5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ ആശുപത്രിവാസത്തെ ചെറുക്കാൻ വാക്സിൻ ഫലപ്രദമായെങ്കിലും 12 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കൗമാരക്കാർക്കിടയിൽ ആശുപത്രി വാസത്തെ തടയാൻ വാക്സിൻ മതിയായ സംരംക്ഷണം നൽകിയില്ലെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. എന്നാൽ വാക്സിന്റെ രണ്ട് ഡോസുകൾ എടുത്ത ഈ പ്രായക്കാരിൽ ജീവൻ അപകടപ്പെടുന്ന ഗുരുതരമായ അവസ്ഥയിൽ നിന്ന് സംരക്ഷണം ലഭിച്ചുവെന്നും പഠനം വ്യക്തമാക്കുന്നു.
എന്നാൽ ആശുപത്രിവാസത്തിനെതിരായ ഫലപ്രാപ്തി ഈ കുട്ടികളിൽ വെറും 20% ആയി കുറഞ്ഞു. ദി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലാണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
advertisement
എല്ലാ പ്രായ വിഭാഗങ്ങളിലും, വാക്സിനുകൾക്ക് ഒമിക്രോൺ വേരിയന്റിനെ ചെറുക്കാനുള്ള ശക്തി നഷ്ടപ്പെട്ടെങ്കിലും ഗുരുതരമായ രോഗവും മരണവും തടയുന്നതായി വ്യക്തമാക്കുന്ന നിരവധി പഠനങ്ങൾ പുറത്തു വന്നിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നെങ്കിലും വാക്സിനുകൾ ഇപ്പോഴും രോഗത്തിന്റെ ഏറ്റവും മോശമായ അവസ്ഥയിൽ നിന്ന് കുട്ടികൾക്ക് സംരക്ഷണം നൽകുന്നുണ്ട് എന്നത് ആശ്വാസകരമാണ്. പഠനത്തിന് നേതൃത്വം നൽകിയ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ ഗവേഷകനായ ഡോ. മനീഷ് പട്ടേൽ പറഞ്ഞു.
പഠനത്തിൽ ഗുരുതരമായി രോഗം ബാധിച്ച കൗമാരക്കാരിൽ 93 ശതമാനവും വാക്സിനേഷൻ എടുക്കാത്തവരായിരുന്നു, പട്ടേൽ അഭിപ്രായപ്പെട്ടു. “വാക്‌സിനേഷൻ എന്ന ലളിതമായ പ്രവർത്തനത്തിലൂടെ, മിക്ക കുട്ടികളിലെയും ഗുരുതരമായ രോഗാവസ്ഥ തടയാനാകും എന്നതാണ് ഇതുവഴി മനസ്സിലാക്കേണ്ടതെന്നും” അദ്ദേഹം പറഞ്ഞു.
മാർച്ച് 23 വരെ, യുണൈറ്റഡ് സ്റ്റേറ്റ്സിൽ 5 മുതൽ 11 വയസ് വരെ പ്രായമുള്ള 4 കുട്ടികളിൽ ഒരാൾക്ക് വീതവും 12 മുതൽ 17 വയസ്സുവരെ പ്രായമുള്ള കൗമാരക്കാരിൽ പകുതിയിലധികം പേർക്കും മാത്രമാണ് പൂർണ്ണമായി വാക്സിനേഷൻ ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ ശതമാനത്തിൽ മാറ്റമുണ്ടായിട്ടില്ല.
ഇപ്പോഴും വാക്സിനേഷനെക്കുറിച്ച് തീരുമാനമെടുക്കാത്ത ചില രക്ഷിതാക്കൾ, കൊറോണ വൈറസ് പിൻവാങ്ങുന്നതായി കരുതുന്നതിനാൽ തീരുമാനമെടുക്കാൻ വീണ്ടും സംശയിക്കുന്ന സ്ഥിതിയാണുള്ളത്. കോവിഡ് കേസുകളും മരണങ്ങളും ഇപ്പോൾ ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. എന്നാൽ ഒമിക്രോണിന്റെ BA.2 സബ് വേരിയന്റ് മറ്റൊരു തരംഗത്തിന് കാരണമാകുമോ എന്ന കാര്യം വ്യക്തമല്ല.
ചില രക്ഷിതാക്കൾ, കുട്ടികൾക്ക് കോവിഡ് മൂലം അപകടസാധ്യതയില്ലെന്ന് വിശ്വസിച്ച്, തുടക്കം മുതൽ കുട്ടികൾക്ക് വാക്സിനേഷൻ നൽകാൻ വിമുഖത കാണിച്ചിരുന്നു. മുതിർന്നവരേക്കാൾ ഗുരുതരമായ അസുഖം വരാനുള്ള സാധ്യത കുട്ടികൾക്ക് വളരെ കുറവാണെങ്കിലും, ഒമിക്രോൺ തരംഗത്തിൽ കുട്ടികളിൽ പലരെയും ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടി വന്നു.
പുതിയ പഠനത്തിൽ, ഗവേഷകർ മെഡിക്കൽ റെക്കോർഡുകൾ വിശകലനം ചെയ്യുകയും കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച 5 വയസും അതിൽ കൂടുതലുമുള്ള കുട്ടികളുടെ മാതാപിതാക്കളുമായി സംവദിക്കുകയും ചെയ്തിരുന്നു.
