പൊലീസ് അടുത്തെത്തിയപ്പോൾ സിനിമാ സ്റ്റൈലിൽ യുവാവ് വാഹനത്തിന്റെ മുകളിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. പഞ്ചാബ് ഹരിയാന അതിർത്തിയിൽ കുരുക്ഷേത്രയിലാണ് സംഭവം. ഇവിടെ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് പ്രതിഷേധക്കാരായ കർഷകരെ തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിനിടെ ട്രാക്ടറിലെത്തിയ യുവാവ് ജലപീരങ്കി വാഹനത്തിനു മുകളിൽ കയറി വെള്ളം പമ്പ് ചെയ്യുന്നത് ഓഫ് ചെയ്യുകയായിരുന്നു.
സമൂഹമാധ്യമങ്ങളിലടക്കം നിരവധിപേരാണ് യുവാവിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്. കര്‍ഷക സമരത്തിലെ പ്രതിരോധത്തിൻറെ പ്രതീകമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. അംബാലയിൽ നിന്നുള്ള നവ്ദീപ് സിംഗ് എന്ന ബിരുദ വിദ്യാർഥിയാണിത്. കർഷകർക്കൊപ്പം പ്രതിഷേധത്തിന് എത്തിയതായിരുന്നു യുവാവ്.
advertisement
താനൊരു വിദ്യാര്‍ഥിയാണെന്നും മുമ്പൊരിക്കലും ഇത്തരത്തില്‍ ചാടുകയോ മറിയുകയോ ഒന്നും ചെയ്തിട്ടില്ലെന്നും എന്നാല്‍ പ്രതിഷേധക്കാരുടെ ധൈര്യം കണ്ടപ്പോള്‍ അങ്ങനെ ചെയ്യാന്‍ തോന്നിയെന്ന് നവ്ദീപ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇതിനു പിന്നാലെ ഒരു പൊലീസുകാരൻ ലാത്തി കൊണ്ട് തന്നെ അടിച്ചുവെന്നും എന്നാൽ അദ്ദേഹത്തോട് ദേഷ്യമില്ലെന്നും കാരണം അദ്ദേഹവും കര്‍ഷകന്റെ മകനാണെന്ന് നവ്ദീപ് പറഞ്ഞു.