ഒരു പാർക്കിംഗ് ഏരിയയിൽ രാത്രിയിലാണ് സംഭവം നടക്കുന്നത്. ചുവന്ന റിബൺ കെട്ടിയ വലിയൊരു വെള്ള ഗിഫ്റ്റ് ബോക്സിന് അരികിൽ കറുത്ത സ്യൂട്ട് ധരിച്ച യുവാവും കറുത്ത വസ്ത്രം ധരിച്ച യുവതിയും നിൽക്കുന്നത് വീഡിയോയിൽ കാണാം. "ഞാൻ എങ്ങനെയാണ് എന്റെ കാമുകിക്ക് ഒരു സർപ്രൈസ് നൽകാൻ ശ്രമിച്ചത്" എന്ന കുറിപ്പോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ബോക്സിനുള്ളിൽ പണത്തിന്റെ ഒരു നീണ്ട ചങ്ങല ഘടിപ്പിച്ച ബലൂൺ യുവാവ് തയ്യാറാക്കി വെച്ചിരുന്നു. ബോക്സ് തുറക്കുമ്പോൾ ഈ പണച്ചങ്ങല ബലൂണിനൊപ്പം മുകളിലേക്ക് ഉയരുന്ന രീതിയിലായിരുന്നു ഇത് ക്രമീകരിച്ചിരുന്നത്.
advertisement
യുവതി ബോക്സ് തുറന്നപ്പോൾ പണവുമായി ബലൂൺ മുകളിലേക്ക് ഉയർന്നു. ഇത് കണ്ട് വികാരാധീനയായ യുവതി പണത്തെക്കുറിച്ച് ചിന്തിക്കാതെ തന്റെ കാമുകനെ കെട്ടിപ്പിടിച്ചു. എന്നാൽ ഈ സന്തോഷനിമിഷത്തിനിടയിൽ പെട്ടെന്ന് ബലൂൺ കൈവിട്ടുപോയി. ബോക്സിൽ നിന്നും വേർപെട്ട പണച്ചങ്ങല ബലൂണിനൊപ്പം രാത്രി ആകാശത്തേക്ക് ഉയർന്നു പറന്നു. യുവതി അതിനുപിന്നാലെ ഓടിയെങ്കിലും പണം പിടിക്കാനായില്ല. നിരാശനായ യുവാവ് തന്റെ കോട്ട് മുകളിലേക്ക് എറിഞ്ഞ് നോക്കിയെങ്കിലും ഫലമുണ്ടായില്ല.
സംഭവിച്ച കാര്യങ്ങൾ വിശ്വസിക്കാനാവാതെ യുവാവ് തറയിൽ തകർന്നിരുന്നു പോയി. ഈ സമയം കാമുകി അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. "നിന്റെ ആ മനസ്സാണ് വലുത്" എന്ന് അവൾ പറഞ്ഞപ്പോൾ, "അത് എന്റെ ശമ്പളമായിരുന്നു" എന്നായിരുന്നു യുവാവിന്റെ മറുപടി. "ഇനിയും കൂടുതൽ പണം സമ്പാദിക്കൂ" എന്നാണ് യുവതി ഇതിനോട് പ്രതികരിച്ചത്.
ഏകദേശം 2000 ഡോളർ (ഇന്ത്യൻ രൂപയിൽ 1.8 ലക്ഷം) ആണ് ഇങ്ങനെ ആകാശത്തേക്ക് പറന്നുപോയതെന്ന് വീഡിയോയിലെ കുറിപ്പിൽ പറയുന്നു. ഫെബ്രുവരി 10-ന് പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 11 കോടിയിലധികം ആളുകൾ കണ്ടുകഴിഞ്ഞു. വീഡിയോയോടുള്ള പ്രതികരണങ്ങൾ സമ്മിശ്രമാണ്. പണത്തേക്കാൾ മുൻപ് കാമുകനെ കെട്ടിപ്പിടിച്ച യുവതിയുടെ പ്രവർത്തിയാണ് യഥാർത്ഥ വിജയമെന്ന് ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ ഇത്തരം സർപ്രൈസുകൾ വീടിനുള്ളിൽ വെച്ച് നടത്തുന്നതായിരുന്നു ബുദ്ധിയെന്നും ചിലർ കമന്റ് ചെയ്തു.
