ചൈനയിലാണ് സംഭവം. ഇപ്പോൾ 44 വയസ്സുള്ള ലി ലിനും സഹോദരൻ ലി സിനും യഥാക്രമം 11-ഉം 7-ഉം വയസ്സുള്ളപ്പോഴാണ് അനാഥരായത്. അമ്മ ക്യാൻസർ ബാധിച്ച് മരിക്കുകയും പിതാവിന്റെ മാനസിക നില തെറ്റുകയും ചെയ്തതോടെ ആ സഹോദരങ്ങൾ ആഹാരത്തിനായി തെരുവുകളിൽ അലഞ്ഞു.
ഒരു മഴദിവസം അഭയം തേടി ഒരു ട്രക്കിൽ കയറിയ അവർ അറിയാതെ മറ്റൊരു നഗരത്തിൽ എത്തിപ്പെട്ടതോടെയാണ് അവരുടെ ജീവിതം മാറിമറിഞ്ഞത്. വിശന്നിരുന്ന കുട്ടികളുടെ അടുത്തേക്ക് വന്ന ഒരു സ്ത്രീ ആൺകുട്ടിക്ക് ഒരു കഷ്ണം ബ്രഡ് നൽകി. അതൊരു കരുണയുള്ള പ്രവൃത്തിയാണെന്ന് വിശ്വസിച്ച് ലിൻ തന്റെ സഹോദരനെ ആ സ്ത്രീയോടൊപ്പം അയച്ചു. എന്നാൽ അവൻ പിന്നെ തിരികെ വന്നില്ല. തന്റെ സംരക്ഷണയിലായിരുന്നപ്പോൾ സഹോദരനെ നഷ്ടപ്പെട്ടതിന്റെ കുറ്റബോധവുമായാണ് താൻ ജീവിച്ചതെന്ന് ലിൻ മാധ്യമങ്ങളോട് പറഞ്ഞു.
advertisement
സഹോദരനെ പിന്നീട് ഗുവാങ്‌ഡോങ്ങിലെ ഒരു കുടുംബം ദത്തെടുക്കുകയും ഹാൻ എന്ന് പേര് മാറ്റുകയും ചെയ്തു. വീട് വിട്ട് ഓടിപ്പോകാൻ ശ്രമിച്ചും ഭിക്ഷാടനം നടത്തിയും കഠിനമായ ഒരു കുട്ടിക്കാലത്തിലൂടെയാണ് സഹോദരൻ കടന്നുപോയത്. എന്നാൽ ലിൻ തന്റെ ജീവിതം മുഴുവൻ അവനെ കണ്ടെത്താനായി മാറ്റിവെച്ചു.
സഹോദരനെ കണ്ടെത്താനായി ഏകദേശം 10 ലക്ഷം യുവാൻ (ഏകദേശം 1.2 കോടി രൂപ) ആണ് അവൾ ചെലവാക്കിയത്. യാത്രകൾക്കും മറ്റുമായി പണം കണ്ടെത്താൻ അവൾ കെട്ടിട നിർമ്മാണ സ്ഥലങ്ങളിൽ ഇഷ്ടിക ചുമന്നും ഹോട്ടലുകളിൽ പാത്രം കഴുകിയും ജോലി ചെയ്തു. ഒഴിവുസമയങ്ങളിൽ രാജ്യം മുഴുവൻ പതിനായിരക്കണക്കിന് നോട്ടീസുകൾ വിതരണം ചെയ്തു. മാതാപിതാക്കളുടെ ഡിഎൻഎ ലഭ്യമല്ലാത്തതിനാൽ, അവളുടെ പക്കലുണ്ടായിരുന്ന മങ്ങിത്തുടങ്ങിയ പഴയ ഫോട്ടോ മാത്രമായിരുന്നു ഏക വഴി.
സോഷ്യൽ മീഡിയയിൽ വൈറലായ റിപ്പോർട്ടുകൾ പ്രകാരം, ജിയാങ്‌സി പ്രവിശ്യയിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഈ കുട്ടിക്കാല ചിത്രം ഉപയോഗിച്ച് ഗുവാങ്‌ഡോങ്ങിലുള്ള ഒരാളെ തിരിച്ചറിഞ്ഞു. തുടർന്ന് ഡിഎൻഎ പരിശോധനയിലൂടെ അത് കാണാതായ ലി സിൻ തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
മാർച്ച് 23-ന് ആ സഹോദരങ്ങൾ വീണ്ടും ഒന്നിച്ചപ്പോൾ അത് ഓൺലൈനിൽ ദശലക്ഷക്കണക്കിന് ആളുകളെ കണ്ണീരണിയിച്ചു. സമാഗമത്തിന്റെ വേളയിൽ പ്രതീകാത്മകമായി ലിൻ ഒരു ബാഗ് നിറയെ ബ്രഡുമായിട്ടാണ് പോലീസ് സ്റ്റേഷനിൽ എത്തിയത്. ഒരു കഷ്ണം ബ്രഡിന്റെ പേരിലാണ് തനിക്ക് അവനെ നഷ്ടപ്പെട്ടതെന്നും, അതുകൊണ്ട് ഇനി ഒരിക്കലും അവൻ വിശന്നിരിക്കരുത് എന്ന് താൻ ആഗ്രഹിക്കുന്നുവെന്നും ലിൻ പറഞ്ഞു.
