വിവാഹ ദിനത്തിലെ എല്ലാവരുടേയും ശ്രദ്ധാ കേന്ദ്രം വധൂവരന്മാരായിരിക്കും. അപ്പോഴാണ് മനോഹരമായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന വധുവിന് സമീപം ട്രൗസർ ധരിച്ച് ഒടിഞ്ഞ കൈയ്യും ദേഹം മുഴുവൻ പരിക്കുകളുമൊക്കെയായി വരൻ ഇരിക്കുന്നത്. ഇതെന്ത് ഫാഷൻ എന്ന് അന്ധാളിച്ച് ചുറ്റുമുള്ളവരും.
ഇന്തോനേഷ്യയിൽ അടുത്തിടെ നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. വരന്റെ വേഷവും അവസ്ഥയുമായിരുന്നു ഇതിന് കാരണം. ദേഹം മുഴുവൻ പരിക്കുകളും ഒരു ട്രൗസറും മാത്രം ധരിച്ച് നിർവികാരതയോടെ ഇരിക്കുന്ന വരനും തൊട്ടടുത്ത് അണിഞ്ഞൊരുങ്ങി വധുവിനേയും ഇന്റർനെറ്റ് ലോകം ഒന്ന് ഞെട്ടി.
advertisement
Image: Twitter/@br0wski
പരമ്പരാഗതമായ ജവനീസ് വിവാഹവേഷത്തിലായിരുന്നു വധു. എന്നാൽ വരന്റെ അവസ്ഥ കണ്ട് എന്താണ് സംഭവിച്ചതെന്ന് അറിയാനായി എല്ലാവർക്കും ആകാംക്ഷ. എന്തുകൊണ്ടായിരിക്കും ഇങ്ങനെയൊരു കോലത്തിൽ എത്തിയതെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു നെറ്റിസൺസ്. ഒടുവിൽ വധു തന്നെ അതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്.
കോംപസ് ഡോട്ട് കോം എന്ന സൈറ്റാണ് വധുവിനെ കണ്ട് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ട്രൗസർ മാത്രം ധരിച്ച് തന്റെ ഭർത്താവ് വിവാഹ വേദയിൽ എത്താനുള്ള കാരണം ഇതാണെന്ന് വധുവായ എലീന്റ ക്രിസ്റ്റിയാനി പറയുന്നു,
സുപ്രാപ്തോ എന്നാണ് യുവാവിന്റെ പേര്. വിവാഹത്തിന് നാല് ദിവസം മുമ്പ് സുപ്രാപ്തോയ്ക്ക് ഒരു വാഹനാപകടമുണ്ടായി. പെട്രോൾ വാങ്ങിക്കാൻ പോയ സുപ്രാപ്തോയുടെ ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. വാഹനമോടിച്ചുകൊണ്ടിരിക്കേ സുപ്രാപ്തോയുടെ ബോധം നഷ്ടപ്പെട്ട് വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
Also Read-ഒരുമിച്ചുള്ള ജീവിതം തുടങ്ങിയിട്ട് 72 വർഷം, ഇന്റർനെറ്റിൽ വൈറലായി മുത്തശ്ശനും മുത്തശ്ശിയും
അപകടത്തിൽ സുപ്രാപ്തോയുടെ ഇടത് കൈയ്യും തോളെല്ലും പൊട്ടി. വലതു കൈക്കും പരിക്ക് പറ്റി. രണ്ട് കാൽമുട്ടുകളിലും പരിക്ക്. തോളിന് ശസ്ത്രക്രിയയും ഉണ്ടായിരുന്നു. ഇത്രയും പറ്റിയതിനാൽ വിവാഹത്തിന് വാങ്ങിവെച്ച വസ്ത്രം ധരിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. അപകടം പറ്റിയെങ്കിലും നിശ്ചയിച്ച വിവാഹം മാറ്റിവെക്കാൻ വധുവും വരനും ഒരുക്കമായിരുന്നില്ല.
അതിനാൽ ഷോർട്സ് മാത്രം ധരിച്ച് സുപ്രാപ്തോ വിവാഹത്തിന് എത്തി. ഇവരുടെ വിവാഹ ചിത്രം ട്വിറ്ററിൽ പുറത്തു വന്ന് നിമിഷങ്ങൾക്കുള്ളിൽ വൈറലാകുകയായിരുന്നു. ഇതിനകം 3000 കൂടുതൽ തവണ ചിത്രം റീട്വീറ്റ് ചെയ്യപ്പെട്ടു. നേരത്തേ വരൻ ട്രൗസർ ധരിച്ചു വന്നതിന്റെ കാരണം അന്വേഷിച്ചായിരുന്നു ചർച്ചയെങ്കിൽ, അപകടം പറ്റിയെങ്കിലെന്താ, ട്രൗസർ മാത്രം ധരിച്ചത് എന്തിനാണെന്ന് ചോദിച്ചാണ് പലരും ചർച്ച നടത്തുന്നത് എന്നതാണ് കൗതുകകരം.
മറ്റു ചിലർ കൂടുതൽ അപകടങ്ങൾ സംഭവിക്കാത്തതിൽ ആശ്വാസം പങ്കിടുകയും ഇരുവർക്കും വിവാഹ ആശംസകളും നൽകുന്നുണ്ട്