തിടുക്കപ്പെട്ട് വാക്സിനുകൾക്ക് അനുമതി നൽകിയതിനെതിരെ നിരവധി നേതാക്കൾ പ്രതികരണവുമായി എത്തിയിരുന്നു. വാക്സിൻ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തിയിരുന്നു. ഭാരത് ബയോടെക് തദ്ദേശീയമായി നിർമിച്ച കോവാക്സിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയതിനെതിരെയായിരുന്നു പ്രതിഷേധം. കൃത്യമായ പരിശോധനകൾ പൂർത്തീകരിക്കാതെയാണ് വാക്സിനുകൾക്ക് അനുമതി നൽകിയതെന്ന് ശശി തരൂർ, ജയ്റാം രമേശ് തുടങ്ങിയവർ ആരോപിച്ചിരുന്നു.
advertisement
ജനുവരി 8ന് രാജ്യത്തെ 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും രണ്ടാം ഡ്രൈ റൺ നടത്തുന്നതിനിടയിലാണ് ഈ പരാമർശം. രാജ്യത്തെ ജനങ്ങൾക്ക് ഉടൻ തന്നെ വാക്സിൻ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി ഹർഷ് വർധനും അറിയിച്ചു. "ചുരുങ്ങിയ സമയത്തിനുള്ളിൽ, വാക്സിനുകൾ വികസിപ്പിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ, ഈ വാക്സിനുകൾ ജനങ്ങൾക്ക് നൽകാൻ കഴിയണം. ഇത് നമ്മുടെ ആരോഗ്യപരിപാലന വിദഗ്ധർക്കും തുടർന്ന് മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ അടക്കമുള്ളവർക്കും നൽകും," -വാർത്താ സമ്മേളനത്തിൽ ആരോഗ്യമന്ത്രി പറഞ്ഞു