ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസറായ സുശാന്ത നന്ദ ഷെയര്‍ ചെയ്ത ആനക്കുട്ടിയുടെ വീഡിയോയാണ് ആളുകളുടെ മനം കവരുന്നത്. വീഡിയോയില്‍ ഓഫീസറുമായി കളിയ്ക്കുകയാണ് ആനക്കുട്ടി. തന്റെ യഥാര്‍ത്ഥ ശക്തി മറന്ന് ഒരു സാധാരണ കുട്ടിയെപ്പോലെ പെരുമാറുന്ന ആനക്കുട്ടിയെയാണ് വീഡിയോയില്‍ കാണാനാകുന്നത്.
ഓഫീസറെ ചുറ്റി നടക്കുന്ന കുട്ടിയാന ഇടയ്ക്ക് കാലുകൊണ്ട് ഓഫീസറെ തൊടാനും ശ്രമിക്കുന്നുണ്ട്. ട്വിറ്ററില്‍ വൈറലായ വീഡിയോത്തു താഴെ കമന്റുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
”ഏറ്റവും രസകരമായി ഇടപെടാന്‍ കഴിയുന്ന സസ്യഭുക്കുകളില്‍ ഒന്നാണ് ആനകള്‍. വിശ്വസിക്കാന്‍ പറ്റാത്തവര്‍ ഈ വീഡിയോ കാണുക. ആനക്കുട്ടിയുടെ സൈഡ് കിക്കുകള്‍ ആസ്വദിക്കൂ”, എന്ന തലക്കെട്ടോടെയാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നത്.
നിരവധി പേരാണ് വീഡിയോ ഇതിനതം കണ്ടത്. ആനക്കുട്ടിയോട് വളരെയധികം വാത്സല്യം തോന്നുന്നുവെന്നും ചിലര്‍ കമന്റ് ചെയ്തു.
Also read-പൊലീസുകാരുടെ ‘കുട്ടിമാളു’; പാലായിൽ അലഞ്ഞുതിരിഞ്ഞ നായക്കുട്ടിയെ തേടി ഉടമയെത്തി
”കുട്ടിക്കളി കൂടുതലുള്ള മൃഗമാണ് ആനക്കുട്ടികള്‍ എന്ന് തോന്നുന്നു. അതേസമയം സിംഹക്കുട്ടികള്‍ എന്നും അവരുടെ അമ്മയ്ക്ക് ഒരു തലവേദനയാണ്. ഏറ്റവും വികൃതി കാണിക്കുന്നവരും അവരാണ്,” എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ”അദ്ഭുതകരം. ഒറ്റയ്ക്കിരുന്ന് കുറെനേരം ചിരിച്ചു,’ എന്നാണ് മറ്റൊരാളുടെ കമന്റ്.
അതേസമയം ഈ വീഡിയോ കണ്ട് കുസൃതി മാത്രമുള്ള മൃഗങ്ങളാണ് ആനകള്‍ എന്ന് കരുതുന്നുവെങ്കില്‍ നിങ്ങള്‍ തെറ്റി. വളരെ സെന്‍സിറ്റീവും ബുദ്ധിമാന്‍മാരുമാണ് ആനകള്‍. ഇതിനുദാഹരണമായി ആനകള്‍ തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന മറ്റൊരു വീഡിയോയും സുശാന്ത നന്ദ ഷെയര്‍ ചെയ്തിരുന്നു.
ചെളി നിറഞ്ഞ പ്രദേശത്ത് രണ്ട് ആനകള്‍ കുടുങ്ങിക്കിടക്കുന്ന വീഡിയോയായിരുന്നു അത്. ഇരുവരെയും രക്ഷിക്കാന്‍ ഷെല്‍ട്രിക് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് രംഗത്തെത്തുന്നു. അവര്‍ അതിനുള്ളില്‍ നിന്നും കുട്ടിയാനയെ പുറത്തെടുക്കാനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍ തന്റെ അമ്മയെ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ആനക്കുട്ടി തയ്യാറായില്ല. കരയ്ക്ക് കയറാന്‍ കൂട്ടാകാതെ അമ്മയോടൊപ്പം നിലയുറപ്പിക്കുകയായിരുന്നു ആ ആനക്കുട്ടി. രണ്ടുപേരെയും വളരെ ശ്രമപ്പെട്ടാണ് കരയ്‌ക്കെത്തിച്ചത്.
