ജീര്‍ണാവസ്ഥയിലുള്ള വീട്ടില്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് യുവാവ് പരിശോധിക്കുന്നത് വീഡിയോയില്‍ കാണാം. അപ്പോഴാണ് ചുവരിനുള്ളില്‍ അസ്വാഭാവികമായ എന്തോ ഒന്ന് ഉള്ളതായി തോന്നിയത്. അവിടെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകളടങ്ങിയ ഒരു പെട്ടി ഇദ്ദേഹത്തിന് ലഭിച്ചത്.
ജാക്ക് ചാള്‍സ് എന്നയാളാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്. വീടിന്റെ ചുമരില്‍ നിന്ന് യുവാവിന് നിധി ലഭിച്ചുവെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലെത്തിയത്.
ജീര്‍ണാവസ്ഥയിലുള്ള വീട്ടിലേക്ക് യുവാവ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നത് വീഡിയോയില്‍ കാണാം. ഒരു നായയും ഇദ്ദേഹത്തോടൊപ്പം ഉണ്ട്. വീടിന്റെ ചുമരുകളില്‍ ഇദ്ദേഹം മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്. അപ്പോഴാണ് ചുമരിന്റെ ഒരുഭാഗത്ത് എത്തിയപ്പോള്‍ മെറ്റല്‍ ഡിറ്റക്ടറില്‍ സിഗ്നല്‍ ലഭിച്ചത്. ഉടന്‍ തന്നെ ഇദ്ദേഹം ആ സ്ഥലം അടയാളപ്പെടുത്തി. ആ ഭാഗം പൊളിച്ചുനോക്കാനും തുടങ്ങി. ഒരു ചുറ്റിക ഉപയോഗിച്ചാണ് ഇദ്ദേഹം ചുമരിന്റെ ഭാഗം പൊളിക്കാന്‍ തുടങ്ങിയത്. അപ്പോഴാണ് അതില്‍ നിന്നും രണ്ട് ചെറിയ പെട്ടികളും ലോഹത്തില്‍ തീര്‍ത്ത മറ്റൊരു വലിയ പെട്ടിയും കിട്ടിയത്. ഇതിനുള്ളില്‍ നോട്ടുകെട്ടുകള്‍ അടുക്കിസൂക്ഷിച്ചിരുന്നു.
അതേസമയം വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിനോദത്തിന് വേണ്ടി നിര്‍മിച്ച വീഡിയോ ആണോ ഇതെന്ന സംശയങ്ങളുയരുകയാണ്. നിലവില്‍ 68 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. ഒരു ലക്ഷത്തിലേറെ പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു. നൂറുകണക്കിന് പേരാണ് വീഡിയോയ്ക്ക് താഴെ കമന്റിട്ടത്. ഫോളോവേഴ്‌സിനെ കൂട്ടാന്‍ നിര്‍മിച്ച വീഡിയോ ആണോ ഇതെന്ന് ചിലര്‍ കമന്റ് ചെയ്തു. "അലാവുദ്ദിന്‍ വിളക്ക് തൊട്ടപ്പോള്‍ ജീനി പുറത്തുവന്നതുപോലെ ഈ ലോഹ കപ്പില്‍ നിന്നും ആരെങ്കിലും ഉയര്‍ന്നുവരുമെന്നാണ് ഞാന്‍ കരുതിയത്," എന്ന് ഒരാള്‍ തമാശരൂപേണ പറഞ്ഞു.