ചേലേമ്പ്ര സ്വദേശി പെരിഞ്ചിക്കര അസീസ് (53), ഭാര്യ കമറുന്നീസ (50), മകൻ ജാസിറിന്റെ സുഹൃത്ത് സലാവുദ്ദീൻ എന്നിവരെ തേഞ്ഞിപ്പാലം പോലീസും ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ ജാസിറിനായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
അസീസിന്റെ വീട്ടിൽ ചൊവ്വാഴ്ച ഉച്ചയോടെ നടത്തിയ മിന്നൽ പരിശോധനയിലാണ് മാരക ലഹരിമരുന്നായ എംഡിഎംഎ കണ്ടെടുത്തത്. ലഹരിമരുന്നിന് പുറമെ വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 21 ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു.
advertisement
ലഹരിമരുന്ന് തൂക്കി നൽകാൻ ഉപയോഗിക്കുന്ന അഞ്ച് ഇലക്ട്രിക് ത്രാസുകൾ, വാക്കിടോക്കി, ഗ്യാസ് ബർണർ എന്നിവയും വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കുറച്ചു കാലമായി സർവകലാശാല പരിസരം കേന്ദ്രീകരിച്ച് ഈ കുടുംബം ലഹരി കച്ചവടം നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. കൊണ്ടോട്ടി എ.എസ്.പി കാർത്തിക് ബാലകുമാർ, നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി സിബി എൻ.ഒ, തേഞ്ഞിപ്പലം ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
