നീലകണ്ഠന്‍റെ കളരിപ്പയറ്റ് വീഡിയോ പങ്കുവെച്ച ആനന്ദ് മഹീന്ദ്ര അതിന് നൽകിയ ക്യാപ്ഷൻ ഇങ്ങനെയാണ്, 'മുന്നറിയിപ്പ്: ഈ പെണ്‍കുട്ടിയുടെ മുന്നില്‍ ചെന്നുപെടാതിരിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല, കളരിപ്പയറ്റിന് നമ്മുടെ കായിക മുന്‍ഗണനകളില്‍ സുപ്രധാന സ്ഥാനം നല്‍കേണ്ടതുണ്ട്. ഇത് തീര്‍ച്ചയായും ലോകശ്രദ്ധ പിടിച്ചുപറ്റും'. നീലകണ്ഠൻ പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്.
പ്രിൻസ് ഓഫ് കളരിപ്പയറ്റ് എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ നീലകണ്ഠൻ ഇതിന് മറുപടി നൽകി. 'താങ്കളുടെ പ്രോത്സാഹനത്തിനും പിന്തുണക്കും വളരെയേറെ നന്ദി. ഒരു ചെറിയ തിരുത്തുണ്ട്-ഞാന്‍ പെണ്‍കുട്ടിയല്ല. പത്ത് വയസുള്ള ആണ്‍കുട്ടിയാണ്. കളരിപ്പയറ്റുമായി ബന്ധപ്പെട്ട ഒരു ഹ്രസ്വചിത്രത്തിൽ അഭിനയിക്കാനായാണ് മുടി നീട്ടി വളര്‍ത്തുന്നത്'.
ഇത് കണ്ടതോടെയാണ് ആനന്ദ് മഹീന്ദ്ര തിരുത്തും ക്ഷമാപണവുമായി രംഗത്തെത്തിയത്. 'ആയിരംവട്ടം ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ കഴിവ് അപാരമാണ്. പക്ഷേ, നിങ്ങളുടെ മുന്നില്‍ വന്നുപെടാതെ ശ്രദ്ധിക്കുക എന്ന മുന്നറിയിപ്പില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു' -അദ്ദേഹം ട്വിറ്ററിലൂടെ മറുപടി നല്‍കി.
കളരിപ്പയറ്റിൽ ഇതിനോടകം ശ്രദ്ധേയമായ പ്രകടനങ്ങള്‍ പുറത്തെടുത്ത അഭ്യാസിയാണ് നീലകണ്ഠന്. 30 മിനിറ്റില്‍ 422 തവണ പിന്നോട്ട് തലകുത്തിമറിഞ്ഞ് അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡില്‍ ഇടംനേടാനും ഈ ആലപ്പുഴ സ്വദേശിക്കു സാധിച്ചിട്ടുണ്ട്. ആലപ്പുഴ കിടങ്ങാംപറമ്പ് കൈലാസത്തില്‍ വിമുക്തഭടനും എന്‍. സി. സി ഉദ്യോഗസ്ഥനുമായ മഹേഷ് കുമാറിന്റെയും സുചിത്രയുടെയും മകനാണ് നീലകണ്ഠൻ. സഹോദരി വൈഷ്ണവിയും കളരിപ്പയറ്റ് അഭ്യസിക്കുന്നുണ്ട്. ചേര്‍ത്തലയിലെ ഏകവീര കളരിപ്പയറ്റ് അക്കാദമിയില്‍ ആണ് നീലകണ്ഠനും സഹോദരിയും പഠിക്കുന്നത്.