അര്ജന്റീനയുടെ കടുത്ത ആരാധകനാണ് എം എം മണി. കളി ഇനിയും ബാക്കിയാണ് മക്കളെ എന്നാണ് എം എം മണി ഫേസ്ബുക്കില്‍ കുറിച്ചത്. ഇന്നലെ സൗദിയോട് അര്‍ജന്റീന പരാജയപ്പെട്ടതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞിരുന്നു. 'ചതിച്ചാശാനേ' എന്ന് ഒറ്റവരിയെഴുതി എം എം മണിയെ ടാഗ് ചെയ്ത് മന്ത്രി വി ശിവന്‍കുട്ടിയും പോസ്റ്റ് ചെയ്തിരുന്നു.
Also Read- 'കയ്പേറിയ തോൽവി; കരുത്തോടെ തിരിച്ചുവരും': മെസി
advertisement
അര്‍ജന്‍റീന പരാജയപ്പെട്ടതിന് പിന്നാലെ ട്രോളിയ കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാമിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എയും മറുപടി നല്‍കിയിരുന്നു. ഷാഫിയെയും സംസ്ഥാന സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനെയുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ബല്‍റാം ട്രോളിയത്.
ഖത്തറിലെ സ്‌റ്റേഡിയത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കളി കാണാന്‍ നേരിട്ട് എത്തിയിരുന്നു. ഇരുവരും സ്‌റ്റേഡിയത്തില്‍ അര്‍ജന്‍റീനയുടെ ജേഴ്‌സി അണിഞ്ഞു നില്‍ക്കുന്ന ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഇത്തരം ഒരു ചിത്രം പങ്കുവെച്ചാണ് 'ങാ ചുമ്മാതല്ല' എന്ന് ബല്‍റാം പരിഹാസിച്ചത്. ഇതിനായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍റെ മറുപടി. 'ജയം കണ്ട് കൂടെ കൂടീയതല്ല..(ഫ്രഷ്.. ഫ്രെഷേയ് ) ശവത്തില്‍ കുത്താതണ്ണാ...', എന്നാണ് ഷാഫി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ എഴുതിയത്.
Also Read- സൗദിയുടെ ഹീറോയായ പരിശീലകൻ ഫ്രഞ്ചുകാരൻ ഹെർവെ റെനാർഡ് കളിക്കാരെ മെരുക്കിയെടുക്കുന്നതെങ്ങനെ?
അതേ സമയം മത്സരം ലൈവായി കണ്ട ടി എന്‍ പ്രതാപന്‍ എംപി, ഖത്തറിലെ സ്റ്റേഡിയത്തില്‍ നിന്നും ലൈവായി കളി വിലയിരുത്തി. സിംഹം പിന്നോട്ടായുന്നത് പേടിച്ചിട്ടല്ല, കുതിക്കാനാണ് ടി എന്‍ പ്രതാപന്‍ തന്‍റെ വിലയിരുത്തല്‍ വീഡിയോയ്ക്ക് നല്‍കിയ തലക്കെട്ട്. നിര്‍ഭാഗ്യം അര്‍ജന്‍റീനയെ ബാധിച്ചുവെന്നാണ് പ്രതാപന്‍ പറയുന്നത്. എന്നാല്‍ സൗദി നല്ലവണ്ണം കളിച്ചെന്ന് പറയുന്ന പ്രതാപന്‍, അര്‍ജന്‍റീന മൂന്ന് ഗോള്‍ നേടിയെങ്കിലും അതെല്ലാം ഓഫ് സൈഡായെന്നും പറഞ്ഞു. വരും കളികള്‍ ജയിച്ച് അര്‍ജന്‍റീന വിജയിച്ച് കപ്പ് നേടുമെന്നുള്ള പ്രതീക്ഷയും അദ്ദേഹം പറഞ്ഞു.
ലുസെയ്ൽ സ്റ്റേഡിയത്തിൽ ആരാധക ലക്ഷങ്ങളെ കണ്ണീരിലാഴ്ത്തിയാണ് സൗദി അറേബ്യ അർജന്റീനക്കെതിരെ ഐതിഹാസിക വിജയംനേടിയത്. ആദ്യ പകുതിയിൽ ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിൽ പിന്നിലായിരുന്ന സൗദി രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്.
രണ്ടാം പകുതിയിൽ 48ാം മിനിറ്റിലാണ് അർജന്റീനയെ വിറപ്പിച്ച് സൗദി താരം സാലിഹ് അൽ ഷെഹ്രിയുടെ ഗോൾ പിറന്നത്. 53ാം മിനിറ്റിൽ സലിം അൽ ദൗസറി രണ്ടാം ഗോളും അടിച്ചു. ഇതോടെ മത്സരത്തിൽ സൗദി ഒരു ഗോളിന്റെ ലീഡ് നേടി (2-1). തുടർന്ന് അർജന്റീനയെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു സൗദി പുറത്തെടുത്തത്. അധികസമയം വരെ മത്സരം മുറുകിയിട്ടും അർജന്റീനയ്ക്ക് സൗദി വല കുലുക്കാനായില്ല. 36 മത്സരങ്ങളിലെ അപരാജിത കുതിപ്പുമായി എത്തിയ അർജന്റീനയ്ക്ക് ഒടുവിൽ സൗദിയോട് കീഴടങ്ങേണ്ടിവന്നു.