എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. പ്രതീക് ആര്യന്‍ എന്ന എക്‌സ് ഉപയോക്താവാണ് ഈ അഭിപ്രായവുമായി രംഗത്തെത്തിയത്. എന്നാൽ ഇതിനെ സ്ത്രീകളെ മാത്രം ലക്ഷ്യമിട്ട് നടത്തിയ പരാമർശമെന്നാണ് ചിലര്‍ നിരീക്ഷിച്ചത്.
‘സ്ത്രീകളുടെ ബ്രേക്ക് ഫാസ്റ്റ്’ എന്ന തലക്കെട്ടില്‍ ഐ-പിൽ ഗര്‍ഭനിരോധന ഗുളികയുടെ ചിത്രവും ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
” ഇന്നത്തെ കാലത്തെ സ്ത്രീകളുടെ നിലവാരം താഴേയ്ക്ക് പോകുകയാണ്. ആദ്യം അവര്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നു. ശേഷം ഗര്‍ഭമൊഴിവാക്കാനായി ടിവി പരസ്യങ്ങളില്‍ കാണുന്ന കോണ്‍ട്രാസെപ്റ്റീവ് ഗുളികകളില്‍ അഭയം പ്രാപിക്കുന്നു. ഇത് അവരുടെ ആരോഗ്യത്തെ ദോഷകരമായാണ് ബാധിക്കുന്നത്,” എന്നാണ് വിവാദ പോസ്റ്റില്‍ പറയുന്നത്.
advertisement
ഈ ഗുളികകളുടെ പാര്‍ശ്വഫലങ്ങളെപ്പറ്റിയും ഇദ്ദേഹത്തിന്റെ പോസ്റ്റില്‍ പറയുന്നു. നിരവധി പേരാണ് ഈ പോസ്റ്റിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
”ഈ മേഖലയിലെ വിദഗ്ധരിൽ നിന്ന് ഉപദേശം തേടാതെ വെറുതെ വിവരങ്ങള്‍ ഗൂഗിള്‍ ചെയ്തതിന്റെ ഫലമാണിത്. ഐ-പില്‍ പോലുള്ള അടിയന്തര ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ തികച്ചും സുരക്ഷിതമാണ്. അവയുടെ പാര്‍ശ്വഫലങ്ങള്‍ താല്‍ക്കാലികമാണ്,” എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
”ഒരു എംബിബിഎസ് വിദ്യാര്‍ത്ഥിയെന്ന നിലയില്‍ ഒരു കാര്യം പറയാനുണ്ട്. കൃത്യമായി പഠിച്ചശേഷം മാത്രം ഇത്തരം കാര്യങ്ങള്‍ പോസ്റ്റ് ചെയ്യുക. ഐ-പില്‍സിനെപ്പറ്റിയുള്ള കാര്യങ്ങള്‍ അറിയുന്നതിനായി ഗൈനക് ബുക്കുകള്‍ വായിക്കുക. അല്ലെങ്കില്‍ വിദഗ്ധരുമായി ചര്‍ച്ച ചെയ്യുക. എന്നാല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂ. ഇത്തരം ട്വീറ്റുകള്‍ സമൂഹത്തിന് തെറ്റായ വിവരമാണ് നല്‍കുന്നത്,” എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
ചിലര്‍ പോസ്റ്റിട്ടയാളെ ട്രോളിയും രംഗത്തെത്തി.
” സ്ത്രീകളുടെ ആരോഗ്യത്തെപ്പറ്റി ഇത്രയധികം ചിന്താകുലനാണെങ്കില്‍ ഇതിലും എളുപ്പവഴികള്‍ വേറെയുണ്ട്. നിങ്ങളെപ്പോലെയുള്ള സ്ത്രീവിരുദ്ധര്‍, കോണ്ടം ഉപയോഗിക്കുകയോ അല്ലെങ്കില്‍ വാസക്ടമി ചെയ്യുകയോ ചെയ്താല്‍ സ്ത്രീകള്‍ക്ക് ഇത്തരം ഗുളികകള്‍ ഉപയോഗിക്കേണ്ടി വരില്ല. അതുവരെ ക്ഷമയോടെ ഇരിക്കുക,” എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.
ഏകദേശം 2.7 മില്യണ്‍ പേരാണ് ഈ പോസ്റ്റ് കണ്ടത്. നിരവധി പേര്‍ പോസ്റ്റിനെ വിമര്‍ശിച്ചും ട്രോളിയും കമന്റ് ചെയ്തിട്ടുണ്ട്. ഇതോടെ പോസ്റ്റിട്ട യുവാവ് മറ്റൊരു കുറിപ്പുമായി രംഗത്തെത്തി.
” പ്രിയപ്പെട്ട പുരുഷന്‍മാരെ കോണ്ടം ധരിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടുക. ഇതിലൂടെ നിങ്ങളുടെ പങ്കാളിയെ ലൈംഗിക രോഗങ്ങളില്‍ നിന്ന് രക്ഷിക്കാനാകും. കൂടാതെ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ നിന്നും ഒഴിവാകുക,” എന്നാണ് ഇദ്ദേഹം അവസാനമിട്ട പോസ്റ്റില്‍ പറയുന്നത്.