കോവിഷീല്ഡ്, കോവാക്സിന് എന്നിവ അടിയന്തര സാഹചര്യത്തില് ഉപയോഗിക്കാന് ഡ്രഗ് കണ്ട്രോളര് ജനറല് ഓഫ് ഇന്ത്യ (ഡിസിജിഐ) കഴിഞ്ഞ ദിവസം അംഗീകാരം നല്കിയിരുന്നു. വാക്സിന് സൂക്ഷിക്കാന് 29,000 ശീതികരണ സംവിധാനങ്ങളും സജ്ജമാക്കിയതായി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
നിര്മാതാക്കളില്നിന്ന് വാങ്ങുന്ന വാക്സിൻ ശേഖരം ഹരിയാനയിലെ കര്ണാല്, മുംബൈ, ചെന്നൈ, കോല്ക്കത്ത എന്നിവിടങ്ങളിലെ സംഭരണശാലകളില് വിമാന മാര്ഗം എത്തിക്കും. ഈ സംഭരണ ശാലകളിൽനിന്നാണ് സംസ്ഥാനങ്ങളിലെ കേന്ദ്രീകൃത വാക്സിൻ സെന്ററുകളിലേക്കു എത്തിക്കുക. അവിടെ നിന്ന് ജില്ലാ വാക്സിന് സ്റ്റോറുകളിലേക്ക് എത്തിക്കും. ഈ സ്റ്റോറുകളില്നിന്നാണ് വാക്സിനേഷന് നടത്തുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില് എത്തുക- ആരോഗ്യ സെക്രട്ടറി പറഞ്ഞു.
ഒന്നാം ഘട്ടത്തിൽ കോവിഷീൽഡ് വാക്സിനുകളാണ് കൂടുതലും നൽകുന്നത്. അഞ്ചു കോടി ഡോസുകളാണ് ലഭ്യമാക്കുന്നത്. ഇതിനൊപ്പം കോവാക്സിന്റെ ഒരു കോടി ഡോസുകളും വിതരണത്തിന് സജ്ജമായിട്ടുണ്ട്. സിറം ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്ഡ് 70.42 ശതമാനം ഫലപ്രദമാണെന്നാണ് ഡിജിസിഎ അറിയിച്ചിരിക്കുന്നത്. രണ്ടു വാക്സിനുകളും 100 ശതമാനം സുരക്ഷിതമാണെന്നും ഡിസിജിഐ ഉറപ്പ് നല്കിയിട്ടുണ്ട്.