ഡെയ്‌ലി മെയിലിലെ റിപ്പോർട്ട് അനുസരിച്ച്, ഈ വർഷം അവസാനവും അടുത്ത വർഷം ആദ്യവുമായി ബഹിരാകാശ നിലയത്തിലേക്ക് സോപ്പും, കറ നീക്കം ചെയ്യുന്നതിനുള്ള ഉത്പന്നങ്ങളും ടൈഡ് അയയ്ക്കുമെന്നാണ് വിവരം. പരീക്ഷണങ്ങൾക്കായി ഉത്പന്നങ്ങൾ അയയ്ക്കുന്നതിന് നാസയുമായി ടൈഡ് ഒരു ബഹിരാകാശ നിയമ കരാർ ഒപ്പിട്ടിരിക്കുകയാണ്. ഡിറ്റർജന്റ് കമ്പനി അയയ്ക്കുന്ന ഉത്പന്നങ്ങളിൽ ഡിറ്റർജന്റ്, തുടയ്ക്കാനുള്ള ഉത്പന്നങ്ങൾ, കറ നീക്കം ചെയ്യാനുള്ള പേനകൾ എന്നിവ ഉൾപ്പെടും.
വസ്ത്രം കഴുകാൻ മാർഗമില്ലാത്തതിനാൽ 150 പൗണ്ട് (ഏകദേശം 68 കിലോഗ്രാം) വസ്ത്രങ്ങളുമായാണ് ഓരോ ക്രൂ അംഗങ്ങളും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിക്കുന്നത്. ബഹിരാകാശ ദൗത്യങ്ങൾക്ക് പോകുന്നവർ ഉപയോഗിക്കുന്ന വസ്ത്രങ്ങളുടെ ദുര്‍ഗന്ധം, ശുചിത്വമില്ലായ്മ, കറ നീക്കം ചെയ്യൽ എന്നീ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടിയാണ് ബഹിരാകാശ ഡിറ്റർജന്റ് പ്രത്യേകമായി രൂപകൽപ്പന ചെയ്യുന്നത്.
advertisement
ഗുരുത്വാകർഷണം ഇല്ലാത്തതിനാൽ ഭാരക്കുറവുമൂലം അസ്ഥികൾക്കും പേശികൾക്കും ഉണ്ടാകുന്ന ബലക്ഷയങ്ങളെ പ്രതിരോധിക്കാൻ ബഹിരാകാശത്ത് താമസിക്കുന്ന ബഹിരാകാശയാത്രികർ ദിവസേന രണ്ട് മണിക്കൂർ വ്യായാമം ചെയ്യേണ്ടതുണ്ട്. ഇതുവഴി ദുർഗന്ധവും വിയർപ്പും മൂലം വസ്ത്രങ്ങൾ അഴുക്കാകയും അവ ഉപേക്ഷിക്കേണ്ടി വരികയും ചെയ്യുന്നുണ്ട്.
കുറഞ്ഞ ഗുരുത്വാകർഷണ സാഹചര്യങ്ങളിൽ ഡിറ്റർജെന്റിന്റെ സ്ഥിരത മനസ്സിലാക്കാനും ബഹിരാകാശത്ത് അനുഭവപ്പെടുന്ന റേഡിയേഷൻ തലത്തിൽ ഇത് എത്രമാത്രം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടി ക്രൂ അംഗങ്ങൾക്ക് പരിശോധന നടത്താനായി മിഷൻ പിജിടൈഡ് പരീക്ഷണവും ടൈഡ് ആരംഭിക്കും. ഈ പരീക്ഷണങ്ങളിലൂടെയുള്ള കണ്ടെത്തൽ ബഹിരാകാശത്തും ഭൂമിയിലും ഉപയോഗിക്കുന്നതിന് കൂടുതൽ ഫലപ്രദമായ ഡിറ്റർജെന്റുകൾ വികസിപ്പിക്കാൻ കമ്പനിയെ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഭാവിയിൽ ചന്ദ്രൻ, ചൊവ്വ ദൗത്യങ്ങൾക്കായി ഉപയോഗിക്കാവുന്ന തരത്തിൽ എങ്ങനെ ഈ ഡിറ്റർജെന്റുകൾ സംയോജിപ്പിക്കാമെന്നും നാസയും ടൈഡ് ഗവേഷകരും പഠനം നടത്തുന്നുണ്ട്. ടൈഡിൻെ്റ പേരൻ്റ് കമ്പനിയായ പ്രോക്ടർ & ഗാംബിൾ (പി & ജി) ഈ ഡിറ്റർജന്റുകളുടെ ആദ്യ ബാച്ച് ഡിസംബറിൽ അയയ്‌ക്കുകയും ബഹിരാകാശത്തെ അവയുടെ പ്രവർത്തനവും പ്രതികരണവും വിശകലനം ചെയ്യുകയും ചെയ്യും.
അടുത്ത മെയ് മാസത്തിൽ കറ നീക്കം ചെയ്യാനുള്ള പേനകളും തുടയ്ക്കാനുള്ള ഉത്പന്നങ്ങളും വിതരണം ചെയ്യും. അതേസമയം, ചന്ദ്രനിലും ചൊവ്വയിലും പോലും പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഒരു പ്രത്യേക വാഷർ ഡ്രയർ കോംബോ വികസിപ്പിക്കുന്നതിനും കമ്പനി പരിശ്രമിക്കുന്നുണ്ട്. ബഹിരാകാശത്തേക്ക് പോകുന്ന ബഹിരാകാശയാത്രികർക്ക് ഗുണകരമായ ഒരു മാറ്റം എന്നതിനപ്പുറം, ഈ പരീക്ഷണം ഭൂമിയിലുള്ള ഉപഭോക്താക്കളെയും കൂടുതൽ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.
