'രണ്ടു രൂപ നൽകി ലൈംഗികമായി ദുരുപയോഗം ചെയ്തയാളുടെ വീടും സ്ഥലവും 40 ലക്ഷം രൂപയ്ക്ക് വാങ്ങി'; വെളിപ്പെടുത്തലുമായി ട്രാന്‍സ്‌ജെന്‍ഡര്‍ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ
- Published by:Anuraj GR
- news18-malayalam
Last Updated:
'ആറാം ക്ലാസിൽ പഠിക്കുമ്പോൾ വാർഷിക പരീക്ഷാ ഫീസ് നൽകാൻ വീട്ടുകാരുടെ കൈയിൽ പണം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് വീടിന് അടുത്തുള്ള ഒരാളോട് താൻ സഹായം ചോദിച്ചത്'
ആറാം ക്ലാസിൽ പഠിക്കുമ്പോൾ നേരിട്ട ലൈംഗിക ഉപദ്രവത്തെ കുറിച്ച് വെളിപ്പെടുത്തി പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാർ. രണ്ടു രൂപ നൽകി ലൈംഗികമായി ദുരുപയോഗം ചെയ്തയാളുടെ വീടും സ്ഥലവും 40 ലക്ഷം രൂപയ്ക്ക് വാങ്ങിയെന്നാണ് രഞ്ജു രഞ്ജിമാർ പറയുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ വാർഷിക പരീക്ഷാ ഫീസ് നൽകാൻ വീട്ടുകാരുടെ കൈയിൽ പണം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് വീടിന് അടുത്തുള്ള ഒരാളോട് താൻ സഹായം ചോദിച്ചത്. എന്നാൽ അയാൾ രണ്ടു രൂപ നൽകി, തന്നെ ശാരീരികമായി ദുരുപയോഗം ചെയ്തതായും രഞ്ജു രഞ്ജിമാർ പറയുന്നു. എന്താണ് നടക്കുന്നതെന്ന് പോലും അന്ന് മനസിലായില്ലെന്ന് അവർ പറഞ്ഞു.
പിന്നീട കുറേ വർഷങ്ങൾ കഴിഞ്ഞാണ് അന്ന് രണ്ടു രൂപയ്ക്ക് പകരം താൻ അനുഭവിച്ചതിനെ കുറിച്ച് മനസിലാക്കുന്നതെന്ന് രഞ്ജു രഞ്ജിമാർ പറഞ്ഞു. അന്ന് ഉപദ്രവിച്ച ആളുടെ വീടും സ്ഥലവും പിന്നീട് നാല്‍പതു ലക്ഷം രൂപയ്ക്ക് വാങ്ങി എന്ന് രഞ്ജു പറയുന്നു. ഉത്സവങ്ങള്‍ക്ക് ഗാനമേള ഉള്ള ഇടത്തും മറ്റും എന്തെങ്കിലും പരിപാടി അവതരിപ്പിക്കാന്‍ താനും കൂട്ടുകാരും അവസരം ചോദിക്കുമായിരുന്നുവെന്നും അപ്പോള്‍ ഏറെ ഭീകരമായ അധിക്ഷേപം നേരിട്ടിട്ടുണ്ടെന്നും രഞ്ജു പറയുന്നു.
ജീവിതത്തിൽ പലതരത്തിൽ മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് രഞ്ജു രഞ്ജിമാർ പറഞ്ഞു. അനാവശ്യ സ്പര്‍ശനങ്ങളും ബല പ്രയോഗങ്ങളും ഉണ്ടായിട്ടുണ്ട്. തങ്ങളെപ്പോലുള്ളവരെ ശാരീരികമായി ഉപദ്രവിക്കുന്നവരുടെ മാനസിക നില അറിയുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പുറമെ മാന്യന്മാര്‍ ആണ് അവരിൽ പലരും. പോലീസിന്റെ ഉപദ്രവങ്ങളും പലതവണ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും അതൊക്കെ മനസിനെ വേട്ടയാടുന്നു. അന്ന് കിട്ടിയ അടിയുടെ പാടുകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസില്‍ മായാതെ നിലനില്‍ക്കുന്നുണ്ട് എന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു.
advertisement
ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവ് മൂലം ആത്മഹത്യ ചെയ്ത അനന്യ അലക്സിനെ കുറിച്ച് രഞ്ജു രഞ്ജിമാർ സംസാരിച്ചു. അനന്യയുടെ അമ്മ സ്ഥാനമായിരുന്നു തനിക്കെന്ന് അവർ പറയുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി 41-ാം ദിവസം ട്രാൻസ് വുമണായി മാറുന്ന ഒരു ചടങ്ങുണ്ട്. ജൽസ എന്നാണ് അതിന് പറയുന്നത്. അന്ന് അവളെ മണവാട്ടിയെ പോലെ ഒരുക്കി ലച്ച ഒന്ന തരം ഒരു താലിമാല കഴുത്തിൽ ചാർത്തിക്കൊടുക്കും. ലച്ച കെട്ടി കൊടുക്കുന്നത് അവരുടെ അമ്മ സ്ഥാനത്തുള്ളവരാണ്. അനന്യയ്ക്ക് ലച്ച കെട്ടിക്കൊടുത്തത് താനാണ്. ട്രാൻസ് വുമൺ മരിച്ചാൽ ജൽസ ദിവസത്തെ വസ്ത്രങ്ങളും ആഭരണങ്ങളും ലച്ചയുമൊക്കെ അവളുടെ കുഴിമാടത്തിൽ ഉപേക്ഷിക്കണമെന്നാണ്. അത് ചെയ്യേണ്ടതും അമ്മ സ്ഥാനത്തുള്ളവരാണ്. അനന്യയുടെ കാര്യത്തിൽ ഇത് ചെയ്യേണ്ട ദുര്യോഗവും തനിക്കായിരുന്നുവെന്ന് രഞ്ജു രഞ്ജിമാർ പറഞ്ഞു. ഒമ്പത് വർഷം മുമ്പ് കോഴിക്കോട്ട് വെച്ച് ഒരു ബ്യൂട്ടി പേജന്‍റിലാണ് അനന്യയെ ആദ്യം കണ്ടതെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 28, 2021 7:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'രണ്ടു രൂപ നൽകി ലൈംഗികമായി ദുരുപയോഗം ചെയ്തയാളുടെ വീടും സ്ഥലവും 40 ലക്ഷം രൂപയ്ക്ക് വാങ്ങി'; വെളിപ്പെടുത്തലുമായി ട്രാന്‍സ്‌ജെന്‍ഡര്‍ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ