ആറ് പേരടങ്ങുന്ന ഒരു മാർവാഡി കുടുംബമാണ് ഒരു ട്രെയിൻ കമ്പാർട്ടുമെൻ്റിനെ തന്നെ അവരുടെ തീൻമേശയാക്കി മാറ്റിയത്. കാരണം അവർ യാത്രയിലുടനീളം വീട്ടിൽ നിന്നുണ്ടാക്കി കൊണ്ടുവന്ന നിരവധി ഭക്ഷണങ്ങളാണ് കഴിച്ചത്. ഡിസ്പോസിബിൾ പ്ലേറ്റുകളും സ്പൂണുകളും മുതൽ വൈവിധ്യമാർന്ന വിഭവങ്ങൾ വരെ, ഒരു നീണ്ട യാത്രയ്ക്ക് ആവശ്യമായതെല്ലാം അവർ പായ്ക്ക് ചെയ്ത് കൈയിൽ കരുതിയിരുന്നു. കൂടാതെ സാൻഡ്വിച്ചിനായും മറ്റും ചില പച്ചക്കറികൾ ട്രെയിനിലിരുന്നത് തന്നെ അരിയുന്നതും കാണാം.
വീഡിയോയിൽ ഉടനീളം അവർ ഭക്ഷണം പരസ്പരം പങ്കുവച്ച് കഴിക്കുന്നതാണ് കാണുന്നത്. സാൻഡ്‌വിച്ച്, ജ്യൂസ്, പേരക്ക, പഴം, പൂരി, വിവിധ തരം കറികൾ, ശീതളപാനീയങ്ങൾ, ചിപ്‌സ് എന്നിങ്ങനെ നിരവധി ഭക്ഷണങ്ങളാണ് കഴിക്കുന്നത്. ഈ വീഡിയോ വളരെ വേഗം വൈറലാകുകയും ഇതുവരെ 55 ലക്ഷത്തിലധികം വ്യൂസ് നേടുകയും ചെയ്‌തു. വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ സമ്മിശ്ര അഭിപ്രായങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ചിലർ ഈ കുടുംബത്തിന്റെ ഐക്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ മറ്റു ചിലർ അതിനെ വിമർശിക്കുകയും ചെയ്തു.
'ആ കഠിനാധ്വാനികളായ സ്ത്രീകൾക്ക്, യാത്രയിൽ പോലും സമാധാനം ഇല്ലെന്ന്' ക്ലിപ്പിനോട് പ്രതികരിച്ചുകൊണ്ട് ഒരു ഉപയോക്താവ് കുറിച്ചു.
'ഇങ്ങനെയാണ് യഥാർത്ഥത്തിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യേണ്ടത്. ഇതെല്ലാം തയ്യാറാക്കാനും പാക്ക് ചെയ്യാനും പുരുഷന്മാരും സഹായിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ടെന്ന്', മറ്റൊരാൾ അവരെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു.
'ഇത് ഒരു റീൽ മാത്രമല്ല, ഒരു വികാരമാണെന്ന്' മറ്റൊരാൾ കുറിച്ചു.
എന്നാൽ ഇത് മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. 'ഇവർ ഇറങ്ങിക്കഴിഞ്ഞാൽ ആ സീറ്റുകളിലും പരിസരത്തും നിറയെ വെയ്സ്റ്റ് ഉണ്ടാകുമെന്നും' ഒരാൾ പറഞ്ഞു.
മുമ്പും ഇത്തരത്തിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഒരു ട്രെയിൻ യാത്രയ്ക്കിടെ മറ്റൊരു ഇന്ത്യൻ കുടുംബം മൂന്നു നേരവും വീട്ടിൽ നിന്ന് കൊണ്ടു വന്ന ഭക്ഷണം കഴിക്കുന്ന ഇൻസ്റ്റാഗ്രാം വീഡിയോ മുമ്പ് വൈറലായിരുന്നു. 10 ലക്ഷത്തിലധികം വ്യൂസ് ഈ വീഡിയോയും നേടിയിരുന്നു.