ലെജെയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും സോഷ്യൽ മീഡിയ പേജിൽ നിന്നും ഡെനിം ജീൻസിന്റെ നിരവധി ചിത്രങ്ങൾ @_gastt എന്ന ഉപയോക്താവ് ട്വിറ്ററിൽ പങ്കിട്ടു. ചിത്രങ്ങളിൽ കാണുന്ന ‘സ്ലാഷ്’ ജീൻസ് യഥാർത്ഥത്തിൽ ഡെനിം പകുതിയായി മുറിച്ച് കൃത്യമല്ലാത്ത പാറ്റേണിൽ ഒരുമിച്ച് തുന്നി ചേർത്തിരിക്കുന്നതാണ്. സ്ലാഷ് ജീൻസ് എന്നറിയപ്പെടുന്ന ഇത്തരം ജീൻസുകളുടെ വില 375 ഡോളറാണ് (27,479 രൂപ).
ഓൺലൈനിൽ പങ്കുവച്ചതോടെ ഡെനിം ജീൻസിന്റെ ചിത്രങ്ങൾ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിപ്പിക്കുകയും നെറ്റിസൺമാർക്കിടയിൽ വൈറലായി മാറുകയും ചെയ്തു. ജീൻസിന്റെ സ്റ്റൈൽ കണ്ട് പലരും അത്ഭുതം പ്രകടിപ്പിച്ചു.
advertisement
ജീൻസ് ഡെനിം അല്ലെങ്കിൽ ഡുങ്കാറീ എന്ന തുണിയുപയോഗിച്ചാണു നിർമ്മിക്കുന്നത്. 1873ൽ ആണ് ജീൻസ് എന്നു സാധാരണ നാം വിളിക്കുന്ന നീല ജീൻസ് എന്ന പ്രത്യേകതരം പാന്റ്സ് കണ്ടുപിടിച്ചത്. ജേക്കബ് ഡേവിസ്, ലെവി സ്ട്രാസ്സ് എന്നിവരാണ് ജീൻസ് കണ്ടുപിടിച്ചത്. ഈ പരുക്കൻ വസ്ത്രം യഥാർഥത്തിൽ ഖനിത്തൊഴിലാളികൾക്കും കാലിമേയ്ക്കുന്നവർക്കുമായാണ് ആദ്യ കാലത്ത് തയ്യാറാക്കിയത്. എന്നാൽ പിന്നീട് ജീൻസ് കൗമാരപ്രായക്കാർക്ക് ഇടയിലും ഹിപ്പികൾ പോലുള്ള ഗ്രൂപ്പുകൾക്കിടയിലും പ്രചാരം നേടി. ലെവീസ്, ലീ, റാംഗ്ലർ എന്നിവയാണ് പ്രമുഖ ജീൻസ് ബ്രാൻഡുകൾ. ജീൻസുകൾ മറ്റു പാന്റുകളേക്കാൾ കൂടുതൽ കാലം നിലനിൽക്കും. ലോകത്തൊട്ടാകെ ആളുകൾക്കിടയിൽ ജീൻസിന്റെ പ്രചാരം വർദ്ധിച്ചു വരുന്നതിനിടെയാണ് ഇത്തരം ഫാഷൻ ട്രെൻഡുകളും തരംഗമായി മാറുന്നത്.
യുവാക്കൾ ജീൻസ്, ഹാഫ് പാന്റ്സ്, സ്കർട്ട് എന്നിവ ധരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ പഞ്ചായത്തിനെക്കുറിച്ചുള്ള വാർത്തകൾ അടുത്തിടെ പുറത്തു വന്നിരുന്നു. നിർദേശം ലംഘിച്ച് ഈ വസ്ത്രങ്ങൾ ധരിച്ച് പൊതു സ്ഥലത്ത് ഇറങ്ങിയാൽ സാമൂഹിക ബഹിഷ്കരണം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ആൺകുട്ടികൾ ഹാഫ് പാന്റ്സ് ധരിക്കുന്നതിനും പെൺകുട്ടികൾ സ്കർട്ട്, ജീൻസ് എന്നിവ ധരിക്കുന്നതിനുമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മുസാഫർനഗറിലെ പിപ്പൽഷാ ഗ്രാമത്തിലുള്ള ക്ഷത്രിയ പഞ്ചായത്തിലാണ് ഉത്തരവിറങ്ങിയത്. ഗ്രാമത്തിലെ രജ്പുത്ത് വിഭാഗത്തിലുള്ളവരുടേതാണ് ഉത്തരവ്.
കഴിഞ്ഞ വർഷവും മുസാഫർനഗറിലെ ഖാപ്പ് പഞ്ചായത്ത് പുരുഷന്മാർ ഹാഫ് പാന്റ്സ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. മാർക്കറ്റിലും മറ്റ് പൊതു സ്ഥലങ്ങളിലും ആൺകുട്ടികൾ ഹാഫ് പാന്റ്സ് ധരിച്ച് പോകുന്നത് വീട്ടിലെ മുതിർന്നവർ തടയണമെന്നായിരുന്നു ഖാപ്പ് പഞ്ചായത് തലവൻ നരേഷ് ടികായത്ത് ആവശ്യപ്പെട്ടത്.