താനും തന്റെ പങ്കാളിയും വിവാഹം ആസൂത്രണം ചെയ്യുന്നതിനിടെ തങ്ങളുടെ ബന്ധത്തോടുള്ള പങ്കാളിയുടെ മനോഭാവത്തില്‍ മാറ്റങ്ങള്‍ ദൃശ്യമായതായി പ്രിയങ്ക വെളിപ്പെടുത്തി. ആദ്യം ഇരുവരുടെയും വീട്ടുകാര്‍ വിവാഹത്തിന് സമ്മതം അറിയിച്ചിരുന്നുവെങ്കിലും വിവാഹത്തിന് ശേഷം വളര്‍ത്തു നായയെ ഒപ്പം കൂട്ടണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടതോടെ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. തന്റെ അമ്മ അസുഖബാധിതയാണെന്നും അതിനാല്‍ നായയെ പരിചരിക്കാന്‍ കഴിയില്ലെന്നും പ്രിയങ്ക പറഞ്ഞതോടെ കാര്യങ്ങള്‍ വഷളായി. നായയുടെ കാര്യങ്ങള്‍ പ്രധാനമായും താനാണ് കൈകാര്യം ചെയ്യുന്നതെന്നും അവര്‍ വരന്റെ വീട്ടുകാരെ അറിയിച്ചു. എന്നാല്‍, വരന്റെ അമ്മ നായയെ ഒപ്പം കൂട്ടുന്നതിനെ എതിര്‍ത്തു. തങ്ങള്‍ ഇതിനോടകം തന്നെ ഒരു നായയുണ്ടെന്നും അതിനാല്‍ മറ്റൊന്നിനെക്കൂടി നോക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.
advertisement
നായ തനിക്ക് കുഞ്ഞിനെപ്പോലെയാണെന്ന് പോസ്റ്റില്‍ പ്രിയങ്ക വ്യക്തമാക്കി. അവനെ ഉപേക്ഷിച്ച് പോകുന്നത് തനിക്ക് ആലോചിക്കാന്‍ പോലുമാകില്ലെന്ന് അവര്‍ പറഞ്ഞു. ഇതൊക്കെയാണെങ്കിലും തന്റെ പങ്കാളിയുടെ മാതാവ് ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. തുടര്‍ന്നാണ് ബന്ധം അവസാനിപ്പിക്കാന്‍ പ്രിയങ്ക തീരുമാനിച്ചത്. അതേസമയം, ഈ വിഷയത്തില്‍ പങ്കാളി തന്നെ പിന്തുണച്ചില്ലെന്നും നായയെ ഒപ്പം കൂട്ടുന്നതിനായി അമ്മയോട് സംസാരിച്ചില്ലെന്നും പ്രിയങ്ക പറഞ്ഞു. ഇതും വിവാഹം വേണ്ടെന്ന് വയ്ക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചതായി അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രിയങ്കയുടെ പോസ്റ്റ് വളരെ വേഗമാണ് എക്‌സില്‍ വൈറലായത്. വളര്‍ത്തുമൃഗങ്ങളും അവയെ പരിചരിക്കുന്നവരും തമ്മിലുള്ള സ്‌നേഹബന്ധം മനസ്സിലാക്കിയ ഒട്ടേറെപ്പേര്‍ പ്രിയങ്കയ്ക്ക് പിന്തുണയറിയിച്ചു. തന്റെ നായയോടുള്ള പ്രിയങ്കയുടെ വൈകാരിക അടുപ്പത്തേക്കാള്‍ കുടുംബത്തിന്റെ സൗകര്യത്തിന് മുന്‍ഗണന നല്‍കിയതിന് അവരുടെ പങ്കാളിയെ ഒരാള്‍ വിമര്‍ശിച്ചു. അതേസമയം, ബന്ധങ്ങളുടെ കെട്ടുറപ്പിന് രണ്ടുപേരുടെയും പക്ഷത്തുനിന്നും ത്യാഗങ്ങളും വിട്ടുവീഴ്ചകളും ആവശ്യമാണെന്ന് മറ്റൊരാള്‍ ചൂണ്ടിക്കാട്ടി.
അതേസമയം, പ്രിയങ്കയുടെ തീരുമാനം പക്വതയില്ലാത്തതാണെന്ന് പലരും വിമര്‍ശിച്ചു. അവരുടെ പ്രതികരണം വളരെ നാടകീയത നിറഞ്ഞതാണെന്ന് തോന്നുന്നുവെന്ന് ഒരാള്‍ പ്രതികരിച്ചു. ആദ്യം കുറിപ്പുവായിച്ചപ്പോള്‍ പ്രിയങ്കയോട് സഹതാപം തോന്നിയെങ്കിലും കുറിപ്പ് വിശദമായി വായിച്ചപ്പോള്‍ അതില്‍ മാറ്റമുണ്ടായതായും ചിലര്‍ പറഞ്ഞു.