തലസ്ഥാനത്തെ അറിയപ്പെടുന്ന വെറ്റിനറി ഡോക്ടറായ ഡോ. ബി മോഹനചന്ദ്രന്‍റെ കഴക്കൂട്ടത്തുള്ള വീട്ടിലേക്കാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടോടെ മൂർഖൻ പാമ്പ് ഇഴഞ്ഞെത്തിയത്. പാമ്പിനെ കണ്ട ഗുണ്ടുവും ഓറിയോയും ചാടി വീണു. പിന്നീട് ഇരു നായകളും ഒരുമിച്ച് ചേർന്ന് പാമ്പിനെ നേരിട്ടു. ഒരാൾ പാമ്പിന്‍റെ വാലിലും മറ്റേയാൾ തലഭാഗത്തും കടിച്ചെടുത്തു. എന്നാൽ അതിനിടെ മൂർഖൻ ഗുണ്ടുവിനെയും ഓറിയോയെയും ആക്രമിച്ചു. ഇരുവരും ഭയന്നില്ല, പിൻമാറിയില്ല.
advertisement
ഗുണ്ടു
ഈ സമയം അവിടേക്ക് എത്തിയ ഡോക്ടറുടെ ഭാര്യ മഞ്ജു ഈ കാഴ്ച കണ്ട് സ്തംബ്ധയായിപ്പോയി. രണ്ടു നായകളും ചേർന്ന് പാമ്പിനെ കടിച്ചുകുടഞ്ഞു. ഒടുവിൽ പാമ്പ് ചത്തു. എന്നാൽ ഇതിനോടകം കടിയേറ്റ ഗുണ്ടുവും ഓറിയോയും അവശതയിലായി. ഡോക്ടറുടെ മൂത്തമകൻ മിഥുനും ഇളയമകൻ വിഷ്ണുമോഹനും ചേർന്ന് രണ്ടു നായകളെയും തിരുവനന്തപുരം കുടപ്പനക്കുന്നിലെ മൾട്ടി സ്പെഷ്യാലിറ്റി വെറ്റിനറി ആശുപത്രിയിലെത്തിച്ചു.
ഗുണ്ടുവിനും ഓറിയോയ്ക്കും ആന്‍റിവെനം ഉൾപ്പടെയുള്ള മരുന്നുകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും ഏകദേശം ഒരേസമയം അന്ത്യശ്വാസം വലിച്ചു. വീട്ടിൽ എപ്പോഴും ഗുണ്ടുവും ഓറിയോയും ഒരുമിച്ചായിരുന്നു. കൂട്ടത്തിൽ മൂപ്പൻ ഗുണ്ടുവായിരുന്നു. അതുകൊണ്ടുതന്നെ ഓറിയോയെ വളരെയേറെ കെയർ ചെയ്യുന്ന രീതിയായിരുന്നു ഗുണ്ടുവിന്‍റേത്. ഇരുവരും ഒരുമിച്ചായിരുന്നു ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതുമൊക്കെ. അതുകൊണ്ടുതന്നെ ഇരുവരെയും ഒരുമിച്ചാണ് മറവ് ചെയ്തതും.
ഓറിയോ
ഗുണ്ടുവും ഓറിയോയും ഡോ. മോഹനചന്ദ്രന്‍റെ വീട്ടിലേക്കും വന്നതും വളരെ അപ്രതീക്ഷിതമായിരുന്നു. വീട്ടിൽ നേരത്തെ വളർത്തിയിരുന്ന പഗ് ഇനത്തിൽപ്പെട്ട നായ ചത്തത് വീട്ടുകാർക്ക് തീരാനൊമ്പരമായി. ഇനി ഒരിക്കലും ഒരു നായയെയും വീട്ടിൽ വളർത്തേണ്ടെന്നും അവർ തീരുമാനമെടുത്തു. എന്നാൽ പഗ് വിടവാങ്ങിയ അതേദിവസം ഗുണ്ടു വീട്ടിലേക്ക് സ്വമേധയാ വന്നുകയറുകയായിരുന്നു. ഗുണ്ടുവിനെ കണ്ട വീട്ടുകാരുടെ തീരുമാനം മാറി. അവർ ഗുണ്ടുവിനെ വളർത്താൻ തീരുമാനിച്ചു.
Also Read- ഫ്‌ളൈറ്റില്‍ സഹയാത്രികന്റെ മടിയില്‍ തലചായ്ച്ചുറങ്ങി നായ; വൈറല്‍ ചിത്രം
കുഞ്ഞനായ ഓറിയോയുടെ വരവും അതുപോലെ തികച്ചും അപ്രതീക്ഷിതമായിരുന്നു. ടെക്നോപാർക്കിലെ ജോലി കഴിഞ്ഞു വിഷ്ണുമോഹൻ മടങ്ങുമ്പോഴാണ് വഴിയരികിൽ ഓറിയോയെ കണ്ടെത്തുന്നത്. ഓറിയോയെയും കൂട്ടിയാണ് വിഷ്ണുമോഹൻ വീട്ടിലെത്തുന്നത്. അന്നുമുതൽ തുടങ്ങിയതാണ് ഓറിയോയും ഗുണ്ടുവും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധം. വിഷ്ണുമോഹന്‍റെ മുറിയിലായിരുന്നു ഇരുവരും കിടക്കുന്നത്. വീട്ടിലെ അംഗങ്ങളെപ്പോലെയാണ് വിഷ്ണുമോഹൻ ഗുണ്ടുവിനെയും ഓറിയോയെയും പരിചരിച്ചു. ഒടുവിൽ അവർ മരണത്തിലും ഒരുമിച്ചായി. വിടവാങ്ങി ദിവസങ്ങൾ കഴിഞ്ഞെങ്കിലും വീട്ടുകാരുടെയുള്ളിൽ ഗുണ്ടുവും ഓറിയോയും ഇപ്പോഴും ഒരു നൊമ്പരമായി തുടരുകയാണ്…