ശനിയാഴ്ച രാവിലെ 9 മുതൽ 11 വരെ 25 പേർക്ക് വാക്സീൻ നൽകാനാകുമോ എന്നായിരുന്നു റിഹേഴ്സലിൽ ലക്ഷ്യമിട്ടിരുന്നത്. സംസ്ഥാനത്തെ പ്രധാന കേന്ദ്രം പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയായിരുന്നു. ഇവിടെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു സാങ്കൽപികമായി വാക്സീൻ നൽകിയത്.
Also Read കോവിഡ് വാക്സിനുകളുടെ അടിയന്തിര ഉപയോഗം; നിർണായക പ്രഖ്യാപനം ഇന്നുണ്ടായേക്കും
കോവിൻ സോഫ്റ്റ്‌വെയറിൽ നിന്നു വെള്ളിയാഴ്ച തന്നെ ഡ്രൈ റണ്ണിൽ വാക്സീൻ സ്വീകരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ ഫോണിൽ സമയവും ആശുപത്രിയും സംബന്ധിച്ച സന്ദേശം ലഭ്യാമാക്കിയിരുന്നു. ഒന്നാം വാക്സിനേഷൻ ഓഫിസർ സാനിറ്റൈസർ നൽകിയതിനൊപ്പം തുടർനടപടികൾ വിശദീകരിച്ചു.
advertisement
രണ്ടാം വാക്സിനേഷൻ ഓഫിസർ ആരോഗ്യപ്രവർത്തകരുടെ മൊബൈലിൽ വന്ന സന്ദേശവും കോവിനിലെ വിവരങ്ങളും ഒത്തുനോക്കി. തുടർന്നാണു വാക്സിനേഷൻ മുറിയിലേക്കു കടത്തിവിട്ടത്. ഒരാൾ കുത്തിവയ്പ് എടുത്തു മുറി വിട്ടശേഷമേ അടുത്തയാളെ കടത്തിവിട്ടുള്ളൂ. കുത്തിവയ്പ് എടുത്തവരെ 30 മിനിറ്റ് നിരീക്ഷണമുറിയിൽ ഇരുത്തി.
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, കിംസ് ആശുപത്രി, ഇടുക്കിയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രം, വയനാട് കുറുക്കൻമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റൺ സംഘടിപ്പിച്ചത്.
രാവിലെ 9 മുതൽ വൈകിട്ട് 5 വരെ 100 പേർക്ക് വാക്സീൻ നൽകണമെന്നാണ് കേന്ദ്ര നിർദേശം. അതിനാലാണ് ഡ്രൈ റണ്ണിൽ 2 മണിക്കൂറിനുള്ളിൽ 25 പേരെ പങ്കെടുപ്പിച്ചത്. ഒരു മണിക്കൂറിനുള്ളിൽ 25 പേർക്കും കുത്തിവയ്പു നടത്തി. വാക്സീൻ എടുക്കാൻ സംസ്ഥാനത്ത് ഇതുവരെ 3.13 ലക്ഷം ആരോഗ്യപ്രവർത്തകരാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.