ഐപിഎല്ലിലെ ത്രസിപ്പിച്ച മത്സരം എന്നതിലുപരി ഈ മത്സരത്തിൽ ശ്രദ്ധ നേടിയത് ഒരു പെണ്‍കുട്ടിയായിരുന്നു. സൂപ്പർ ഓവർ മത്സരങ്ങൾ പുരോഗമിക്കവെ ഗാലറിയിൽ ആകാംഷഭരിതയായി നഖം കടിച്ചിരിക്കുന്ന ഈ പെൺകുട്ടിയുടെ ഭാവമാറ്റങ്ങൾ പലതവണ ക്യാമറക്കണ്ണുകളിൽ പതിഞ്ഞു. ഇതോടെ ചരിത്രം കുറിച്ച മത്സരമൊക്കെ വിട്ട് ആ പെൺകുട്ടി ആരാണെന്നറിയാനുള്ള തെരച്ചിലിലായി ക്രിക്കറ്റ് ആരാധകർ. ഒടുവിൽ ഉത്തരം കണ്ടെത്തുകയും ചെയ്തു.
ദുബായിൽ താമസക്കാരിയായ റിയാന ലാൽവാനി എന്ന 23കാരിയായിരുന്നു അത്. 'സൂപ്പർ ഗേൾ', 'സൂപ്പർ ഓവർ ഗേൾ'തുടങ്ങിയ പേരിൽ ട്രെൻഡിംഗ് ആയ റിയാനയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴേ്സിന്‍റെ എണ്ണവും ഇതോടെ കുതിച്ചുയർന്നു. അപ്രതീക്ഷിതമായി വൈറലായതിന്‍റെ സന്തോഷം റിയാനയും മറച്ചു വച്ചിട്ടില്ല.
advertisement
തന്‍റെ ചിത്രം വച്ചുള്ള മീമുകൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചാണ് ഇവരും ആവേശം വെളിപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്കിലെ വിവരങ്ങൾ അനുസരിച്ച് ദുബായിലെ ജുമൈറ കോളജിൽ നിന്നും സ്കൂൾ പഠനം പൂർത്തിയാക്കിയ റിയാന, നിലവിൽ ഇംഗ്ലണ്ടിൽ ബിരുദ പഠനം നടത്തുകയാണ്.
റിയാനയെ 'താരമാക്കിയ' ഞായറാഴ്ചത്തെ മത്സരത്തിൽ മുംബൈ ഇന്ത്യന്‍സിനെതിരേ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ കിങ്സ് ഇലവന്‍ പഞ്ചാബ് 20 ഓവർ പൂർത്തിയാക്കിയപ്പോൾ 176 റൺസാണ് എടുത്തത്. ഇതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്.ആദ്യ സൂപ്പർ ഓവറിൽ ഇരു ടീമുകളും അഞ്ച് റൺസ് വീതം എടുത്തപ്പോൾ മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് കടന്നു. രണ്ടാം സൂപ്പർ ഓവറിൽ മുംബൈ 11 റൺസ് നേടി. രണ്ടാം സൂപ്പർ ഓവറിനൊടുവിൽ മുംബൈക്കെതിരെ പഞ്ചാബ് തകർപ്പൻ വിജയം നേടി.