ഒമിക്രോൺ വൈറസ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നെത്തുന്നവർ വിമാനത്താവളത്തിൽ പരിശോധനയ്ക്ക് വിധേയരാകണം. പരിശോധനാഫലം ലഭിച്ച ശേഷം മാത്രമേ ഇവർ വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് പോകാൻ പാടുകയുള്ളൂ. ഈ പരിശോധനയിൽ നെഗറ്റീവ് എന്ന് തെളിഞ്ഞാൽ കൂടി വീട്ടിൽ ഏഴ് ദിവസത്തെ ക്വാറന്റീനിൽ കഴിയണം. എട്ടാം ദിവസം പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചാൽ മാത്രമേ മറ്റുള്ളവരുമായി സമ്പർക്കം നടത്താൻ പാടുള്ളൂ.
പരിശോധനയിൽ പോസിറ്റീവാകുന്നവരുടെ സാമ്പിൾ ജനിതക ശ്രേണീകരണത്തിന് വിധേയമാക്കും. ഇവരെ പ്രത്യേക നിരീക്ഷിക്കാനുള്ള സംവിധാനം സജ്ജീകരിക്കും. കപ്പൽ മാർഗം രാജ്യത്ത് എത്തുന്നവർക്കും ഇതേ നിബന്ധനകൾ ബാധകമാണ്. നിബന്ധനകൾ ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്നതായിരിക്കും.
advertisement
അതേസമയം ഒമിക്രോണ്‍ ഇതിനോടകം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്ക, ബ്രിട്ടൻ, ജർമനി, ഓസ്ട്രിയ, ഹോങ്കോങ്, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാർക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യം പല സംസ്ഥാനങ്ങളും ശക്തമാക്കി. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നതിന് ശേഷം സാഹചര്യങ്ങൾ വിലയിരുത്തിയതിന് ശേഷം മാത്രമേ 15ന് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ വീണ്ടും തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമാകൂ.
ഒമിക്രോണിന്‍റെ തീവവ്യാപന ശേഷി സംബന്ധിച്ച് വ്യക്തമായ തെളിവില്ലാത്ത സാഹചര്യത്തിൽ പരിഭ്രാന്തി വേണ്ടെന്നാണ് ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്നതെങ്കിലും സര്‍ക്കാര്‍ ജാഗ്രത കൂട്ടുകയാണ്. കോവിഡ് കേസുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ നിരീക്ഷണം കര്‍ശനമാക്കി നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം. ആര്‍ടിപിസിആര്‍ പരിശോധന കാര്യക്ഷമമാക്കുകയും കോവിഡ് സ്ഥിരീകരിക്കുന്ന സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് വിധേയമാക്കുകയും ചെയ്യണം. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ നിലനിര്‍ത്തണം തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങൾ. വാക്സീന്‍ എടുത്തവര്‍ക്ക് രോഗബാധ ഗുരുതരമാകില്ലെന്ന് ഐസിഎംആര്‍ വ്യക്തമാക്കുമ്പോള്‍ ഒരു ഡോസ് വാക്സീന്‍ പോലും സ്വീകരിക്കാത്ത പതിനാറ് കോടിയോളം പേര്‍ ഇനിയും രാജ്യത്തുണ്ട് എന്നത് ചെറുതല്ലാത്ത ആശങ്ക നൽകുന്നുണ്ട്.
