ഇന്ത്യന്‍ വിഭവങ്ങൾക്ക് എവിടെയും ആരാധകര്‍ ഏറെയാണ്. ചില വിദേശരാജ്യങ്ങള്‍ തങ്ങള്‍ക്ക് ആകുന്ന വിധത്തില്‍ ഇന്ത്യന്‍ ഭക്ഷണം വിളമ്പാന്‍ ശ്രമിക്കാറുമുണ്ട്. എന്നാല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായി അതേ രുചിയിൽ സൗത്ത് ഇന്ത്യന്‍ ഭക്ഷണം ലഭിക്കുന്ന വിദേശരാജ്യത്തെ ഒരു റെസ്റ്റോറന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഗോവ മുഖ്യമന്ത്രിയുടെ മുന്‍ നയഉപദേശകനായ പ്രസന്ന കാര്‍ത്തിക് ആണ് ഈ റെസ്റ്റോറന്റിനെപ്പറ്റിയുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ജപ്പാനിലാണ് ഈ റെസ്റ്റോറന്റ്. ക്യോട്ടോ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഈ റെസ്റ്റോറന്റ് കണ്ടെത്തിയത്.
advertisement
അതിശയം എന്തെന്നാല്‍ ഈ റെസ്റ്റോറന്റ് നടത്തുന്നത് ഇന്ത്യക്കാരല്ല. ജപ്പാന്‍കാര്‍ തന്നെയാണ് ഇവിടെ ഇന്ത്യന്‍ ഭക്ഷണം ഉണ്ടാക്കുന്നത്.
” ജപ്പാനിലെ ക്യോട്ടോയില്‍ സൗത്ത് ഇന്ത്യന്‍ ഭക്ഷണം കിട്ടുന്ന ഒരു റെസ്റ്റോറന്റില്‍ ഞാന്‍ പോയി. തഡ്ക എന്നാണ് റെസ്റ്റോറന്റിന്റെ പേര്. ജപ്പാന്‍കാരാണ് ഈ റെസ്റ്റോറന്റ് നടത്തുന്നത്. ഓരോ ആറ് മാസം കൂടുമ്പോഴും ഇവര്‍ ചെന്നൈയിലെത്താറുണ്ട്. പുതിയ പുതിയ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ പഠിക്കുന്നു. ശേഷം അത് തങ്ങളുടെ റെസ്റ്റോറന്റ് മെനുവില്‍ ഉള്‍പ്പെടുത്തും. ഏറ്റവും രുചികരമായ സൗത്ത് ഇന്ത്യന്‍ ഭക്ഷണമാണ് തഡ്കയില്‍ നിന്ന് കഴിച്ചത്. വളരെ സ്വാദുള്ള ദോശയും ഇഡ്ഡലിയും ആയിരുന്നു,” പ്രസന്ന കാര്‍ത്തിക് പറഞ്ഞു.
ഇന്ത്യന്‍ വിഭവങ്ങളാണ് വിളമ്പുന്നതെങ്കിലും ഇവിടെ ഏറ്റവും കൂടുതല്‍ എത്തുന്നത് ഇന്ത്യന്‍ വംശജരല്ലെന്നും പ്രസന്ന പറഞ്ഞു. ഈ ഭക്ഷണത്തിന് ആരാധകരായ ജപ്പാന്‍കാരാണ് അധികവും റെസ്റ്റോറന്റിലെത്തുന്നത്. കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന രീതിയെ പ്രോത്സാഹിപ്പിക്കുന്ന റെസ്റ്റോറന്റു കൂടിയാണിത്.
ഇന്ത്യന്‍ സംസ്‌കാരത്തോടും ആത്മീയതോടും അഗാധ ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് ഈ റെസ്റ്റോറന്റിന്റെ ഉടമകളെന്നും പ്രസന്ന പറഞ്ഞു. ഇവര്‍ ഇടയ്ക്കിടെ ചെന്നൈയില്‍ എത്താറുണ്ട്. ഭഗവാന്‍ രമണ മഹര്‍ഷിയുടെ ആശ്രമത്തില്‍ ധ്യാനം ചെയ്യാറുണ്ടെന്നും പ്രസന്ന പറഞ്ഞു. രമണ മഹര്‍ഷിയുടെ ചിത്രവും റെസ്റ്റോറന്റില്‍ വെച്ചിട്ടുണ്ട്.
അതേസമയം ഇവര്‍ സൗത്ത് ഇന്ത്യന്‍ സ്പെഷ്യൽ ഫിൽട്ടർ കോഫീ തനിക്ക് സൗജന്യമായി നല്‍കിയെന്നും പ്രസന്ന പറഞ്ഞു. തന്റെ ജീവിതത്തില്‍ ഇതുപോലെ സ്വാദേറിയ ഒരു ഫില്‍ട്ടര്‍ കോഫീ കഴിച്ചിട്ടില്ലെന്നും പ്രസന്ന കൂട്ടിച്ചേർത്തു.
പ്രസന്നയുടെ പോസ്റ്റ് ഏറ്റെടുത്ത് നിരവധി പേരാണ് മുന്നോട്ട് വന്നത്. ഏകദേശം 600,000 പേരാണ് പോസ്റ്റ് കണ്ടത്. ഇത്രയും രുചികരമായ സൗത്ത് ഇന്ത്യന്‍ ഭക്ഷണം ഒരുക്കുന്ന തഡ്ക റെസ്റ്റോറന്റിനെ പലരും പ്രശംസിക്കുകയും ചെയ്തു.
2012 ജനുവരിയിലാണ് തഡ്ക ഉടമയും ഷെഫ് ഡായ് ഒകോന്‍ഗിയും ചേര്‍ന്ന് ക്യോട്ടോയില്‍ ഈ റെസ്റ്റോറന്റ് ആരംഭിച്ചത്. 2021ല്‍ ഒഷികോജി സ്ട്രീറ്റിൽ തങ്ങളുടെ മറ്റൊരു ബ്രാഞ്ച് ഇവര്‍ തുറക്കുകയും ചെയ്തിരുന്നു.