വാക്സിൻ പാഴായിപ്പോകുന്നത് എങ്ങനെ
കോവിഷീൽഡ് വാക്സിന്റെ ഒരോ ചെറിയ കുപ്പിയിലും 10 ഡോസുകളും കൊവാക്സിന്റെതിൽ 20 ഡോസുകളും ആണ് ഉള്ളത്. 0.5 മില്ലിയാണ് ഒരു ഡോസ് എന്ന് പറയുന്നത്. ഓരോ ആളുകളിലും പ്രയോഗിക്കുന്നത് 0.5 മില്ലിയുള്ള ഒരു ഡോസാണ്. കുപ്പി തുറന്ന് കഴിഞ്ഞാൽ 4 മണിക്കൂറിനുള്ളിൽ ഉപയോഗിച്ചിരിക്കണം. ഈ സമയത്തിനുള്ളിൽ മുഴുവൻ ഡോസുകളും ഉപയോഗിക്കാതിരുന്നാൽ വാക്സിൻ പാഴായിപ്പോവുകയും ഇത് നശിപ്പിക്കേണ്ടതായും വരും. വാക്സിൻ എടുക്കാൻ കൂടുതൽ ആളുകൾ മുന്നോട്ട് വരാത്തതാണ് പാഴായിപ്പോകുന്നതിന് ഇടയാക്കുന്നത് എന്നാണ് വിലയിരുത്തൽ
advertisement
വൈകീട്ട് 6 മണിക്ക് ശേഷം ഒരു കുപ്പി തുറക്കുകയാണെങ്കിൽ നാല് മണിക്കൂറിനുള്ളിൽ പലപ്പോഴും രണ്ട് പേര് ആയിരിക്കും വാക്സിൻ സ്വീകരിക്കാൻ എത്തുക. കൂടുതൽ ആളുകൾ വാക്സിനെടുക്കാൻ മുന്നോട്ട് വരാത്തതിനാൽ ഇത് പാഴായിപ്പോകുന്നു- ഡൽഹിയിൽ 24 മണക്കൂറും വാക്സിൻ കുത്തിവെപ്പ് നടത്തുന്ന ഒരേ ഒരു സർക്കാർ ആശുപത്രിയായ എൻഎൻജെപി യിലെ മെഡിക്കൽ ഡയറക്ടറായുള്ള സുരേഷ് കുമാർ പറയുന്നു. ഒരു ഡോസ് മാത്രം ഉൾപ്പെടുത്തിയുള്ള കുപ്പികൾ തയ്യാറാക്കുക എന്നത് സാമ്പത്തിക പ്രശ്നങ്ങളും വിവിധയിടങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും സൃഷ്ടിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
വാക്സിൻ പാഴായിപ്പോകുന്നത് എങ്ങനെ തടയാം
ലോകത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ വാക്സിനേഷൻ പ്രോഗാമാണ് ഇന്ത്യയിൽ നടക്കുന്നത്. എന്നാൽ കുത്തിവെപ്പ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമം ആക്കേണ്ടതുണ്ട്. വാക്സിനേഷൻ സെന്റെറുകൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ആളുകളുടെ ലിസ്റ്റും സെൻ്ററുകൾക്ക് നൽകാം. വരുന്ന ആളുകൾക്ക് ശേഷം ബാക്കിയാകുന്ന വാക്സിനുകൾക്കായി ഇവരെ ബന്ധപ്പെടാം. നിശ്ചിത സമയത്തിനുള്ളിൽ ഇവർക്ക് എത്താനായാൽ വാക്സിൻ പാഴാകുന്നത് തടയാനാകും. മുൻഗണനാ ക്രമത്തിന് പുറത്ത് നിന്നുള്ള ആളുകളെയും ഈ ലിസ്റ്റിൽ ഉൾപ്പെടുത്താം. ഒരു വാക്സിൻ വലിച്ചെറിയുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലതാണ് മറ്റൊരാൾക്ക് പ്രയോജനപ്പെടുത്തു എന്നത്.- പൊതുജന ആരോഗ്യ വിദഗ്ധനായ ദിലീപ് മവലങ്കർ പറയുന്നു.
രാജ്യത്ത് എല്ലായിടത്തും വാക്സിൻ എത്തിക്കുക എന്നതാണ് ഒരു രീതി. ഇതിന് പകരം കൂടുതൽ കോവിഡ് ആക്ടീവ് കേസുകൾ ഉള്ള ജില്ലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നന്നായിരിക്കും എന്നും അദ്ദേഹം പറയുന്നു.
വാക്സിനേഷൻ ലഭിക്കുന്നതിന് വേണ്ട യോഗ്യതാ മാനദണ്ഡങ്ങൾ പരിഷ്ക്കരിക്കുന്നതിലൂടെ വാക്സിൻ പാഴാകുന്നത് ഒഴിവാക്കാം എന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. പ്രായമായവർക്കും 45 വയസിന് മുകളിൽ ഉള്ളവർക്കുമാണ് നിലവിൽ വാക്സിൻ നൽകുന്നതിന് മുൻഗണന നൽകുന്നത്. അമൃത് പോലെ പ്രധാനമായ വാക്സിൻ ഡോസുകൾ പാഴായിപ്പോകുന്നത് തെറ്റായ കാര്യമാണെന്ന് നീതി അയോഗ് അംഗം ഡോ. വികെ പോളും പ്രതികരിച്ചു.
അതേസമയം വാക്സിൻ പരമാവധി പ്രയോജനപ്പെടുത്തി കൊണ്ട് പാഴായിപ്പോകുന്നത് വൻതോതിൽ കുറച്ച് കൊണ്ടുവരണം എന്ന നിർദേശം സംസ്ഥാനങ്ങൾക്ക് നൽകിയതായി ഹെൽത്ത് സെക്രട്ടറി രാജേഷ് ഭൂഷൻ അറിയിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളും ദേശീയ ശരാശരിയേക്കാൾ കൂടുതൽ വാക്സിൻ പാഴാക്കിയിട്ടുണ്ട്. തെലങ്കാനയിൽ 17.5% , ആന്ധ്രപ്രദേശ് 11.6% , ഉത്തർപ്രദേശ് 9.4% എന്നിങ്ങനെയാണ് വാക്സിൻ പാഴാക്കിയിട്ടുള്ളത്.
മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെ നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാക്സിൻ പാഴാകുന്നത് ഒഴിവാക്കാൻ നിർദേശം നൽകിയിരുന്നു.