കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തിന്റെ സ്‌പൈക്ക് പ്രോട്ടീനില്‍ ഒരു മ്യൂട്ടേഷന്‍ ഉണ്ടായിട്ടുണ്ട് എന്നാണ് ഡല്‍ഹിയിലെ വര്‍ധ്മന്‍ മഹാവീര്‍ മെഡിക്കല്‍ കോളേജ് ആൻഡ് സഫ്ദർജംഗ് ആശുപത്രിയിലെ പള്‍മനറി ക്രിട്ടിക്കല്‍ കെയന്‍ മെഡിസിന്‍ വിഭാഗം തലവനായ ഡോ. നീരജ് കുമാര്‍ ഗുപ്ത പറയുന്നത്. ഈ കാരണം മൂലം ഒമിക്രോണ്‍ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണെങ്കിലും രോഗബാധ മൂലമുള്ള അപകടം കുറവാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.
"രോഗികളിൽ നേരിയ ലക്ഷണങ്ങളാണ് കാണപ്പെടുന്നത്. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ രോഗികളില്‍ മരണ നിരക്ക് കുറവാണ്. ഒമിക്രോൺ മറ്റ് വകഭേദങ്ങളുടെയത്ര ദോഷകരമല്ലെന്നാണ് ഇത് തെളിയിക്കുന്നത്", ഡോ. ഗുപ്ത പറഞ്ഞു.
advertisement
Also read- Omicron | പുതുവര്‍ഷത്തില്‍ ഒമിക്രോണിനെ അകറ്റി നിര്‍ത്താം; കരുതല്‍ പ്രധാനമെന്ന് മന്ത്രി വീണാ ജോര്‍ജ്
"ഒമിക്രോണ്‍ വകഭേദം ബാധിച്ച രോഗികള്‍ക്ക് ആശുപത്രികളില്‍ ഐസിയു സൗകര്യമോ ഓക്‌സിജന്‍ സിലിണ്ടറോ വേണ്ടി വന്നിട്ടില്ല. ഈ രോഗികള്‍ക്ക് ഓക്‌സിജന്റെ അളവ് കുറഞ്ഞത് മൂലമുള്ള പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. ശ്വാസകോശത്തെ വൈറസ് ബാധിക്കുമ്പോഴാണ് ഓക്‌സിജന്റെ അളവ് കുറയാറുള്ളത്. അതുകൊണ്ടുതന്നെ, ഒമിക്രോണ്‍ വകഭേദം ശ്വാസകോശത്തില്‍ പ്രവേശിക്കില്ലെന്നും ശ്വാസകോശത്തെ ബാധിക്കാനുള്ള കഴിവ് അതിനില്ലെന്നും നമുക്ക് പറയാം. കൊറോണ വൈറസിന്റെ അപകടം കുറഞ്ഞ വകഭേദമാണ് ഒമിക്രോണ്‍", അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാക്‌സിനേഷന്‍ ഒമിക്രോണിന്റെ കാര്യത്തിൽ ഫലപ്രദമാണെന്നാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നതെന്ന് ഡോ.ഗുപ്ത പറഞ്ഞു. ഈ വകഭേദം ശ്വാസകോശത്തെ ബാധിക്കാത്തതിന്റെ ഒരു കാരണം കോവിഡ് 19 വാക്‌സിനുകള്‍ തന്നെയാണ്. വാക്‌സിന്‍ സ്വീകരിച്ച ആളുകളെയും ഒമിക്രോണ്‍ ബാധിക്കുന്നുണ്ടെങ്കിലും രോഗം തീവ്രമാകുന്നില്ല. വാക്‌സിന്‍ രോഗബാധയുടെ തീവ്രത കുറയ്ക്കുന്നുണ്ടെന്നും ഡോ.ഗുപ്ത പറയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,154 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 961 ഒമിക്രോണ്‍ കേസുകളാണ് ഉള്ളത്. 263 ഒമിക്രോൺ കേസുകൾ ഡൽഹിയിലും 252 എണ്ണം മഹാരാഷ്ട്രയിലുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, കോവിഡ് 19ന് കാരണമാകുന്ന സാര്‍സ് കോവ്-2 വൈറസ് വൃക്കകളെ ബാധിക്കുകയും കോശങ്ങളില്‍ കേടുപാടുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നതായി ഗവേഷകരുടെ അന്താരാഷ്ട്ര സംഘം കണ്ടെത്തിയിരുന്നു. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വൃക്കയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും ഗവേഷകര്‍ തെളിയിച്ചു.