തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ടിവന്നതും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയതും രോഗവ്യാപനം പരിധിവിടുന്ന ഘട്ടത്തിലാണ്. കോവിഡ് 19 തിരുവനന്തപുരം ജില്ലയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് മാര്‍ച്ച് 11നാണ്. ജൂലൈ 9 ആയപ്പോള്‍ 481 കേസുകളായി. ഇതില്‍ 215 പേര്‍ വിദേശത്തു നിന്നോ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ വന്നതാണ്. 266 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കംമൂലമാണ്. ഇന്നുമാത്രം തിരുവനന്തപുരത്ത് ആകെ പോസിറ്റീവായ 129 പേരില്‍ 105 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് വൈറസ് ബാധയുണ്ടായത്. ഈ കേസുകള്‍ വെച്ച് പഠനം നടത്തിയപ്പോള്‍ ജില്ലയില്‍ 5 ക്ലസ്റ്ററുകളാണ് കണ്ടെത്തിയത്. ഈ ക്ലസ്റ്ററുകള്‍ എല്ലാം തിരുവനന്തപുരം കോര്‍പ്പറേഷന്‍ കേന്ദ്രീകരിച്ചിട്ടുള്ളതാണ്.
advertisement
ഒരു പ്രത്യേക പ്രദേശത്ത് 50ല്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ലാര്‍ജ് കമ്യൂണിറ്റി ക്ളസ്റ്ററുകള്‍ ഉണ്ടായതായി കണക്കാക്കുന്നത്. കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ളത് 2 ലാര്‍ജ് കമ്യൂണിറ്റി ക്ളസ്റ്ററുകളാണ്. ആദ്യത്തേത് പൊന്നാനിയിലും രണ്ടാമത്തേത് തിരുവനന്തപുരം നഗരത്തിലെ മൂന്നു വാര്‍ഡുകളിലും. ഈ രണ്ടിടങ്ങളിലും ശാസ്ത്രീയമായ ക്ളസ്റ്റര്‍ മാനേജ്മെന്‍റ് സ്ട്രാറ്റജി നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്.
TRENDING:സ്വർണം അയച്ചത് ഫൈസൽ ഫരീദ്; സരിത്തും സ്വപ്നയും എൻ.ഐ.എ എഫ്.ഐ.ആറിൽ ഒന്നും രണ്ടും പ്രതികൾ [NEWS]'ആരിലൊക്കെ എത്തുമെന്ന നെഞ്ചിടിപ്പ് പലർക്കും ഉണ്ടാകും'; NIA അന്വേഷണത്തെ കുറിച്ച് മുഖ്യമന്ത്രി
[NEWS] 'സ്വർണക്കടത്തിൽ തീവ്രവാദ ബന്ധം'; സ്വപ്നയുടെ ജാമ്യ ഹർജി പരിഗണിക്കേണ്ടത് പ്രത്യേക കോടതിയെന്ന് NIA [NEWS]
അതിനായി കേസുകളും അവയുടെ കോണ്ടാക്ടുകളും ഒരു പ്രദേശത്ത് എങ്ങനെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കി കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിക്കുന്നു. ഇവിടെ പെരിമീറ്റര്‍ കണ്‍ട്രോള്‍ നടപ്പിലാക്കുന്നു. അതായത് ആ പ്രദേശത്തേക്ക് കടക്കുന്നതിനും ഇറങ്ങുന്നതിനും, കഴിയുമെങ്കില്‍ ഒരു വഴി മാത്രം ഉപയോഗിക്കുന്ന രീതിയില്‍, അവിടെയ്ക്കുള്ള വരവും പുറത്തോട്ടുള്ള പോക്കും കര്‍ശനമായി നിയന്ത്രിക്കും.
കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ക്കകത്ത് ക്ളസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ടോ എന്നു മനസ്സിലാക്കാനുള്ള വിശദമായ പരിശോധന നടത്തും. അതിനായി ടെസ്റ്റിങ് തീവ്രമാക്കും. വീടുകള്‍ സന്ദര്‍ശിച്ച് ശ്വാസകോശ സംബന്ധമായ മറ്റു രോഗങ്ങള്‍ ബാധിച്ചവരുണ്ടോ എന്നും കണ്ടെത്തി അവര്‍ക്ക് ആന്‍റിജന്‍ ടെസ്റ്റുകള്‍ നടത്തും. പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയാല്‍ കോണ്ടാക്ട് ട്രെയ്സിങ് ആണ് അടുത്ത ഘട്ടം.
തിരുവനന്തപുരത്ത് മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി, കുമരിചന്ത തുടങ്ങിയ പ്രദേശത്താണ് പ്രധാനപ്പെട്ട ക്ലസ്റ്റര്‍ രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ രോഗവ്യാപനത്തിന് കാരണമായ ഇന്‍ഡക്സ് കേസ് കന്യാകുമാരി ഹാര്‍ബറില്‍ നിന്നും മത്സ്യം എടുത്ത് കുമരിചന്തയില്‍ വില്‍പ്പന നടത്തിയ മത്സ്യവ്യാപാരിയാണ്.
ഇദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകര്‍, വീടുകളില്‍ മത്സ്യം കച്ചവടം നടത്തുന്നവര്‍, ചുമട്ടുതൊഴിലാളികള്‍, ലോറി ഡ്രൈവര്‍മാര്‍ തുടങ്ങിയവരില്‍ അടുത്തിടപഴകിയ 13 പേര്‍ക്കാണ് രോഗവ്യാപനം ആദ്യമുണ്ടായത്. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സഹകരണമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ തുടങ്ങിയവര്‍ അടിയന്തര യോഗം ചേരുകയും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയുള്ള ബോധവല്‍ക്കരണത്തിനു പുറമെ സാമൂഹ്യ സേവന തല്‍പ്പരരായ 2000 വളന്‍റിയര്‍മാരുടെ സഹായത്തോടെ പള്ളി വികാരിയുടെ നേതൃത്വത്തില്‍ ബിറ്റ് നോട്ടീസ് വിതരണം, പോസ്റ്ററുകള്‍ പതിക്കലും ആരംഭിച്ചു. പൂന്തുറ ബസ് സ്റ്റോപ്പ്, ചെറിയാമുട്ടം ജങ്ഷന്‍, ഫിഡല്‍ സെന്‍റര്‍ എന്നിവിടങ്ങളില്‍ ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിച്ചു.
രോഗവ്യാപനം തടയുന്നതിന് ഏറ്റവും പ്രധാനപ്പെട്ട വഴി എത്രയും പെട്ടെന്ന് തന്നെ സമൂഹത്തിലുള്ള രോഗികളെ ടെസ്റ്റ് ചെയ്ത് കണ്ടുപിടിക്കുക എന്നതാണ്. ലോകാരോഗ്യ സംഘടയുടെ പഠനത്തില്‍ ഏറ്റവും മെച്ചപ്പെട്ട ആന്‍റിജന്‍ ടെസ്റ്റ് തന്നെയാണ് ഈ മേഖലയില്‍ നടത്തുന്നത്. ഇതുവരെ തിരുവനന്തപുരത്തെ പ്രശ്നബാധിതമായ മൂന്നു വാര്‍ഡികളില്‍ നിന്നു മാത്രം 1192 ആന്‍റിജന്‍ ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. അതില്‍ 243 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
പാലിയേറ്റീവ് രോഗികളെ ഈ രോഗവ്യാപനത്തില്‍ നിന്നും രക്ഷിക്കുവാന്‍ 'പരിരക്ഷ' എന്ന പേരില്‍ റിവേഴ്സ് ക്വാറന്‍റൈന്‍ ആക്ഷന്‍ പ്ലാനും നടപ്പാക്കുന്നുണ്ട്. കണ്ടൈന്‍മെന്‍റ് സോണില്‍ ആകെയുള്ള 31,985 ജനങ്ങളില്‍ 184 പാലീയേറ്റീവ് രോഗികളാണുള്ളത്. ഇവരെ നിരീക്ഷിക്കുവാന്‍ ട്രെയിനിങ് ലഭിച്ച പാലിയേറ്റീവ് സ്റ്റാഫുകളെ ചുമതലപ്പെടുത്തി.