ഓരോ ദിവസവും നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കുവേണ്ടി നീക്കിവെക്കുന്ന സമയം കണക്കുകൂട്ടി അദ്ദേഹം സദസിന് മുമ്പില്‍ തമാശരൂപേണ അവതരിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. സദസില്‍ നിന്ന് ഒരാളുടെ ഫോണ്‍ മേടിച്ച് കാല്‍ക്കുലേറ്ററില്‍ സമയം കണക്കുകൂട്ടിയാണ് അദ്ദേഹം കാര്യങ്ങള്‍ സംസാരിക്കുന്നത്. ഒരു ദിവസം 24 മണിക്കൂര്‍ വെച്ച് ആഴ്ചയില്‍ ഒരാള്‍ക്ക് 168 മണിക്കൂര്‍ ആണ് കിട്ടുക. ഇതില്‍ നിന്ന് ജോലി ചെയ്യാനുള്ള 70 മണിക്കൂര്‍ കുറയ്ക്കുമ്പോള്‍ ശേഷിക്കുന്നത് 98 മണിക്കൂര്‍ ആണ്.
ഇതില്‍ ഒരു ദിവസം ഏഴ് മണിക്കൂര്‍ ഉറങ്ങുന്നത് കൂടി കുറച്ചാല്‍ ഒരാഴ്ച ബാക്കി അവശേഷിക്കുന്നത് 49 മണിക്കൂര്‍ ആണ്. വിനോദനത്തിനും വ്യായാമത്തിനും തുടങ്ങി ബാക്കി കാര്യങ്ങള്‍ക്കൂടി സമയം ചെലവഴിച്ചു കഴിഞ്ഞാല്‍ ഒരാഴ്ച ഒരാള്‍ക്ക് ജീവിക്കാനായി കിട്ടുക 24 മണിക്കൂര്‍ ആണെന്ന് വിവേക് പറയുന്നു. എന്നാല്‍, ഇതുകൊണ്ടും തീര്‍ന്നില്ല, ഒരു വര്‍ഷം 52 ആഴ്ച എന്ന രീതിയില്‍ ഈ കണക്ക് കൂട്ടുമ്പോള്‍ ജോലിയും മറ്റ് കാര്യങ്ങളും കഴിച്ചിട്ട് ഒരാള്‍ക്ക് ജീവിക്കാന്‍ ആകെ കിട്ടുക 52 ദിവസമാണ്. ഏകദേശം രണ്ട് മാസം.
ഇതുകൊണ്ടാണ് ആളുകള്‍ ഒരു വര്‍ഷം ഇത്രവേഗം തീര്‍ന്നോ എന്ന് ചോദിക്കുന്നതെന്നും വീഡിയോയുടെ അവസാനം വിവേക് പറഞ്ഞു നിര്‍ത്തുന്നു. സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലാണ് വിവേക് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വളരെ വേഗത്തില്‍ വൈറലായ ഈ വീഡിയോയുടെ താഴെ ആളുകള്‍ രസകരമായ കമന്റുകളും നല്‍കുന്നുണ്ട്. താങ്കള്‍ക്ക് കാര്യം പിടികിട്ടിയെന്ന് ഒരാള്‍ പറഞ്ഞു. ജോലിക്കുവേണ്ടിയുള്ള യാത്രക്കായി ചെലവഴിക്കുന്ന സമയം വിവേക് മറന്നുപോയോ എന്ന് മറ്റൊരാള്‍ ചൂണ്ടിക്കാട്ടി.
Also read- ‘യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണം’: ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി
ഈ സമയം കൂടി കുറച്ചാല്‍ ജീവിക്കാനുള്ള സമയം വീണ്ടും കുറയുമെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ ഇന്‍ഫോസിസ് സിഎഫ്ഒ ആയ ടിവി മോഹന്‍ദാസ് പൈ നടത്തുന്ന ഒരു പോഡ്കാസ്റ്റ് പരിപാടിയില്‍ നാരായണ മൂര്‍ത്തി നടത്തിയ പ്രസ്താവനയാണ് വലിയ തോതില്‍ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയത്. സാങ്കേതികവിദ്യ, രാജ്യത്തെ ജോലി സംസ്‌കാരം തുടങ്ങിയ വിഷയങ്ങളില്‍ നാരായണ മൂര്‍ത്തി തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.
ചൈന പോലുള്ള രാജ്യങ്ങളുമായി മത്സരിക്കുന്നതിന് ഇന്ത്യയിലെ യുവാക്കള്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ സന്നദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ജര്‍മനിയുടെയും ജപ്പാന്റെയും ശ്രമങ്ങള്‍ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ തലത്തിലുള്ള അഴിമതിയും ഉദ്യോഗസ്ഥരുടെ തലപ്പത്തുനിന്നുള്ള കാലതാമസവും പുരോഗതിക്ക് വലിയ തടസ്സമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.