കോവിഡിനെതിരെയുള്ള (Covid 19) വാക്‌സിൻ (Vaccine) വിതരണം ചെയ്യാൻ തുടങ്ങിയിട്ട് ഏകദേശം ഒരു വർഷം തികഞ്ഞു. വിവിധ ഘട്ടങ്ങളിലായി ആദ്യം പ്രായാധിക്യമുള്ളവർക്കും പിന്നീട് മുതിർന്ന മറ്റു വ്യക്തികൾക്കും അതിനുശേഷം യുവാക്കൾക്കും യഥാക്രമം വാക്‌സിൻ നൽകി. 15 വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ ഇന്ത്യയിൽ ജനുവരി മൂന്നിനാണ് ആരംഭിച്ചത്. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (Drugs Controller General of India - DCGI) കഴിഞ്ഞ വർഷം ഡിസംബർ 25 നാണ് ഈ വിഭാഗക്കാർക്ക് വാക്സിൻ നൽകാൻ അടിയന്തിര അനുമതി നൽകിയത്.
എന്നാൽ 15 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിൻ നല്കാൻ ഇതുവരെ അനുമതി നൽകിയിട്ടില്ല. 12 മുതൽ 14 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ സുരക്ഷിതമാണെന്ന് ഡിസിജിഐ ഉറപ്പാക്കുന്നതുവരെ അവർക്ക് വാക്സിനേഷൻ നല്കാൻ കഴിയില്ല. 14 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ വാക്സിനേഷനും സുരക്ഷയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഡിസിജിഐ തിരയുകയാണ്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വാക്‌സിൻ കുട്ടികൾക്ക് സുരക്ഷിതമാണെന്ന് ഡിസിജിഐ ഉറപ്പ് വരുത്തിയാൽ മാത്രമേ അവർക്ക് വാക്‌സിൻ വിതരണം സാധ്യമാകൂ.
ഡിസിജിഐയുടെ വാക്സിൻ വിദഗ്ദ്ധ സമിതിയായ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ 2021 ഒക്ടോബർ 12 ന് തന്നെ കുട്ടികളിൽ വാക്സിനേഷൻ ആരംഭിക്കാനുള്ള നിർദ്ദേശം അധികൃതർക്ക് നൽകിയിരുന്നു. എന്നാൽ, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള കൃത്യമായ വിവരങ്ങൾ ഇതിന് ആവശ്യമാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറയുന്നു. ഈ വിഷയത്തിൽ പൂർണ്ണബോധ്യം വരുന്നതുവരെ ഡിസിജിഐ കുട്ടികളിലെ വാക്സിനേഷൻ നടപടികളുമായി മുന്നോട്ട് പോകില്ല. വാക്‌സിൻ നല്കുന്നതിൽ ചെറുപ്പക്കാരുടെ സുരക്ഷയെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഡിസിജിഐയുടെ പക്കലുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു.
12 വയസ്സിന് താഴെയുള്ള കുട്ടികളുടെ അവയവങ്ങൾ ഇപ്പോഴും വളർച്ചാ ഘട്ടത്തിലാണ്. വാക്‌സിൻ ഈ അവയവങ്ങളിൽ എന്ത് സ്വാധീനമാണ് ഉണ്ടാക്കുക എന്നത് സംബന്ധിച്ച് ഗൗരവകരമായ അന്വേഷണം ആവശ്യമാണ്. മുതിർന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ, വാക്‌സിൻ കുട്ടികളിൽ ദീർഘകാലത്തേക്ക് ഉണ്ടാകുന്ന സ്വാധീനം കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. ഈ വിഷയങ്ങൾ പരിഗണനയിലിരിക്കുന്നത് കൊണ്ടാണ് കുട്ടികളിലെ വാക്‌സിനേഷൻ സംബന്ധിച്ച വിവരങ്ങളിൽ ഡിസിജിഐയ്ക്ക് ഉറപ്പ് നല്കാൻ കഴിയാത്തത്.
വാക്സിൻ കുട്ടികളെ എങ്ങനെ ബാധിക്കും എന്നത് നിർണ്ണയിക്കാൻ കുറഞ്ഞത് രണ്ടോ മൂന്നോ മാസം സമയം കൂടി ആവശ്യമാണ്. കുട്ടികളിലും ഗർഭിണികളിലും വാക്സിന്റെ ഫലപ്രാപ്തിയും സുരക്ഷയും ഡിസിജിഐ വളരെ ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. രണ്ട് ഡോസ് വാക്‌സിൻ എടുത്ത ആളുകളിലും കോവിഡ് ബാധ ഉണ്ടാകുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. രാജ്യത്ത് ഇപ്പോൾ ബൂസ്റ്റർ ഡോസും നൽകാൻ തുടങ്ങിയിട്ടുണ്ട്.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.