ആലുവ ജില്ലാ ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്ക് 100 ഐ.സി.യു. കിടക്കകള്‍ അടുത്തയാഴ്ച പൂര്‍ണസജ്ജമാക്കും. ഫോര്‍ട്ട് കൊച്ചി താലൂക്കാശുപത്രി, കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണമായും കോവിഡ് ആശുപത്രികളാക്കാന്‍ യോഗത്തില്‍ തീരുമാനമായി. ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഒരാഴ്ച കൊണ്ട് കോവിഡ് ചികിത്സയ്ക്കായി സജ്ജമാക്കും. സര്‍ക്കാര്‍ മേഖലയില്‍ 1000 ഓക്‌സിജന്‍ കിടക്കകള്‍ സജ്ജമാക്കികൊണ്ട് ഓക്‌സിജന്റെ ലഭ്യത ഉറപ്പു വരുത്തും.
Also Read- Covid 19| റെക്കോർഡിട്ട് കോവിഡ് കണക്കുകൾ; ഇന്ന് 18,257 പേര്‍ക്ക് കോവിഡ്
advertisement
ആശുപത്രികളില്‍ ആവശ്യമായ സ്റ്റാഫിനെ നിയമിക്കാനും നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികളിലെ 10 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കാന്‍ കളക്ടര്‍ മുഖേനേ നിര്‍ദേശം നല്‍കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 5 ദിവസം കൊണ്ട് ഡൊമിസെയില്‍ കെയര്‍ സെന്ററുകളും സിഎഫ്എല്‍ടിസികളും സജ്ജമാക്കും. ഇതിനായി ആരോഗ്യ വകുപ്പ് മന്ത്രിയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും തിങ്കളാഴ്ച ജില്ലാതല യോഗം ചേരും.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ഖര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍ ഡോ. ദിലീപ്, ഡി.എം.ഒ. ഡോ. കുട്ടപ്പന്‍, ഡി.പി.എം. ഡോ. മാത്യൂസ് നമ്പേലി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,898 സാമ്പിളുകള്‍ പരിശോധിച്ചു. ബാക്കിയുള്ള സാമ്പിളുകളുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,42,71,741 സാമ്പിളുകളാണ് പരിശോധിച്ചത്.