അന്താരാഷ്ട്ര യാത്രാ നിരോധനങ്ങൾ രാജ്യങ്ങളിൽ സാമ്പത്തികവും സാമൂഹികവുമായ സമ്മർദ്ദം മാത്രമേ സൃഷ്ടിക്കൂവെന്നും കേസുകളുടെ എണ്ണം കുറയ്ക്കുന്നതിൽ ഒരു വ്യത്യാസവും വരുത്തുന്നില്ലെന്നും ലോകാരോഗ്യ സംഘടന ബുധനാഴ്ച വീണ്ടും വ്യക്തമാക്കി. ഒമിക്രോൺ വേരിയന്റിന്റെ വ്യാപനം നിയന്ത്രിക്കുന്നതിൽ യാത്രാ നിയന്ത്രണങ്ങൾ പോലുള്ള നടപടികൾ ഫലപ്രദമല്ലെന്ന് തെളിയിക്കപ്പെട്ടതായി സംഘടന ഒരു യോഗത്തിൽ പറഞ്ഞു.
പല രാജ്യങ്ങളിലും വാക്‌സിനുകളുടെ ലഭ്യതയില്ലായ്മ നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് തന്നെ വിദേശത്ത് നിന്ന് വരുന്നവരിൽ നിന്ന് കോവിഡ് (COVID -19) വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടരുതെന്നും ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് അഭ്യർത്ഥിച്ചു. കൂടാതെ, മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന ആളുകൾക്ക് സാമ്പത്തിക ബാധ്യത വരുത്താത്ത വിധത്തിൽ കോവിഡ് ടെസ്റ്റുകളും ക്വാറന്റൈനും സംബന്ധിച്ച് മാർഗനിർദേശങ്ങൾ ഉണ്ടായിരിക്കണമെന്നും രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
advertisement
2021 നവംബറിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ നിരവധി രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നത് പരിമിതപ്പെടുത്തിക്കൊണ്ട് യാത്രാ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ നിരോധനം ഉണ്ടായിരുന്നിട്ടും ആഗോളതലത്തിൽ കോവിഡ് കേസുകൾ വർദ്ധിച്ചു. ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, തെക്കുകിഴക്കൻ ഏഷ്യയിലാണ് കഴിഞ്ഞ ആഴ്‌ചയിൽ ഏറ്റവും ഉയർന്ന നിലയിൽ കോവിഡ് കേസുകൾ വർദ്ധിച്ചത്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 145% ആയി ഉയർന്നു. ഓരോ ആഴ്ചയും കേസുകളിൽ 68% വർദ്ധനവ് കാണിക്കുന്ന പശ്ചിമേഷ്യയാണ് രണ്ടാം സ്ഥാനത്തുള്ളത്. അമേരിക്കൻ, യൂറോപ്യൻ രാജ്യങ്ങളിൽ വൈറസിന്റെ വ്യാപനം കുറഞ്ഞു. അമേരിക്കയിൽ 17% വർദ്ധനവ് നിരക്കാണുള്ളത്. യൂറോപ്പിൽ 10% വർദ്ധനവ് മാത്രമേ ഉള്ളൂ.
Also Read- Covid 19 | 12-14 വയസ് പ്രായമുള്ള കുട്ടികളുടെ വാക്സിനേഷൻ ആരംഭിക്കാൻ വൈകുന്നത് എന്തുകൊണ്ട്?
ലോകാരോഗ്യ സംഘടനയ്ക്ക് കീഴിലുള്ള ആറ് മേഖലകളിലും ഈ ആഴ്ച 18 മില്യണിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മുൻ ആഴ്ചയെ അപേക്ഷിച്ച് 20% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരി 16 വരെ, 323 മില്യണിലധികം കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ലോകമെമ്പാടും 5.5 മില്യണിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Omicron | 'ഒമിക്രോൺ നിസാരക്കാരനല്ല': സമൂഹമാധ്യമങ്ങളിൽ ബോധവൽക്കരണവുമായി ലോകമെമ്പാടുമുള്ള ഡോക്റ്റർമാർ
ഒമിക്രോൺ വകഭേദം മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതൽ പകർച്ചാശേഷി ഉള്ളതാണെങ്കിലും അണുബാധയുടെ തീവ്രത കുറവാണെന്ന് തുടക്കത്തിൽ ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇത് വൈറസിനെതിരെയുള്ള മുൻകരുതലുകൾ കുറയാനും സുരക്ഷാ പ്രോട്ടോക്കോളുകൾ ശരിയായി പാലിക്കാതിരിക്കാനും പലർക്കും ധൈര്യം നൽകിയിട്ടുണ്ട്. എന്നാൽ കൂടുതൽ ആളുകൾ പോസിറ്റീവ് ആകുന്നതിനാലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാലും ഈ വേരിയന്റിനെ നിരുപദ്രവകരവും തീവ്രത കുറഞ്ഞതുമായി കണക്കാക്കരുതെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
