അഭിമുഖത്തിനിടെ, ചെറിയ ആൺകുട്ടികൾക്ക് മുതിർന്ന സ്ത്രീകളോട് ആകർഷണം തോന്നുന്നത് എന്തുകൊണ്ടാണെന്ന് ശുഭാങ്കർ മിശ്ര ചോദിച്ചു. ചെറിയ ആൺകുട്ടികളിൽ നിന്ന് അത്തരത്തിലുള്ള അനുഭവങ്ങൾ എപ്പോഴെങ്കിലും നേരിട്ടിട്ടുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. കഴിഞ്ഞ വർഷം നടന്ന ഒരു സംഭവത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് സീമ ഇതിന് മറുപടി നൽകി. തന്നെ സമീപിച്ച ആൺകുട്ടിക്ക് പ്രായം വെറും 15 വയസ്സായിരുന്നു എന്നും തനിക്ക് അപ്പോൾ 63 വയസുണ്ടായിരുന്നുവെന്നും അവർ വെളിപ്പെടുത്തി. "നിങ്ങളെക്കാൾ നാല് മടങ്ങ് പ്രായം കുറഞ്ഞ ഒരു പയ്യൻ നിങ്ങളെ വശീകരിക്കാൻ ശ്രമിച്ചു എന്നാണോ?" എന്ന ശുഭാങ്കറുടെ ചോദ്യത്തിന്, "അതെ, അതും ഏറ്റവും അശ്ലീലമായ ഭാഷയിൽ," എന്നാണ് സീമ പ്രതികരിച്ചത്.
advertisement
ഈ വീഡിയോ ക്ലിപ്പ് ഓൺലൈനിൽ പ്രചരിച്ചതോടെ, വ്യത്യസ്തമായ പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ഉണ്ടായത്. 15 കാരനേക്കുറിച്ചുള്ള പരാമർശം വന്നതോടെ സംഭാഷണത്തിന്റെ ഗൗരവം പാടെ മാറി. പ്രായപൂർത്തിയാകാത്ത ഒരാൾ ഇത്തരം വിഷയങ്ങളിൽ ഉൾപ്പെടുമ്പോൾ, അത് വെറും കൗതുകത്തിനോ സാമൂഹിക നിരീക്ഷണത്തിനോ അപ്പുറം ഉത്തരവാദിത്തപൂർണമായ ഗൗരവകരമായ ചർച്ചയായി മാറണമെന്ന് പലരും അഭിപ്രായപ്പെട്ടു.
വിഷയത്തിൽ ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് പ്രതികരിച്ചത് ഈ സംഭവം ഒരു വിനോദമായി കാണാനാവില്ലയെന്നാണ്. മറിച്ച് വലിയൊരു ആശങ്കയാണ് ഇത് ഉയർത്തുന്നതെന്നും ശുഭങ്കർ മിശ്രയെപ്പോലെയുള്ള ഒരു പ്രമുഖ പ്ലാറ്റ്‌ഫോമിൽ, പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇത്ര ലാഘവത്തോടെ സീമ ആനന്ദ് സംസാരിക്കാൻ പാടില്ലായിരുന്നു എന്നും അദ്ദേഹം ചൂണ്ടികാട്ടി.
ഇത്തരം ചർച്ചകളെ വെറും വൈറൽ കണ്ടന്റായിട്ടല്ല, മറിച്ച് സമൂഹത്തിനുള്ള ഒരു മുന്നറിയിപ്പായി വേണം കണക്കിലെടുക്കാൻ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വീഡിയോയിൽ സീമ ആനന്ദ് പങ്കുവെക്കുന്നത് ശരിയായ ലൈംഗീക വിദ്യാഭ്യാസം അല്ലെന്നും നിരവധിപേർ വിമർശിച്ചു.വ്യക്തികൾക്ക് അവർക്ക് ഇഷ്ടമുള്ളത് ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്, എന്നാൽ അതിനെ സാമൂഹിക പുരോഗതിയെന്നോ ശാക്തീകരണമെന്നോ വിളിക്കുന്നത് തികഞ്ഞ ധാർമ്മിക അപചയമാണന്നും വിമർശനങ്ങൾ ഉയർന്നു.
ആരാണ് സീമ ആനന്ദ്?
ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രശസ്ത മിത്തോളജിസ്റ്റും കഥാകാരിയുമാണ് സീമ ആനന്ദ്. ഭാരതീയ വാമൊഴി സാഹിത്യത്തെക്കുറിച്ചുള്ള പഠനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയുമാണ് അവർ ആഗോളതലത്തിൽ ശ്രദ്ധ നേടിയത്. അന്യംനിന്നു പോകുന്ന വാമൊഴി പൈതൃകങ്ങളെ സംരക്ഷിക്കാനുള്ള യുനസ്കോയുടെ പ്രോജക്റ്റുമായി ബന്ധപ്പെട്ടാണ് അവരുടെ ഔദ്യോഗിക പ്രവർത്തനങ്ങൾ നിലവിൽ മുന്നോട്ട് പോകുന്നത്. ഭാരതീയ ഇതിഹാസങ്ങളായ മഹാഭാരതം, രാമായണം എന്നിവയെക്കുറിച്ചും തന്ത്ര ശാസ്ത്രം, കാമസൂത്ര, ഭഗവദ്ഗീത തുടങ്ങിയ ഗ്രന്ഥങ്ങളെക്കുറിച്ചുമുള്ള ആഴത്തിലുള്ള അറിവിന് അവർ ഏറെ പ്രശസ്തയാണ്. 'ദി ആർട്സ് ഓഫ് സെഡക്ഷൻ' (The Arts of Seduction) എന്ന ശ്രദ്ധേയമായ പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് ഇവർ.
ഇൻസ്റ്റഗ്രാമിൽ പത്തു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സീമ ആനന്ദ്, സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിലും സജീവമാണ്. ലൈംഗികതയെക്കുറിച്ചുള്ള മിഥ്യാധാരണകൾ തിരുത്താനും കാമസൂത്രയിലെ അറിവുകളെ ലളിതവൽക്കരിക്കാനും അവർ തന്റെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നു. സ്ത്രീകളുടെ ലൈംഗിക സംതൃപ്തിയെക്കുറിച്ചും താല്പര്യങ്ങളെക്കുറിച്ചും യാതൊരു മറയുമില്ലാതെ സംസാരിക്കുന്നതിലൂടെ ഒരു വലിയ വിഭാഗം ജനങ്ങളുടെ കാഴ്ചപ്പാടുകൾ മാറ്റാൻ സീമ ആനന്ദിന് സാധിച്ചിട്ടുണ്ട്.
