പല ജോലികളിലും മനുഷ്യരേക്കാള്‍ മികച്ചതായി എഐ അധികം വൈകാതെ മാറുമെന്നും ഇത് ധാരാളം ആളുകള്‍ക്ക് ജോലി നഷ്ടപ്പെടാന്‍ കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ എഐയുടെ കടന്നുകയറ്റത്തിനിടയില്‍ ചില ജോലികള്‍ സുരക്ഷിതമാണെന്നും അദ്ദേഹം പറയുന്നു.
പ്ലംബിങ് സുരക്ഷിതമായ ജോലിയാണെന്നാണ് ഹിന്റണ്‍ പറയുന്നത്. ശരീരിക അധ്വാനമുള്ള ജോലികളിലേക്ക് മെഷീനുകള്‍ ഉടനൊന്നും കടന്നുവന്നേക്കില്ലെന്ന കാരണമാണ് ഇതിന് അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മനുഷ്യന്മാരെ പോലെ ശാരീരികമായി അധ്വാനിക്കുന്ന രീതിയിലേക്ക് മെഷീനുകള്‍ മാറാന്‍ സമയമെടുത്തേക്കും. അതുകൊണ്ട് ഒരു പ്ലംബറാകുക എന്നതായിരിക്കും മികച്ച കാര്യമെന്ന് അദ്ദേഹം ഒരു സിഇഒ പോഡ്കാസ്റ്റിനിടെ പറഞ്ഞു.
advertisement
മുന്‍ കാലങ്ങളിലും പുതിയ സാങ്കേതിക വിദ്യകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും തൊഴിലില്ലായ്മ എന്ന സാഹചര്യത്തിലേക്ക് നയിച്ചിട്ടില്ല. മാത്രമല്ല പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓട്ടോമാറ്റിക് ടെലിമെഷീനുകളാണ് ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. എടിഎം വന്നപ്പോള്‍ ബാങ്ക് ജീവനക്കാര്‍ക്ക് ജോഷി നഷ്ടമായില്ല. അവര്‍ കൂടുതല്‍ രസകരമായ കാര്യങ്ങള്‍ ചെയ്യേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാവസായിക വിപ്ലവത്തില്‍ യന്ത്രങ്ങള്‍ കിട്ടിയത് പോലെയാണിതെന്ന് ഹിന്റണ്‍ പറയുന്നു. കുഴി കുഴിക്കുന്ന ജോലി ഇപ്പോള്‍ നിങ്ങള്‍ക്ക് ചെയ്യാനാകില്ല. മനുഷ്യരേക്കാള്‍ നന്നായി യന്ത്രങ്ങള്‍ അത് ചെയ്യുന്നുണ്ട്. സാധാരണ ബുദ്ധിപരമായി ചെയ്യേണ്ട ജോലികളില്‍ എഐ നിങ്ങളെ തുടച്ചുനീക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്തിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ തൊഴില്‍ നഷ്ടത്തെ ഭയക്കണമെന്നും അത് സംഭവിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിരവധി യൂണിവേഴ്‌സിറ്റി ബിരുദധാരികള്‍ ജോലി ലഭിക്കാന്‍ ഇതിനകം ബുദ്ധിമുട്ടാണെന്ന് പറയുന്ന ഒരു ലേഖനം സമീപകാലത്ത് താന്‍ കണ്ടതായും എഐയുടെ ഗോഡ്ഫാദര്‍ പങ്കുവെച്ചു. ഈ ബിരുദധാരികള്‍ സാധാരണയായി ചെയ്യുന്ന തരത്തിലുള്ള ജോലി ചെയ്യാന്‍ കമ്പനികള്‍ എഐ ഉപയോഗിക്കാന്‍ തുടങ്ങിയതായിരിക്കും ഇവര്‍ക്ക് ജോലി കിട്ടാത്തതിന്റെ ഒരു കാരണം. ഈ പുതിയ സാങ്കേതികവിദ്യ മുമ്പത്തേതില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഭാവിയില്‍ പ്രത്യേക വൈദഗ്ദ്ധ്യമോ നൂതന കഴിവുകളോ ഉള്ളവര്‍ക്ക് മാത്രമേ എഐയുടെ മുന്നില്‍ ജോലി നഷ്ടപ്പെടുന്നതില്‍ നിന്ന് സുരക്ഷിതരാകാന്‍ കഴിയൂ എന്നും ഹിന്റണ്‍ പറഞ്ഞു.
മുന്‍ കാലങ്ങളെ അപേക്ഷിച്ച് മിക്ക ടെക് കമ്പനികളും ഇപ്പോള്‍ എന്‍ട്രി ലെവല്‍ ജോലികള്‍ക്ക് വളരെ കുറച്ചുപേരെ മാത്രമേ നിയമിക്കുന്നുള്ളുവെന്നാണ് അടുത്തിടെ സിഗ്നല്‍ഫയര്‍ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. എഐയുടെ വര്‍ദ്ധിച്ച ഉപയോഗമാണ് അതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. 2023-24 കാലയളവിലെ കണക്കെടുത്താല്‍ മെറ്റ, ഗൂഗിള്‍ പോലുള്ള കമ്പനികളില്‍ ബിരുദധാരികളെ നിയമിക്കുന്നത് 25 ശതമാനം കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2024-ല്‍ വെറും ഏഴ് ശതമാനം ഫ്രഷേഴ്‌സിനെ ആണ് കമ്പനികള്‍ നിയമിച്ചത്.