ഓഗസ്റ്റ് അഞ്ചിന് വൈകീട്ട് അഞ്ചു മണിയോടെയാണ് ആൻമേരി മരണപെട്ടത്. കൃത്യം നടത്തിയതിനുശേഷം ബാക്കി വന്ന ഐസ്ക്രീം വളർത്തു പട്ടിക്ക് നൽകാൻ അമ്മ ആവശ്യപ്പെട്ടെങ്കിലും ആൽബിൻ തയ്യാറായിരുന്നില്ല. ആരുമറിയാതെ ഐസ്ക്രീം നശിപ്പിച്ചുവെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഐസ്ക്രീം നൽകിയിരുന്നെങ്കിൽ പട്ടിയും കൊല്ലപ്പെടുമായിരുന്നു. എങ്കിൽ സംശയമുന തന്നിലേക്ക് നീളുമെന്ന് ആൽബിന് അറിയാമായിരുന്നു. സംശയം തോന്നാതിരിക്കാൻ ആൽബിൻ ശാരീരിക അസ്വസ്ഥ്യത നടിച്ചു. അടിക്കടി ആശുപത്രിയിൽ ചികിത്സതേടിയതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതൊക്കെ ക്രിമിനൽ ബുദ്ധിക്ക് തെളിവാണെന്നാണ് പൊലീസ് കരുതുന്നത്.
advertisement
രാത്രി എല്ലാവരും കഴിച്ച് ബാക്കി ഐസ്ക്രീം ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. പിറ്റേന്ന് ഉച്ചയ്ക്ക് ബാക്കിയായ ഐസ്ക്രീമിൽ എലിവിഷം ചേർത്ത് കുടുംബത്തെക്കൊണ്ട് കഴിപ്പിച്ചു. ആദ്യം ആരോഗ്യനില വഷളായ 16കാരിക്ക് വിദഗ്ധ ചികിത്സ കിട്ടിയില്ല. ആൻ മേരി ഓഗസ്റ്റ് അഞ്ചിന് മരിച്ചു. പിന്നാലെ അച്ഛൻ ബെന്നിയും ഗുരുതരാവസ്ഥയിലായി. കുടുംബം കൂട്ടത്തോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചു, അതിൽ മകൻ മാത്രം ബാക്കിയായി എന്നൊരു തിരക്കഥയായിരുന്നു ആൽബിൻ മനസിൽ തയാറാക്കിയത്.
ഐസ്ക്രീം അൽപം മാത്രം കഴിച്ചത് കൊണ്ട് അമ്മയ്ക്കും ആൽബിനും ആരോഗ്യ പ്രശ്നങ്ങളില്ലായിരുന്നു. മഞ്ഞപ്പിത്തം വന്നാണ് ആൻ മേരി മരിച്ചതെന്ന് ബന്ധുക്കൾ തുടക്കത്തിൽ വിശ്വസിച്ചത്. കുട്ടിയുടെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽ ചെന്നാണ് മരണം എന്ന് വ്യക്തമായി. ആദ്യം അമ്മയെയും മകനെയും ഒരുപോലെ സംശയിച്ച പൊലീസ് പിന്നീട് ഇത് ആൽബിൻ ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടത്തിയ ക്രൂര കൊലയാണെന്ന് കണ്ടെത്തി.
ലഹരിക്കടിമയായ ആൽബിൻ തന്‍റെ ഇഷ്ട്ടത്തിന് ജീവിക്കാൻ കുടുംബം തടസ്സമാണെന്ന് കണ്ടപ്പോൾ എല്ലാവരെയും വകവരുത്തി നാലരയേക്കർ ഭൂ സ്വത്തും തട്ടിയെടുത്ത് വിറ്റ് നാട് വിടാമെന്ന് കണക്കുകൂട്ടി. തന്റെ അടുത്ത സ്ത്രീ സുഹൃത്തിനോടോ മറ്റ് സുഹൃത്തുക്കളോടോ ഇക്കാര്യം ആൽബിൻ പങ്കുവച്ചിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിക്ക് സോഷ്യൽ മീഡിയ വഴി നിരവധി യുവതികളുമായി സൗഹൃദമുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്.