ദേഹമാസകലം ആഭരണമണിഞ്ഞ ഗോൾഡ് മാന്റെ സ്വർണമെല്ലാം ചെമ്പ്!
- Published by:SIBILI S
- news18-malayalam
Last Updated:
ആഭരണങ്ങൾ റോഡിയം പൂശിയ ചെമ്പ് കൊണ്ട് നിർമ്മിച്ച ഡ്യൂപ്ലിക്കേറ്റ് ആഭരണങ്ങളാണെന്ന് സുരേഷ് കുമാർ സമ്മതിച്ചു
ദേഹമാസകലം ആഭരണങ്ങൾ ധരിച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയ ഗോൾഡ് മാൻ എന്നറിയപ്പെടുന്ന പല്ലപ്പു സുരേഷ് കുമാറിന്റെ സ്വർണം ചെമ്പാണെന്ന് കണ്ടെത്തി. ഡൽഹി വിമാനത്താവളത്തിൽ വെച്ച് രണ്ട് കിലോ സ്വർണം കൈവശം വച്ചതിന് വിജയ് കുമാർ എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് വെളിപ്പെടുത്തൽ. ഇയാളിൽ നിന്ന് 2.3 കോടി വിലമതിക്കുന്ന 1.4 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു സൂര്യ ഭായ് എന്ന സുരേഷ് കുമാറിന്റെ കളവ് പുറത്തായത്. കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്റ്റ്.
ദേഹമാസകലം ആഭരണങ്ങൾ, വെള്ള വസ്ത്രങ്ങൾ, ക്ഷേത്ര സന്ദർശനങ്ങൾ എന്നിവയിലൂടെ പൊതുസമൂഹത്തിൽ ശ്രദ്ധപിടിച്ചുപറ്റിയ ആളാണ് സുരേഷ് കുമാർ. ഗോൾഡ് മാൻ സൂര്യ ഭായ് എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ഒരു കോടി വിലമതിക്കുന്ന 12 സ്വർണാഭരണങ്ങൾ ധരിച്ചാണ് സൂര്യ ഭായ് മാർച്ച് 27-ന് ചോദ്യം ചെയ്യലിന് ഹാജരായത്.
ചോദ്യം ചെയ്യലിൽ ആഭരണങ്ങളെല്ലാം അഴിപ്പിക്കുകയും പരിശോധിക്കുകയും ചെയ്തു. ആഭരണങ്ങൾ റോഡിയം പൂശിയ ചെമ്പ് കൊണ്ട് നിർമ്മിച്ച ഡ്യൂപ്ലിക്കേറ്റ് ആഭരണങ്ങളാണെന്ന് സുരേഷ് കുമാർ സമ്മതിക്കുകയായിരുന്നു. ധരിച്ചിരുന്നതിൽ 32 എണ്ണവും വ്യാജ ആഭരണമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
advertisement
സോഷ്യൽമീഡിയയിലും യൂട്യൂബ് അഭിമുഖങ്ങളിലും കിലോ കണക്കിന് സ്വർണം ധരിച്ചാണ് ഇയാൾ എത്തിയിരുന്നത്. സമൂഹത്തിന് മുന്നിൽ ഗോൾഡ് മാൻ എന്ന പ്രതിച്ഛായ സൃഷ്ടിച്ച സുരേഷ് കുമാർ ജിം ഇൻസ്ട്രക്ടറാണ്. സുരേഷ് കുമാറിന്റെ വരുമാന സ്രോതസുകളെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Hyderabad,Telangana
First Published :
Apr 01, 2026 11:29 AM IST










