ഗുസ്തിതാരങ്ങളുടെ ജീവിത കഥ സിനിമയാക്കി ലാഭമുണ്ടാക്കിയവർക്ക് അവരുടെ യഥാർത്ഥ ജീവിതത്തെ കുറിച്ച് യാതൊരു വികാരവുമില്ലെന്നും ട്വിറ്ററിൽ നിരവധി പേർ പറയുന്നു. കായിക താരങ്ങളുടെ ജീവിത കഥ അവതരിപ്പിച്ച ബോളിവുഡ് താരങ്ങളായ ആമിർ ഖാൻ, പ്രിയങ്ക ചോപ്ര, പരിനീതി ചോപ്ര തുടങ്ങിയ താരങ്ങൾക്കെതിരെയാണ് രൂക്ഷവിമർശനം. ഒപ്പം ബോളിവുഡ് ഒന്നടങ്കം പാലിക്കുന്ന മൗനത്തേയും വിചാരണ ചെയ്യുന്നു.
ആമിർ ഖാൻ നായകനായ ദംഗൽ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളായ ഗീത ഫൊഗട്ടിന്റേയും ബബിത ഫൊഗട്ടിന്റേയും ബന്ധുവാണ് ഡൽഹിയിൽ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന വിനേഷ് ഫൊഗട്ട്.
ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഒന്നിലധികം മെഡലുകൾ നേടിയ ഏക ഇന്ത്യൻ വനിതാ ഗുസ്തി താരം കൂടിയാണ് ഗീത. ഫൊഗട്ട് കുടുംബത്തെ കുറിച്ച് സിനിമയെടുത്ത ആമിർ ഖാൻ എന്തുകൊണ്ട് മിണ്ടുന്നില്ലെന്ന് ട്വിറ്ററിൽ ചോദ്യങ്ങൾ ഉയരുന്നു.
മേരി കോമിന്റെ ജീവിത കഥയിൽ നായികയായ പ്രിയങ്ക ചോപ്രയ്ക്കെതിരേയും വിമർശനങ്ങൾ ഉയരുന്നുണ്ട്. അന്താരാഷ്ട്ര വിഷയങ്ങളിലടക്കം പ്രതികരിക്കുന്ന പ്രിയങ്ക എന്തുകൊണ്ട് സ്വന്തം രാജ്യത്ത് നടക്കുന്ന സംഭവങ്ങൾക്കു നേരെ കണ്ണടക്കുന്നുവെന്നാണ് ചോദ്യം.