ഐടി മേഖലയിൽ ജോലി ചെയ്യുന്ന ദമ്പതികൾ തങ്ങളുടെ കരിയറിലെ വളർച്ചയ്ക്കൊപ്പം സമ്പാദ്യവും തുല്യമായി ചേർത്താണ് ഒരു വീട് സ്വന്തമാക്കിയത്. രണ്ട് പ്രസവസമയത്തും വളരെ കുറഞ്ഞ അവധി മാത്രം എടുത്ത് ജോലിയിൽ ശ്രദ്ധിച്ച യുവതി, കഠിനാധ്വാനത്തിലൂടെ ഭർത്താവിനേക്കാൾ ഉയർന്ന ശമ്പളമുള്ള തസ്തികയിലേക്ക് ഉയർന്നിരുന്നു. എന്നാൽ ഭർത്താവിന്റെ അമ്മയ്ക്ക് സുഖമില്ലാതായതോടെ വീട്ടിലെ അന്തരീക്ഷം മാറി.
രോഗിയായ അമ്മയെ പരിചരിക്കാൻ യുവതി ജോലി രാജിവെക്കണമെന്നായിരുന്നു ഭർത്താവിന്റെയും കുടുംബത്തിന്റെയും ആവശ്യം. എന്നാൽ തനിക്ക് പകരം ഭർത്താവ് അവധിയെടുക്കണമെന്നും സാമ്പത്തിക കാര്യങ്ങൾ താൻ നോക്കാമെന്നും യുവതി മറുപടി നൽകി. സഹായത്തിനായി തന്റെ അമ്മയെ വീട്ടിലേക്ക് കൊണ്ടുവരാമെന്ന യുവതിയുടെ നിർദ്ദേശത്തെ "മകന്റെ വീട്ടിൽ നിൽക്കാൻ പെൺകുട്ടിയുടെ അമ്മയ്ക്ക് അവകാശമില്ല" എന്ന് പറഞ്ഞ് അമ്മായിയമ്മ എതിർത്തു. എന്നാൽ വീടിന്റെ ഉടമസ്ഥാവകാശത്തിൽ പകുതിയും തന്റേതാണെന്ന യുവതിയുടെ വാദം അവർ അംഗീകരിക്കാൻ തയ്യാറായില്ല.
advertisement
ജോലി രാജിവെക്കാൻ തയ്യാറാകാതിരുന്നതോടെ യുവതിക്ക് നേരെ വീട്ടിൽ മാനസിക പീഡനം ആരംഭിച്ചു. ഒടുവിൽ സഹികെട്ട് കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് മാറിയ യുവതിക്ക് ഭർത്താവ് വക്കീൽ നോട്ടീസ് അയക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവതി വിവാഹമോചനത്തിന് അപേക്ഷ നൽകിയത്.
ഈ സംഭവം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നത്.
സാമ്പത്തിക ഭദ്രതയുള്ള കുടുംബമായിട്ടും ഒരു ഹോം നഴ്സിനെയോ കെയർ ടേക്കറെയോ വെക്കാതെ ഭാര്യ തന്നെ ജോലി വിടണമെന്ന് നിർബന്ധിക്കുന്നത് പുരുഷാധിപത്യ മനോഭാവമാണെന്ന് പലരും കുറ്റപ്പെടുത്തി.
ഭാര്യ തന്നെക്കാൾ കൂടുതൽ സമ്പാദിക്കുന്നത് സഹിക്കാൻ കഴിയാത്ത ഭർത്താവിന്റെ ഈഗോയാണ് തകർച്ചയ്ക്ക് കാരണമെന്ന് ചിലർ അഭിപ്രായപ്പെടുന്നു.
ബന്ധത്തിന്റെ തുടക്കത്തിൽ ഇത്തരം സ്വഭാവ വൈകല്യങ്ങൾ (Red Flags) തിരിച്ചറിയാതെ പോകുന്നത് ജീവിതം തകരാൻ കാരണമാകുമെന്നും കമന്റുകൾ ഉയരുന്നു.
