പത്ത് വര്‍ഷം മുമ്പാണ് ആദ്യത്തെ രണ്ടു കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അതേസമയം, വൈറസ് അണുബാധ പോലെയുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് ഘടകങ്ങള്‍ കൂടി പരിശോധിച്ച് വിപുലമായ മെഡിക്കല്‍ പരിശോധനകളിലൂടെയും ക്ലിനിക്കല്‍ മൂല്യനിര്‍ണ്ണയത്തിലൂടെയുമാണ് രോഗനിര്‍ണയം നടത്തുന്നത്. അതേസമയം, ഈ രോഗാവസ്ഥ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധനകളൊന്നും നിലവില്‍ ഇല്ല.
advertisement
12 വയസ്സിനും 25 വയസ്സിനും ഇടയില്‍ പ്രായമുള്ള കൗമാരക്കാരിലും യുവാക്കളിലുമാണ് ഈ രോഗം കൂടുതലായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. അതേസമയം, പ്രായമായവരിലും ഇത് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. 40 വയസ്സ് പ്രായമുള്ളയാള്‍ക്ക് കെഎല്‍എസ് കണ്ടെത്തിയതായി പത്ത് വര്‍ഷം മുമ്പ് മുംബൈയിലെ ബിവൈഎല്‍ നായര്‍ ആശുപത്രിയിലെ ന്യൂറോളജിസ്റ്റായ ഡോ. രാഹുല്‍ ചാകോര്‍ പറഞ്ഞു. ഈ രോഗി തുടര്‍ച്ചയായി മൂന്ന് ദിവസമാണ് ഉറങ്ങിയിരുന്നത്. എംബിബിഎസ് പഠനകാലത്ത് ഇത് കുംഭകര്‍ണ സിന്‍ഡ്രോം എന്നാണ് അറിയപ്പെട്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യ രണ്ടുകേസുകളിലും രോഗികള്‍ ഡോക്ടറുടെ ചികിത്സ തേടിയിരുന്നില്ല. കെഎല്‍എസ് കണ്ടെത്തിയവര്‍ക്ക് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും രോഗലക്ഷണമുണ്ടാകാറുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
ഡോ. മഖിജയുടെ രോഗിക്ക് അവസാനം രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ ഡിസംബറിലാണ്. എന്നാല്‍, ഇദ്ദേഹം മഖിജയുടെ അടുത്ത് ചികിത്സ തേടിയത് ജൂലൈയിലും. രോഗകാരണം (Etiology) കണ്ടെത്താന്‍ കഴിയാത്തിടത്തോളം കാലം രോഗത്തെ സുഖപ്പെടുത്താനും ബുദ്ധിമുട്ടാണെന്ന് കെഇഎം ആശുപത്രിയിലെ ഡീനും ന്യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റ് തലവനുമായ ഡോ. സംഗീത രാവതിനെ ഉദ്ധരിച്ച് മിഡ് ഡേ റിപ്പോര്‍ട്ടു ചെയ്തു.
രോഗകാരണം അല്ലെങ്കില്‍ രോഗത്തിന്റെ ഉറവിടമാണ് എറ്റിയോളജിയില്‍ ഉള്‍പ്പെടുന്നത്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരം രണ്ട് കേസുകള്‍ കണ്ടെത്തിയതായി കെഇഎമ്മിലെ സൈക്കാട്രി വകുപ്പ് പ്രൊഫസര്‍ ഡോ. നീന എസ്. സാവന്ത് പറഞ്ഞു. അതില്‍ ഒന്ന് ആര്‍ത്തവ സമയത്താണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഒരു വര്‍ഷം പത്ത് തവണ ഒരാഴ്ചയോളം അമിതമായി ഉറങ്ങുന്ന ഒരു കൗമാരക്കാരനായ കുട്ടിയുടെ കേസും ഉണ്ടായിട്ടുണ്ട്. എന്നാല്‍, കൂടുതല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ടു തയ്യാറാക്കുന്നതിന് മുമ്പ് കുട്ടി ചികിത്സ നിര്‍ത്തി പോകുകയായിരുന്നുവെന്ന് ഡോ. സാവന്ത് പറഞ്ഞു.
അതേസമയം, ഭൂരിഭാഗം പേരും ഇത്തരമൊരു രോഗാവസ്ഥയുള്ളതായി തിരിച്ചറിയപ്പെടുന്നില്ലെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. കൃത്യമായ ചികിത്സാ രീതി ഈ രോഗത്തിന് ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്നും അവര്‍ പറയുന്നു.