2022 ലെ യുപിഎസ്‍സി പരീക്ഷയുടെ ഫലം വന്നപ്പോൾ 933 ഉദ്യോഗാർത്ഥികളാണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ പരിശീല സ്ഥാപനങ്ങളുടെ പരസ്യങ്ങൾ കണക്കിലെടുത്താൽ, ഈ നമ്പർ 3,500-ലധികം വരും, അതായത്, തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ 3.5 മടങ്ങ് കൂടുതൽ. വിജയിച്ച ചിലർ തങ്ങളുടെ സ്ഥാപനങ്ങളിലാണ് പരിശീലനം നേടിയതെന്ന രീതിയിലാണ് പല കോച്ചിങ്ങ് സ്ഥാപനങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യം നൽകിയത്. ബൈജൂസ് ഐഎഎസ്, ദൃഷ്ടി ഐഎഎസ്, നെക്സ്റ്റ് ഐഎഎസ്, ഖാൻ സ്റ്റഡി ഗ്രൂപ്പ് ഐഎഎസ്, അനലോഗ് ഐഎഎസ്, വാജിറാവു ആൻഡ് റെഡ്ഡി ഇൻസ്റ്റിറ്റ്യൂട്ട്, യോജന ഐഎഎസ്, എഎൽഎസ് ഐഎഎസ്, വിഷൻ ഐഎഎസ്, പ്ലൂട്ടസ് ഐഎഎസ്, ശങ്കർ ഐഎഎസ്, ശ്രീറാം ഐഎഎസ് തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.
advertisement
പിഴ ഈടാക്കിയ ചില സ്ഥാപനങ്ങൾ ഇതിനകം അത് അടച്ചിട്ടുണ്ട്, ചിലർ ഇതിനെതിരെ കോടതിയെ സമീപിച്ചിട്ടുമുണ്ട്. കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ സത്യസന്ധമായ വിവരങ്ങളാണ് നൽകുന്നതെന്ന് ഉറപ്പാക്കാൻ തങ്ങൾ വിശദമായ മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് സിസിപിഎ കമ്മീഷണറും ഉപഭോക്തൃ കാര്യ വകുപ്പിലെ സ്‌പെഷ്യൽ സെക്രട്ടറിയുമായ നിധി ഖാരെ സിഎൻബിസി ടിവി 18 നോട് പറഞ്ഞു. യുപിഎസ്‌സി പ്രിലിമിനറി പരീക്ഷയെഴുതുന്ന 10 ലക്ഷത്തോളം വിദ്യാർത്ഥികളിൽ നിന്ന് 10,000-ത്തോളം പേരാണ് മെയിൻ പരീക്ഷക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പല പരിശീലന സ്ഥാപനങ്ങളും ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ സൗജന്യ മോക്ക് ഇന്റർവ്യൂ സെഷനുകൾക്കായി ക്ഷണിക്കാറുണ്ട്.
പിന്നീട്, ഇവർ തങ്ങളുടെ പൂർവ വിദ്യാർത്ഥികളെന്നു കാണിച്ചാണ് ഇത്തരം സ്ഥാപനങ്ങൾ പരസ്യം നൽകുന്നതെന്നും നിധി ഖാരെ പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ കണ്ട് പലരും ഇത്തരം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ചേരുന്നുണ്ടെന്നും ഇത്തരം സ്ഥാപനങ്ങളിൽ ചേർന്നു പഠിച്ചില്ലെങ്കിൽ ഐഎഎസ്, ജെഇഇ, നീറ്റ് തുടങ്ങിയ പരീക്ഷകളിലൊന്നും വിജയിക്കാനാവില്ലെന്ന ചിന്ത പലർക്കും ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു. അഞ്ചോളം പരിശീല സ്ഥാപനങ്ങൾ ഒരേ വ്യക്തിയെ തങ്ങളുടെ പൂർവ വിദ്യാർത്ഥിയായി കാണിച്ചത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും തെറ്റിദ്ധരിപ്പിക്കുന്നതും അതിശയോക്തിപരവുമായ അവകാശവാദങ്ങളാണ് ഇതെന്നും നിധി ഖാരെ പറഞ്ഞു.