ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (NMC) 2021 ബാച്ചില്‍ പ്രവേശനം നേടിയ എല്ലാ പിജി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഈ സേവനം നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം മൂലമുള്ള നിയന്ത്രണങ്ങള്‍ കാരണം ഈ ഉത്തരവ് നടപ്പാക്കുന്നത് വൈകുകയായിരുന്നു. പെരിഫറല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം മനസ്സിലാക്കാനും അവിടത്തെ ഡോക്ടര്‍മാരുടെ കുറവ് ഒരു പരിധിവരെ പരിഹരിക്കാനുമാണ് പിജി ഡോക്ടര്‍മാര്‍ക്ക് ഗ്രാമീണ മേഖലയിലെ സേവനം നിര്‍ബന്ധമാക്കുന്നതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
advertisement
താലൂക്ക് തലത്തിലെ ആശുപത്രികള്‍ , ജില്ലാ ആശുപത്രികള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍, വനിതാ-ശിശു ആശുപത്രികള്‍, ടിബി സെന്ററുകള്‍, പൊതുജനാരോഗ്യ ലാബുകള്‍ തുടങ്ങി 78 ഓളം ആശുപത്രികളിലേക്കാണ് പിജി ഡോക്ടര്‍മാരെ നിയമിക്കുന്നത്. പിജി ഡോക്ടര്‍മാരുടെ സേവനം താലുക്ക് ആശുപത്രികളിലെ പ്രവര്‍ത്തനത്തെ കൂടുതല്‍ സുഗമമാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ലൊരു പരിശീലനവും ഇതിലൂടെ ലഭിക്കും. ജില്ലാ അടിസ്ഥാനത്തിലുള്ള ആരോഗ്യ സംവിധാനത്തെപ്പറ്റി വ്യക്തമായ ഒരു ബോധ്യം ഉണ്ടാകുകയും ചെയ്യും,’ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ഡിസ്ട്രിക്ട് റസിഡന്‍സി പ്രോഗ്രാം പിജി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഒരു സുവര്‍ണ്ണാവസരമാണെന്ന് കേരള സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ടി.എന്‍ സുരേഷ് പറഞ്ഞു. പെരിഫറല്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബുധനാഴ്ച ആരംഭിക്കുന്ന ഡിആര്‍പി പ്രോഗ്രാമിനെപ്പറ്റി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിരവധി ആശങ്കകളാണുള്ളത്. സേവന സാഹചര്യങ്ങളെപ്പറ്റിയും പരിശീലന കാലയളവിനെപ്പറ്റിയും വ്യക്തമായ ധാരണ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായിട്ടില്ല. എന്‍എംസി വിജ്ഞാപനം അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട താമസ സൗകര്യവും യാത്ര ബത്തയും നല്‍കേണ്ടതാണ്. വിദ്യാര്‍ത്ഥി ജോലി ചെയ്യുന്ന ആശുപത്രിയിലേക്കുള്ള ദൂരം 5 കിലോമീറ്ററില്‍ കൂടുതലാണെങ്കിലാണ് യാത്ര ബത്ത നല്‍കേണ്ടത്.
അതേസമയം അധികൃതര്‍ തങ്ങള്‍ക്ക് വേണ്ടത്ര സൗകര്യം ഒരുക്കാത്ത സ്ഥലങ്ങളില്‍ ജോലി ചെയ്യില്ലെന്ന് കേരള മെഡിക്കല്‍ പിജി അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്. ഒരു ആശുപത്രിയില്‍ തന്നെ 10 മുതല്‍ 17 പിജി ഡോക്ടര്‍മാരാണ് വേണ്ടത്. ദിവസം പന്ത്രണ്ട് മണിക്കൂറാണ് ജോലി സമയം. അതിനാല്‍ മതിയായ സൗകര്യം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും. പ്രത്യേകിച്ച് ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു.