• HOME
  • »
  • NEWS
  • »
  • life
  • »
  • സൗദിയുടെ ഹീറോയായ പരിശീലകൻ ഫ്രഞ്ചുകാരൻ ഹെർവെ റെനാർഡ് കളിക്കാരെ മെരുക്കിയെടുക്കുന്നതെങ്ങനെ?

സൗദിയുടെ ഹീറോയായ പരിശീലകൻ ഫ്രഞ്ചുകാരൻ ഹെർവെ റെനാർഡ് കളിക്കാരെ മെരുക്കിയെടുക്കുന്നതെങ്ങനെ?

വെള്ള ഷർട്ട് ധരിച്ച് കൊണ്ടാണ് അദ്ദേഹം കഴിഞ്ഞ ദിവസം ഡഗ് ഔട്ടിലുണ്ടായിരുന്നത്. അത് ചില വിശ്വാസത്തിന്റെ കൂടി ഭാഗമായിട്ടാണ്

  • Share this:
ലോകകപ്പ് ഫുട്ബോളിൽ സൗദി അറേബ്യക്കെതിരെ അർജൻറീന ആദ്യമത്സരത്തിൽ തോൽവിയേറ്റ് വാങ്ങിയിരിക്കുകയാണ്. സൗദിയുടെ വിജയത്തിന് പിന്നിൽ ഹെർവെ റെനാർഡ് എന്ന ഫ്രഞ്ച് പരിശീലകന്റെ തന്ത്രങ്ങളാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ചെറുടീമുകളെ പരിശീലിപ്പിച്ച് കൊണ്ടാണ് റെനാർഡ് തന്റെ പരിശീലന കരിയർ ആരംഭിക്കുന്നത്. ഇംഗ്ലീഷ് ഫുട്ബോളിലെ തേർഡ് ഡിവിഷൻ ക്ലബ്ബായ കേംബ്രിഡ്ജ് യുണൈറ്റഡിനെയാണ് അദ്ദേഹം ആദ്യമായി പരിശീലിപ്പിച്ചത്. വിയറ്റ്നാമിൽ നാം ദിൻ എന്ന ക്ലബ്ബിനെയും ഫ്രാൻസിലെ എഎസ് ചെർബോ എന്ന ക്ലബ്ബിനെയും പിന്നീട് അദ്ദേഹം പരിശീലിപ്പിച്ചു.

എന്നാൽ റെനാർഡിന് എവിടെയും തന്റേതായ ഒരു ശൈലിയുണ്ടായിരുന്നു. പരിശീലിപ്പിച്ച ടീമുകളെയെല്ലാം അദ്ദേഹം മെരുക്കിയെടുത്തിട്ടുണ്ടെന്ന് പറയാം. പൊസഷൻ ഫുട്ബോളിന്റെ ആശാനാണ് റെനാർഡ്. എതിർ ടീമിനെ പ്രസ് ചെയ്ത് കളിക്കാനാണ് അദ്ദേഹം തന്റെ കളിക്കാരെ പ്രേരിപ്പിക്കുന്നത്. കളിക്കാരുടെ കായികക്ഷമതയാണ് അദ്ദേഹത്തിന്റെ സുപ്രധാന ലക്ഷ്യം. ഭക്ഷണത്തിലും മറ്റും കടുത്ത നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും അദ്ദേഹം നൽകാറുണ്ട്.

പ്രതിരോധത്തിലൂന്നി പ്രസ് ചെയ്തുള്ള കളിയാണ് അർജന്റീനക്കെതിരെ ഒന്നാം പകുതിയിൽ സൗദി നടത്തിയത്. അത് സമ്പൂർണ വിജയമായിരുന്നു. 54കാരനായ പരിശീലകൻ അർജന്റീനക്കെതിരെ ഇറങ്ങുമ്പോൾ ടീമിനെ വലിയ തോൽവിയിൽ നിന്ന് രക്ഷിക്കണമെന്ന് മാത്രമായിരിക്കും കരുതിയിരുന്നത്. എന്നാൽ പരിശീലകന്റെ നിർദ്ദേശങ്ങൾ അതേപടി ടീം കളിക്കളത്തിൽ പ്രാവർത്തികമാക്കിയപ്പോൾ വിജയം സൗദിക്കൊപ്പം നിന്നു.ആദ്യം കായികക്ഷമത കൊണ്ട് അർജന്റീനക്കെതിരെ പിടിച്ച് നിൽക്കാനാണ് സൗദി ശ്രമിച്ചത്. പിന്നീട് പ്രത്യാക്രമണങ്ങൾ നടത്തുകയും ചെയ്തു. കളിക്കാരുടെ ശരീരം മുഴുവൻ ഇളക്കിപ്പിക്കുന്ന ഒരു പ്രത്യേക തരം പരിശീലന രീതി റെനാർഡിന് ഉണ്ടെന്ന് മുൻ കേംബ്രിഡ്ജ് താരം ജോൺ റൂഡി ദി ഗാർഡിയനോട് പറഞ്ഞു. “ജിമ്മിൽ കഠിന വ്യായാമമുറകളാണ് അദ്ദേഹം നൽകാറുള്ളത്. നായകളെപ്പോലെ ശരീരം മുഴുവൻ ഇളക്കാൻ ഞങ്ങളോട് ആവശ്യപ്പെടാറുണ്ട്. എല്ലാവരോടും സംസാരിച്ച് കൊണ്ട് പ്രചോദിപ്പിച്ച് കൊണ്ടേയിരിക്കും,” ജോൺ ഓർമ്മിക്കുന്നു.

Also Read- 'മേഴ്സി' കാട്ടാത്ത മുഹമ്മദ് അൽ-ഒവൈസ്; സൗദിയുടെ ഗോള്‍ വല കാത്ത സുൽത്താന്‍

റെനാർഡ് ദേശീയ ടീമുകളെ പരിശീലിപ്പിച്ചപ്പോഴെല്ലാം മികച്ച നേട്ടങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. രണ്ട് ടീമുകളെ ആഫ്രിക്കൻ നേഷൻസ് കിരീടത്തിലേക്ക് നയിച്ചിട്ടുള്ള ഏക പരിശീലകനാണ് ഈ ഫ്രഞ്ചുകാരൻ. 2012ൽ സാംബിയയെയും 2016ൽ ഐവറി കോസ്റ്റിനെയും അദ്ദേഹം കിരീടത്തിലേക്ക് നയിച്ചു. മൊറോക്കോക്ക് രണ്ട് തവണ ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുകയും ചെയ്തു. കഴിഞ്ഞ ലോകകപ്പിൽ മൊറോക്കോയുടെ പരിശീലകനായിരുന്നു അദ്ദേഹം. 1998ൽ മൊറോക്കോയെ ആദ്യമായി ലോകകപ്പിനെത്തിച്ചത് അദ്ദേഹമാണ്. കഴിഞ്ഞ ലോകകപ്പിൽ കരുത്തരായ സ്പെയിനിനെ 2-2ന് മൊറോക്കെ സമനിലയിൽ തളച്ചപ്പോഴും റെനാർഡിന്റെ തന്ത്രങ്ങൾ തന്നെയാണ് വിജയം കണ്ടത്. ആഫ്രിക്കയിലെ ഏറ്റവും വിലപിടിപ്പുള്ള പരിശീലകനായി നിൽക്കവേയാണ് അദ്ദേഹം സൗദിയിലെത്തിയത്.

വെള്ള ഷർട്ട് ധരിച്ച് കൊണ്ടാണ് അദ്ദേഹം കഴിഞ്ഞ ദിവസം ഡഗ് ഔട്ടിലുണ്ടായിരുന്നത്. അത് ചില വിശ്വാസത്തിന്റെ കൂടി ഭാഗമായിട്ടാണ്. നീല ഷർട്ട് ധരിച്ച് സാംബിയക്കായി എത്തിയ മത്സരത്തിൽ കാമറൂണിനോട് ടീം തോറ്റിരുന്നു. അടുത്ത മത്സരത്തിൽ വെള്ള ഷർട്ട് ധരിച്ചെത്തിയപ്പോൾ ടീം ജയിച്ചു. അതിന് ശേഷമാണ് താൻ വെള്ള ഷർട്ട് ധരിക്കാൻ തുടങ്ങിയതെന്ന് അദ്ദേഹം ഒരു അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞിട്ടുണ്ട്.
Published by:Rajesh V
First published: