രായോഗികമല്ല, എന്നാല്‍ ദീപിക സ്വീകരിച്ച പുതിയ മാര്‍ഗത്തിലൂടെ ഈ ഗ്രാമത്തിലെ കുട്ടികളും വീണ്ടും പഠനത്തിലേയ്ക്ക് മടങ്ങാന്‍ തുടങ്ങി.
