നിലവിൽ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 1,30,60,542 ആണ്. ഇതുവരെ 1,19,13,292 പേർ രോഗമുക്തരായി. 9,79,608 ആക്ടീവ് കേസുകളാണുള്ളത്. ഇതുവരെ 1,67,642 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. കോവിഡിനെ പ്രതിരോധിക്കാൻ യുദ്ധസമാന നടപടികൾ ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചത് 9,43,34,262 പേരാണ്.
കേരളമടക്കമുള്ള നിരവധി സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൽ കടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. കർണാടകയിലെ ബംഗളൂരു, മംഗളൂരു, കൽബുർഗി, മൈസൂരു, ഉഡുപ്പി, തുംകുരു, ബീദർ എന്നീ ഏഴ് പ്രധാന നഗരങ്ങളിൽ രാത്രി 10 മുതൽ രാവിലെ 5 വരെ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. മണിപ്പാലിലും ഏപ്രിൽ 10 മുതൽ 20 വരെ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ തിങ്കളാഴ്ച്ച മുതൽ വൈകിട്ട് 6 മുതൽ രാവിലെ 6 മണിവരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തമിഴ്നാട്ടിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.
advertisement
അതേസമയം, കോവിഡ് ബാധിതനായ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യസ്ഥിതി വിലയിരുത്താൻ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ സാന്നിധ്യത്തിൽ മെഡിക്കൽ ബോർഡ് യോഗം ചേരുകയാണ്. കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്. കോവിഡ് ബാധിതനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നിലയിലും ആശങ്കയില്ല.
കോവിഡ് രണ്ടാം വരവിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു. സംസ്ഥാനത്ത് കോവിഡ് വീണ്ടും വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. നിയന്ത്രണങ്ങൾ ലംഘിച്ചതിന് വ്യാഴാഴ്ച മാത്രം 236 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മാസ്ക് ധരിക്കാത്തതിന് 862 പേർക്ക് പിഴ ചുമത്തി.
മാസ്ക് ധരിക്കാത്തവർക്കും കൃത്യമായി സാമൂഹിക അകലം പാലിക്കാത്തവർക്കും എതിരെ കർശന നടപടി എടുക്കാനാണ് പൊലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാതെയുള്ള കൂട്ടം ചേരൽ അനുവദിക്കില്ല.
അതേസമയം കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ കർശന നിർദ്ദേശമുണ്ട്. ഇവിടങ്ങളിൽ നിർബന്ധമായും സാമൂഹിക അകലം പാലിക്കണം.
മറ്റ് സംസ്ഥാനറങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ ഏഴു ദിവസത്തിൽ കൂടുതൽ കേരളത്തിൽ കഴിയുന്നുണ്ടെങ്കിൽ മാത്രം ഏഴു ദിവസം ക്വാറന്റീനിൽ ഇരിക്കണം. എട്ടാം ദിവസം ഇവർ ആർ ടി പി സി ആർ പരിശോധന നടത്തണം. എന്നാൽ, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ഏഴു ദിവസത്തിനകം മടങ്ങു പോകുന്നവർ ആണെങ്കിൽ ക്വാറന്റീനിൽ ഇരിക്കേണ്ടതില്ല.
