നായകളെ പേടിച്ചാണ് മോഷ്ടിച്ച പണം മുഴുവൻ മോഷ്ടാവ് തിരികെ നൽകിയത്. ഒരു കർഷകന്റെ വീട്ടിൽ നിന്ന് 1.7 ലക്ഷം രൂപ മോഷ്ടിച്ച കള്ളൻ നായകൾ തന്നെ മണത്ത് കണ്ടുപിടിക്കുമോ എന്ന ഭയം കൊണ്ടാണ് മോഷണ മുതൽ തിരികെ നൽകാൻ തീരുമാനിച്ചത്. പക്ഷേ, ബുദ്ധിമാനായ കള്ളൻ പിടിക്കപ്പെടാതിരിക്കാൻ രണ്ട് തവണകളായാണ് പണം തിരികെ നൽകിയത്.
advertisement
മോഷണം നടന്നതിനു ശേഷം പൊലീസ് കേസന്വേഷണം ആരംഭിച്ചതോടെയാണ് കാര്യങ്ങൾ പന്തിയല്ലെന്ന് കള്ളന് തോന്നി തുടങ്ങിയത്. പിടിക്കപ്പെട്ടേക്കാം എന്ന ഭയം വന്ന് മൂടിയതോടെ ആ കർഷകന്റെ വീടിന് മുന്നിലായി തന്നെ ഒരു ലക്ഷം രൂപ കള്ളൻ ഉപേക്ഷിച്ചു.
തെലങ്കാനയിൽ ഖമ്മം ജില്ലയിലെ ദുബ്ബതണ്ട എന്ന ഗ്രാമത്തിൽ ജീവിക്കുന്ന ഗുഗുലോത്ത് ലച്ചാറാം എന്ന കർഷകനാണ് തന്റെ വീട്ടിൽ നിന്നും മാർച്ച് 17 ന് 1.7 ലക്ഷം രൂപ കളവ് പോയെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയത്. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് കേസ് അന്വേഷണം ആരംഭിച്ചു. മാർച്ച് 20-ന് ഒരു ഡോഗ് സ്ക്വാഡുമായി അന്വേഷണ സംഘം മോഷണം നടന്ന വീട്ടിലെത്തി. ഈ സംഭവങ്ങളെല്ലാം മോഷ്ടാവ് ഒളിച്ചിരുന്ന് അറിഞ്ഞിട്ടുണ്ടാകണം. ഈ ഡോഗ് സ്ക്വാഡ് തന്നെ എന്തായാലും കണ്ടെത്തും എന്ന തോന്നലാവാം മോഷ്ടിച്ച പണം തിരികെ നൽകാൻ മോഷ്ടാവിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.
മാർച്ച് 21-ന് തന്റെ വീടിനു മുന്നിൽ ഒരു ലക്ഷം രൂപ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ലച്ചാറാം അക്ഷരാർത്ഥത്തിൽ ഞെട്ടിയെന്ന് പറയാം. മുഴുവൻ പണവും ഒന്നിച്ച് നൽകാൻ കള്ളൻ തയ്യാറായില്ല. തൊട്ടടുത്ത ദിവസം മാർച്ച് 22ന് അടുത്ത അത്ഭുതമുണ്ടായി. ബാക്കി വരുന്ന 70,000 രൂപയും കർഷകന് തന്റെ വീടിന്റെ മുന്നിൽ നിന്ന് ലഭിച്ചു. എന്തായാലും, മോഷ്ടാവ് തിരികെ നൽകിയ പണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം തുടരുമെന്നും പൊലീസ് സംഘം അറിയിച്ചിട്ടുണ്ട്.
മുമ്പ് കേരളത്തിലും സമാനമായ സംഭവം ഉണ്ടായത് വലിയ ശ്രദ്ധ നേടിയിരുന്നു. രണ്ട് വർഷങ്ങൾക്ക് മുമ്പ് കോട്ടയത്ത് മോഷ്ടിച്ച മുതൽ ഉടമസ്ഥന് തിരികെ നൽകിയ കള്ളൻ കൂടെ ഒരു കുറിപ്പ് കൂടി വെച്ചിരുന്നു. 'ഗതികേടു കൊണ്ട് എടുത്തതാണ്, പൊറുക്കണം. ബാക്കിത്തുക ഒരു മാസത്തിനകം തിരികെ തരും' എന്നായിരുന്നു ജനങ്ങളെ ഒന്നടങ്കം അമ്പരപ്പിച്ച കുറിപ്പിൽ മോഷ്ടാവ് എഴുതിയത്.