കോടതി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അന്വേഷണ സംഘത്തിന് മുൻപിൽ അഞ്ജലി ഹാജരായി. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുവാൻ ആവശ്യപ്പെട്ട് നേരത്തെ അന്വേഷണ സംഘം അജ്ഞലിയുടെ കോഴിക്കോട്ടെ വസതിയിൽ നോട്ടീസ് പതിച്ചിരുന്നു. കോടതിയിൽ എത്തിയ അഞ്ജലിക്ക് അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകുവാൻ ആവശ്യപ്പെട്ട് വീണ്ടും നേരിട്ട് നോട്ടീസ് നൽകുകയായിരുന്നു.
രാവിലെ 11 മണിയോടു കൂടിയാണ് അഞ്ജലി അഭിഭാഷകർക്കൊപ്പം പോക്സോ കോടതിയിൽ എത്തിയത്. ഈ സമയം കേസിലെ ഒന്നാം പ്രതിയായ റോയ് വയലാട്ടിന്റെ, രണ്ടാം പ്രതിയായ സൈജു തങ്കച്ചന്റേയും കസ്റ്റഡി കാലവധി പൂർത്തിയാതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കുവാൻ അന്വേഷണ സംഘം എത്തിയിരുന്നു. അപ്പോഴാണ് അന്വേഷണ സംഘവും അഞ്ജലി കോടതിയിൽ ഹാജരായെന്ന വിവരം അറിഞ്ഞത്. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം അഞ്ജലിക്ക് നേരിട്ട് കത്ത് നൽകിയത്.
advertisement
Also Read-സഹപാഠിയെ ശല്യംചെയ്തത് ചോദ്യംചെയ്ത കോളജ് വിദ്യാർഥിക്ക് കുത്തേറ്റു; രണ്ടുപേർ പിടിയിൽ
അതേസമയം കസ്റ്റഡി കാലവധി കഴിഞ്ഞതോടെ സൈജു തങ്കച്ചനെയും റോയി വയലാട്ടിനെയും കോടതി റിമാന്റ് ചെയ്തു. റോയ് വയലാട്ടിന് വീണ്ടും ദേഹസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിശ്രമത്തിന് ശേഷമാണ് റോയിയെ കോടതിയിൽ ഹാജരാക്കിയത്.
കോഴിക്കോട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് കൊച്ചി പോലീസ് റോയ് വയലാട്ട് അടക്കമുള്ളവർക്കെതിരെ പോക്സോ കേസെടുത്തത്. വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്. കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹാനപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്.
കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അമ്മയ്ക്കൊപ്പം ഹോട്ടലിലെത്തിയ പെൺകുട്ടിയെ കെണിയിൽപ്പെടുത്താൻ അഞ്ജലി റിമാ ദേവ് മറ്റ് രണ്ട് പ്രതികൾക്ക് ഒത്താശ ചെയ്തെന്നാണ് കേസ്. എന്നാൽ പരാതി ഉന്നയിച്ച പെൺകുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക തർക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രതികൾ കോടതിയിൽ പറഞ്ഞത്.