ഹോട്ട് പോട്ട് എന്ന റെസ്റ്റോറന്റിൽ ആഹാരം കഴിക്കാൻ എത്തിയതായിരുന്നു വാങ്. താൻ വാങ്ങിയ ഭക്ഷണത്തിന്റെ ചിത്രം വാങ് തന്റെ വീ ചാറ്റ് അക്കൗണ്ട് വഴി പങ്ക് വച്ചു. പക്ഷെ തന്റെ ടേബിളിന്റെ ക്യൂ ആർ കോഡ് ചിത്രത്തിൽ ഉൾപ്പെട്ടത് വാങ് അപ്പോൾ ശ്രദ്ധിച്ചില്ല. ഓൺലൈനിൽ പോസ്റ്റ് ചെയ്യപ്പെട്ട ചിത്രത്തിലെ ക്യൂ ആർ കോഡ് വഴി നിരവധിപ്പേരാണ് വാങ്ങിന്റെ പേരിൽ ഭക്ഷണം ഓർഡർ ചെയ്തത്.
advertisement
ടേബിളിൽ ഇരുന്ന് കൊണ്ട് തന്നെ ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് ആവശ്യമായവ ഓർഡർ ചെയ്യുന്നതിനാണ് ഓരോ ടേബിളിലും പ്രത്യേകം ക്യൂ ആർ കോഡ് സേവനം റെസ്റ്റോറന്റുകൾ നൽകുന്നത്. ഈ സേവനമാണ് ദുരുപയോഗം ചെയ്യപ്പെട്ടത്. വാങ്ങിന്റെ ടേബിളിലെ ക്യൂ ആർ കോഡ് വഴി നിരവധി ഓർഡറുകൾ എത്തുന്നത് ശ്രദ്ധയിൽപ്പെട്ട റെസ്റ്റോറന്റ് ജീവനക്കാർ ഇത് തിരിച്ചറിയുകയും വാങ്ങിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും മറ്റൊരു ടേബിളിലേക്ക് മാറ്റുകയും ചെയ്തു. ഇനി ചിത്രങ്ങൾ വളരെ സൂക്ഷ്മതയോടെ മാത്രമേ ഷെയർ ചെയ്യൂ എന്നാണ് വാങ് ഇതിനോട് പ്രതികരിച്ചത്.
അനാവശ്യമായി ഓർഡറുകൾ ചെയ്ത് റെസ്റ്റോറന്റുകളെ കബിളിപ്പിക്കുന്നവരെ തിരിച്ചറിയുന്നതിലൂടെ അവരിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടാൻ റെസ്റ്റോറന്റുകൾക്ക് അവകാശമുണ്ടെന്ന് അഭിഭാഷകനായ ലിൻ സിയോമിങ് പറഞ്ഞു. ലഭിക്കുന്ന ഓർഡറുകൾ സ്ഥിരീകരിക്കാൻ റെസ്റ്റോറന്റുകൾ മെച്ചപ്പെട്ട സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, വാങ് ഷെയർ ചെയ്ത ചിത്രത്തിലെ ക്യൂ ആർ കോഡ് വഴി ഇപ്പോഴും ഓർഡറുകൾ വരുന്നുണ്ടെന്ന് ഹോട്ട് പോട്ട് റെസ്റ്റോറന്റ് പറയുന്നു.