വെള്ളിയാഴ്ച രാവിലെ ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽ നിന്നും വന്ന മലപ്പുറം വാണിയമ്പലം സ്വദേശിയായ ഈരൂത്ത് സമീർ (35) ആണ് മലദ്വാരത്തിൽ ഒളിപ്പിച്ച സ്വർണവുമായി പിടിയിലായത്. 866 ഗ്രാം സ്വർണ്ണമിശ്രിതം മലദ്വാരത്തിനുള്ളിൽ മുന്ന് കാപ്സുൾ ആയി ഒളിപ്പിച്ചു കടത്താൻ ആയിരുന്നു ശ്രമം. കള്ളക്കടത്തുസംഘം സമീറിന് 50000 രൂപയും വിമാനടിക്കറ്റുമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തത്.
കസ്റ്റംസ് പ്രവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ സിനോയി കെ മാത്യുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, പ്രകാശ് എം, ഇൻസ്‌പെക്ടർമാരായ പ്രതീഷ് എം, കപിൽ ദേവ് സുരീര, ഹർഷിത് തിവാരി, ഹെഡ് ഹവൽദാർ സന്തോഷ് കുമാർ എന്നിവർ ചേർന്നാണ് ഈ സ്വർണ കള്ളക്കടത്ത് പിടികൂടിയത്.
advertisement
Also Read- Gold smuggling | മലദ്വാരത്തിൽ ഒളിപ്പിച്ചത് ഒരു കിലോയിലേറെ സ്വർണം; കരിപ്പൂരിൽ പോലീസിൻ്റെ സ്വർണവേട്ട
ഇന്നലെ കേരള പോലീസും കരിപ്പൂരിൽ സ്വർണ കടത്ത് പിടികൂടിയിരുന്നു. കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വർണമാണ് പൊലീസ് പിടികൂടിയത്. ബഹ്റൈനില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കോഴികോട് കുണ്ടുങ്ങല്‍ സ്വദേശി മുഹമ്മദ് ജനീസ് (41) ആണ് പിടിയിലായത്. ശരീരത്തിനകത്ത് 1.007 കിലോഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 4 കാപ്സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 52 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.
വ്യാഴാഴ്ച വൈകുന്നേരം 4.30 മണിക്ക് ബെഹ്റൈനില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് (IX 474) ജനീസ് കരിപ്പൂർ എയര്‍പോര്‍ട്ടിലിറങ്ങിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 4.50 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ ജനീസിനെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പൊലീസുണ്ടായിരുന്നു. കുറച്ച് സമയം എയര്‍പോര്‍ട്ട് പരിസരത്ത് തങ്ങിയ ജനീസ് തന്നെ കൊണ്ട് പോവാന്‍ വന്ന സുഹൂത്തുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴിയാണ് സീറോ പോയിന്‍റില്‍ വെച്ച് ജനീസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
Also Read- അഞ്ഞൂറോളം കേസുകളുമായി കേരളത്തെ വിറപ്പിച്ച കാമാക്ഷി എസ് ഐ എന്ന കാമാക്ഷി ബിജു പിടിയിൽ
മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ് ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജനീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ ജനീസ് വിസമ്മതിച്ചിരുന്നു. തുടർന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാല്‍ സ്വര്‍ണ്ണം കണ്ടെത്താനായില്ല. തൂടര്‍ന്ന് ജനീസിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധന നടത്തുകയായിരുന്നു. എക്സറേ പരിശോധനയില്‍ ജനീസിന്റെ വയറിനകത്ത് സ്വര്‍ണ മിശ്രിതമടങ്ങിയ 4 കാപ്സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നു.
സ്വര്‍ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ ആളുകള്‍ വരുമെന്നായിരുന്നു ജനീസിനെ ബഹ്റൈനില്‍ നിന്നും സ്വര്‍ണം കൊടുത്തുവിട്ടവര്‍ അറിയിച്ചിരുന്നത്. സ്വര്‍ണക്കടത്തിന് പിന്നിലുള്ളലരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും. അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട് കസ്റ്റംസിനും സമര്‍പ്പിക്കും.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് പിടികൂടുന്ന 70-ാമത്തെ സ്വർണക്കടത്ത് കേസാണിത്.