സുഖസൗകര്യങ്ങളും സുരക്ഷിതത്വും കണക്കിലെടുത്താണ് പല ആളുകളും ഫ്‌ളൈറ്റ് യാത്ര തിരഞ്ഞെടുക്കുന്നത്. എന്നാല്‍ അതിന് വിപരീതമായി നിരവധി സംഭവങ്ങളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ ചിലത് പരിശോധിക്കാം.
- തായ് സ്മൈല്‍ വിമാനത്തില്‍ യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം
ബാങ്കോക്കില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായിരുന്നു തായ് വിമാനത്തില്‍ സീറ്റ് ബെല്‍റ്റിനെ ചൊല്ലിയാണ് തര്‍ക്കം ഉണ്ടായത്. രണ്ട് ഇന്ത്യക്കാര്‍ തമ്മിലാണ് വാക്കേറ്റവും അടിയും നടന്നത്. ഇതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാകുകയും ചെയ്തു. ഡിസംബര്‍ 26 നാണ് സംഭവം നടന്നത്. ഇവരെ ‘നോ-ഫ്‌ലൈ’ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് ഇന്ത്യന്‍ വ്യോമയാന വകുപ്പിന്റെ നീക്കം. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നടന്ന സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
advertisement
- ‘ഞാന്‍ നിങ്ങളുടെ വേലക്കാരിയല്ല’: യാത്രക്കാരനോട് എയര്‍ഹോസ്റ്റസ്
ഇന്‍ഡിഗോയുടെ ഇസ്താംബുള്‍ – ഡല്‍ഹി വിമാനത്തില്‍ എയര്‍ ഹോസ്റ്റസും യാത്രക്കാരനും തമ്മിലാണ് തര്‍ക്കം ഉണ്ടായത്. കഴിഞ്ഞ ഡിസംബര്‍ 16-നാണ് സംഭവം നടന്നത്. പരിമിതമായ ഭക്ഷണത്തെച്ചൊല്ലിയാണ് യാത്രക്കാരനും ജീവനക്കാരിയും തമ്മിൽ തര്‍ക്കമുണ്ടായത്. നിങ്ങള്‍ ആക്രോശിച്ചതും ബഹളം വച്ചതുംകാരണം ഞങ്ങളുടെ ഒരു ക്രൂ മെമ്പര്‍ കരയുകയാണെന്ന് എയര്‍ഹോസ്റ്റസ് പറയുന്നത് വീഡിയോയില്‍ കാണാം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. എന്നാല്‍ ‘നീ എന്തിനാണ് അലറുന്നത്?’ എന്ന് യാത്രക്കാരന്‍ എയര്‍ഹോസ്റ്റസിനോട് ചോദിക്കുന്നുണ്ട്.
ഇത് വാക്ക് തര്‍ക്കത്തിന് കാരണമായി. അതിനിടെ യാത്രക്കാരന്‍ നിങ്ങള്‍ ഇവിടെ ഒരു വേലക്കാരിയാണെന്ന് പറയുന്നുണ്ട്. ഇത് കേട്ട എയര്‍ഹോസ്റ്റസ് ഞാന്‍ നിങ്ങളുടെ വേലക്കാരിയല്ല ഞാന്‍ ഇന്‍ഡിഗോ കമ്പനിയുടെ ജോലിക്കാരിയാണെന്ന് പറയുന്നുണ്ടായിരുന്നു. യാത്രക്കാരനെയും എയര്‍ഹോസ്റ്റസിനെയും അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തി.
- സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം
ന്യൂയോര്‍ക്ക്-ഡല്‍ഹി വിമാനത്തില്‍ വെച്ച് സഹയാത്രികന്‍ തന്റെ ദേഹത്ത് മൂത്രമൊഴിച്ചതായി ഒരു യാത്രക്കാരി പരാതി നല്‍കി. നവംബര്‍ 26 ന് എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് സംഭവം നടന്നത്. ഇയാള്‍ മദ്യപിച്ചിരുന്നതായും നഗ്നത പ്രദര്‍പ്പിച്ചെന്നും സ്ത്രീ ആരോപിച്ചു. ഇയാള്‍ക്കെതിരെ വിമാനജീവനക്കാരോട് പരാതി പറഞ്ഞെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് യാത്രക്കാരി പറയുന്നു. ഇതേതുടര്‍ന്ന് യാത്രക്കാരി എയര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് പരാതി ഉന്നയിച്ച് കത്തെഴുതി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര കമ്മിറ്റി രൂപീകരിക്കുകയും പ്രതിക്ക് 30 ദിവസത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.
കേസ് തുടര്‍നടപടികള്‍ക്കായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനിലേക്ക് (ഡിജിസിഎ) കൈമാറി. ഡല്‍ഹി പോലീസ് ഇയാള്‍ക്കെതിരെ പീഡനം, സ്ത്രീകള്‍ക്ക് നേരം അസഭ്യം പറയല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പാരീസ്-ഡല്‍ഹി വിമാനം: എയര്‍ ഇന്ത്യ വിമാനത്തിലെ സംഭവത്തിന് സമാനമായി പാരീസ്-ഡല്‍ഹി വിമാനത്തിലും യാത്രികയുടെ പുതപ്പില്‍ സഹയാത്രികന്‍ മൂത്രമൊഴിച്ചു. ഡിസംബര്‍ 6 നാണ് സംഭവം നടന്നത്. എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് സംഭവം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍(എടിസി) അറിയിച്ചു. യാത്രക്കാരന്‍ മദ്യലഹരിയിലായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ അതിക്രമം കാണിച്ചയാള്‍ യാത്രക്കാരിക്ക് മാപ്പ് എഴുതി നല്‍കിയെന്നും അതിനാല്‍ തുടര്‍നടപടികള്‍ ഒഴിവാക്കിയെന്നും അധികൃതര്‍ പറഞ്ഞു.
Also read-മരുന്ന് വാങ്ങാൻ മെഡിക്കൽ സ്റ്റോറിൽ നിൽക്കവേ യുവാവ് കുഴഞ്ഞുവീണു മരിച്ചു
- ഇന്‍ഡിഗോ ഫ്‌ലൈറ്റിലെ അടിപിടി
ഇന്‍ഡിഗോയുടെ ഡല്‍ഹി-മുംബൈ യാത്രക്കിടെയാണ് ഈ സംഭവം നടന്നത്. സഹയാത്രികനുമായി യാത്രക്കാരന്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീട് അത് അടിപിടിയില്‍ അവസാനിക്കുകയുമായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 14 നാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോയ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
- ഫ്‌ലൈറ്റ് ക്രൂവിനോട് മോശമായി പെരുമാറിയതിന് യാത്രക്കാരന്‍ അറസ്റ്റില്‍
ശ്രീനഗറില്‍ നിന്ന് അമൃത്സര്‍ വഴി ലഖ്നൗവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് 32 കാരനായ യാത്രക്കാരന്‍ വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറുകയായിരുന്നു. സംഭവത്തില്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. യാത്രക്കാരന്‍ ക്രൂ അംഗത്തെ ശല്യപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാസ്‌ക് ധരിക്കാനും സുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കാനും ആവശ്യപ്പെട്ട ജീവനക്കാരിയെ ഇയാള്‍ അധിക്ഷേപിക്കുകയും ആക്രോശിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ഇയാളെ വിമാനത്തില്‍ നിന്ന് പുറത്താക്കി.
ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ വിമാനത്തില്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് എങ്ങനെ നല്ല യാത്രക്കാരനാകാമെന്ന് നോക്കാം.
- മര്യാദയോടെ പെരുമാറുക: സഹയാത്രികരോടും ഫ്‌ളൈറ്റ് ജീവനക്കാരോടും മര്യാദയോട് കൂടി പെരുമാറുക.അവരെ സഹജീവികളായി പരിഗണിക്കുക.
- ക്രൂ അംഗങ്ങളെ ബഹുമാനിക്കുക: യാത്രക്കാര്‍ക്ക് ധൈര്യവും വേണ്ട സൗകര്യങ്ങളും ഒരുക്കി തരുന്ന ക്രൂ അംഗങ്ങള്‍ക്ക് നന്ദി പറയാന്‍ ശ്രമിക്കുക.
- നിങ്ങളുടെ സ്വന്തം ഓവര്‍ഹെഡ് കമ്പാര്‍ട്ട്‌മെന്റും സ്വന്തം സീറ്റും മാത്രം കൈകാര്യം ചെയ്യുക: ഇത്തരം കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ ശ്രമിക്കുക.
- കൗണ്ടറുകളില്‍ മാലിന്യം നിക്ഷേപിക്കരുത്: നിങ്ങളുടെ മാലിന്യങ്ങള്‍ കൃത്യസ്ഥലത്ത് നിക്ഷേപിച്ച് ജീവനക്കാരെ സഹായിക്കാന്‍ ശ്രമിക്കുക.
- നിങ്ങള്‍ നിങ്ങളുടെവീട്ടിൽ അല്ലെന്ന് ഓര്‍ക്കുക: നിങ്ങള്‍ക്ക് നിര്‍ദേശിച്ചിട്ടുള്ള സീറ്റില്‍ മറ്റുള്ളവര്‍ക്ക് ശല്യമാകാത്ത രീതിയില്‍ ഇരിക്കാന്‍ ശ്രദ്ധിക്കുക.